ഉല്ലാസ്‌നഗർ വെടിവെപ്പ് : മൂന്നുപേർ പിടിയിൽ

ഉല്ലാസ്‌നഗർ വെടിവെപ്പ് : മൂന്നുപേർ പിടിയിൽ

മുംബൈ ഉല്ലാസ് നഗർ ,കൈലാഷ് കോളനിയിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് സഹോദരന്മാർ മരിക്കുകയും അവരുടെ അമ്മാവന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ  ഹിൽ ലൈൻ പോലീസ്  അറസ്റ്റ് ചെയ്തു. പഴയ തർക്കത്തിന്റെ പേരിൽ ഇരകളെ ആക്രമിച്ച 8-12 പേരടങ്ങുന്ന സംഘത്തിൽ പ്രതികളായ ശേഖർ ബിരാജ്ദർ (25), അജയ് റാവു (23) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു കഴിഞ്ഞ ദിവസംഒരാളെക്കൂടി പിടികൂടി . പ്രധാന പ്രതികളായ സാഗർ പാട്ടീൽ, ലക്ഷ്മൺ പാട്ടീൽ എന്നിവർക്കായി പോലീസ്  തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കയാണ് .

വ്യാഴാഴ്ച വൈകുന്നേരം, ജാമ്യത്തിലിറങ്ങിയ  പ്രതികളായ സാഗർ പാട്ടീലും ലക്ഷ്മൺ പാട്ടീലും പഴയ തർക്കത്തെത്തുടർന്ന് ട്രാൻസ്‌പോർട് വ്യവസായം നടത്തുന്ന സഹോദരന്മാരായ അമൻ ചൗഹാൻ (22), അനിൽ ചൗഹാൻ (17), അവരുടെ അമ്മാവൻ അർജുൻ ചൗഹാൻ എന്നിവർക്കെതിരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു . മൂവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കുകളും രക്തസ്രാവവും മൂലം അമനും അനിലും മരിച്ചു.

 പ്രതികളായ  പാട്ടീൽ സഹോദരന്മാർ ഭീഷണിപ്പെടുത്തി പണംആവശ്യപ്പെടുന്നതായ വിവരം കൊല്ലപ്പെട്ട സഹോദരന്മാർ പ്രതികൾക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പോലീസ് വേണ്ട നടപടി എടുക്കാത്തതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന്  സംഭവത്തിന് ശേഷം, മരിച്ചയാളുടെ സഹോദരൻ വിക്കി ചൗഹാൻ ആരോപിച്ചു . "തുടക്കത്തിൽ തന്നെ പോലീസ് ഇക്കാര്യം ഗൗരവമായി എടുത്തിരുന്നെങ്കിൽ, എന്റെ സഹോദരന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു," വിക്കി ചൗഹാൻ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മരിച്ചവരുടെ  കൂട്ടാളിയും ട്രാൻസ്‌പോർട്ട് ബിസിനസ് നടത്തുന്നതുമായ ദീപക് കുമാറിൻ്റെ  പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഹിൽ ലൈൻ പോലീസ് സംഭവത്തെക്കുറിച്ച് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിരുന്നു.വ്യാഴാഴ്ച ആക്രമണം നടന്ന സമയത്ത് മരിച്ച സഹോദരന്മാർക്കും അവരുടെ അമ്മാവനുമൊപ്പമായിരുന്നു താനെന്നും അക്രമികൾ പ്രധാനമായും തന്നെ ലക്ഷ്യം വെച്ചായിരുന്നു  വന്നതെന്നും ദീപക് താക്കൂർ പരാതിയിൽ പറഞ്ഞു.

“ഒളിവിൽ പോയ പ്രതിയായ സാഗർ പാട്ടീലും സംഘാംഗങ്ങളുമായി എനിക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഏകദേശം മൂന്ന് മാസം മുമ്പ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) (സോൺ 4) ഓഫീസിൽ അവർക്കെതിരെ നടപടിയെടുക്കണമെന്നും എന്റെ ജീവന് ഭീഷണിയുണ്ടെന്നും ആവശ്യപ്പെട്ട് ഞാൻ ഒരു അപേക്ഷ സമർപ്പിച്ചു, പക്ഷേ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ അവർ രണ്ട് പേരെ കൊന്നു,” താക്കൂർ പറഞ്ഞു.

റോഡിൽ നിറയെ ആളുകളുള്ള സമയത്താണ് കൊല്ലപ്പെട്ട സഹോദരന്മാർക്ക് നേരെ പ്രതികൾ 15 റൗണ്ട് വെടിയുതിർത്തത് .വ്യാഴാഴ്ച രാത്രി 8.30 ന് കാറിലും ബൈക്കിലുമായി എത്തിയ പന്ത്രണ്ടോളം പേർ സ്ഥലത്ത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് വെടിവെപ്പ് നടത്തുകയായിരുന്നുവെന്നും  ദൃക്‌സാക്ഷികൾ പറയുന്നു.