മൂന്നുമണിക്കൂർ നീണ്ട യോഗത്തിലും മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഹൈക്കമാന്‍ഡ്. മൂന്ന് മണിക്കൂറിലേറെ യോഗം നീണ്ടെങ്കിലും മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വൈകാതെ തന്നെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി പറഞ്ഞു.
യുഡിഎഫിന്‍റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ നാല് ദിവസം പിന്നിടുകയാണ്. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് നിരീക്ഷകർ നൽകിയ റിപ്പോർട്ടിന് പിന്നാലെ, കേരളത്തിലെ പ്രമുഖ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിട്ട് ചർച്ച നടത്തിയിരുന്നു.കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്ത മൂന്ന് മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയിൽ പക്ഷേ അന്തിമ തീരുമാനം ഉണ്ടായില്ല. തീരുമാനം എടുക്കാന്‍ എത്ര സമയം വേണ്ടി വരും എന്ന ചോദ്യത്തിനോട് 23വരെ സമയം ഉണ്ടെന്നായിരുന്നു ദീപാദാസ് മുന്‍ഷിയുടെ മറുപടി.
നിലവിലെ ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.അതേസമയം, മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സംയുക്തമായി രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവ പരിഗണനയിലുള്ള ഈ മൂന്ന് നേതാക്കളും ഒന്നിച്ച് നിന്ന് ഐക്യത്തിന്‍റെ സന്ദേശം നൽകിയത് ശ്രദ്ധേയമായി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി.പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് ഇത്തരം പ്രകടനങ്ങൾ കാരണമാകുമെന്നും അതിനാൽ ഇനി ഒരിടത്തും ഇത്തരം പ്രതിഷേധങ്ങൾ പാടില്ലെന്നും നേതാക്കൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യക്തികൾക്കായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും തെരുവിൽ ആർക്കും അനുകൂലമായി പ്രകടനം നടത്തരുതെന്നും നേതാക്കൾ കർശന നിർദ്ദേശം നൽകി. പ്രിയപ്പെട്ട നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെങ്കിലും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുതെന്ന് അവർ ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് മുൻപിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കാൻ നിലവിലെ സംഭവങ്ങൾ കാരണമായിട്ടുണ്ട്.പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കൾ, തെരുവിലെ പോരുകൾ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. ഇതിനോടകം സ്ഥാപിച്ച എല്ലാ ഫ്ലക്സുകളും ഉടൻ തന്നെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നേതാക്കൾ നിർദ്ദേശിച്ചു.