എം.കെ.സ്റ്റാലിനെയും വൈക്കോയെയും സന്ദർശിച്ച് വിജയ്; സ്വാഗതം ചെയ്‌ത് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് സത്യപ്രതിജ്ഞക്ക് ശേഷം മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ന് ചെന്നൈ ആൽവാർപേട്ടിലെ വസതിയിൽ വച്ചായിരുന്നു വിജയ്‌യുടെയും സ്റ്റാലിൻ്റെയും കൂടിക്കാഴ്‌ച. തമിഴ്‌നാട് പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിനും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനും മുഖ്യമന്ത്രിയായതിനുശേഷവും സ്റ്റാലിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്.സമീപകാല രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ നടത്തിയ കൂടിക്കാഴ്‌ച സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു. പരസ്‌പരം ആലിംഗനം ചെയ്‌ത ശേഷം ഇരുവും ഷാളുകളും പൂച്ചെണ്ടുകളും കൈമാറി. ഡിഎംകെ 75 എന്ന പുസ്‌തകവും ഉദയനിധി വിജയ്ക്ക് സമ്മാനിച്ചു. നേതാക്കളുടെ സന്ദർശനത്തെ "ഔപചാരിക ക്ഷണം" എന്ന് സർക്കാർ വൃത്തങ്ങൾ വിശേഷിപ്പിച്ചു.
സത്യപ്രതിജ്ഞ ചെയ്‌ത് മുഖ്യമന്ത്രിയായതിന് പിന്നാലെ ഖജനാവ് കാലിയാണെന്ന പരാമർശം വിജയ് ഉന്നയിച്ചിരുന്നു .എന്നാൽ പരാമർശം വന്ന് മിനിട്ടുകള്‍ക്കകം എംകെ സ്റ്റാലിൻ മറുപടിയും നൽകി. തമിഴ്‌നാടിൻ്റെ കടം പരിധിക്കുള്ളിലാണെന്നും അനാവശ്യ വാഗ്‌ദാനങ്ങള്‍ നൽകി ജനങ്ങളെ വഞ്ചിക്കരുതെന്നാണ് സ്റ്റാലിൻ്റെ മറുപടി. ഒപ്പം മുൻ സർക്കാർ നേരിട്ട വെല്ലുവിളികളും അതിജീവനവും എണ്ണിപ്പറഞ്ഞാണ് സ്റ്റാലിൻ്റെ മറുപടി പറഞ്ഞത്.
''തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അധികാരമേറ്റ ശേഷം നിങ്ങൾ ഒപ്പിട്ട പ്രഖ്യാപനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങൾ അത് ഏറ്റെടുത്ത ഉടൻ തന്നെ സർക്കാരിന് പണമില്ലെന്ന് പറയാൻ തുടങ്ങരുത്. അത്രയേ ഉള്ളൂ. ജനങ്ങൾക്ക് നൽകാൻ നിങ്ങൾക്ക് ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവും മാത്രമേ ആവശ്യമുള്ളൂ," അദ്ദേഹം പറഞ്ഞു.
വൈക്കോയെ കണ്ട് മടക്കം
എം കെ സ്റ്റാലിനെ കണ്ടതിനു ശേഷം വിജയ്, എം ഡി എം കെ സ്ഥാപകൻ വൈക്കോയെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് സന്ദർശിച്ചു. വൈക്കോയുടെ മകൻ ദുരൈ വൈക്കോ സന്ദർശന വേളയിൽ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്‌തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രാഷ്ട്രീയവൃത്തത്തിനുള്ളിൽ സൗഹാർദ്ദപരമായ ബന്ധം നിലനിർത്താനുള്ള വിജയിയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകളെ വിലയിരുത്തുന്നത്.

