118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ : വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

 118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ :  വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ:  നാളെ  സത്യപ്രതിഞ്ജ  പ്രഖ്യാപിച്ചിരിക്കെ ,തമിഴകത്ത് ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങിന്  വീണ്ടും  അനിശ്ചിതത്വം. വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു. വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെയുടെ പിന്തുണ ലഭിച്ചെന്നായിരുന്നു നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിസികെയുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വിസികെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ടിവികെയോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 

നേരത്തെ ടിവികെയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാടില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. പിന്തുണയ്ക്കുന്നത് ടിവികെയെ ല്ല,ഗവർണറുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ ആണ് പിന്തുണയ്ക്കുന്നത് എന്ന് ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദർ മൊയ്തീൻ വ്യക്തമാക്കി.ഭരിക്കുന്ന സർക്കാരിനെ ഉപാധികൾ ഇല്ലാതെ നിയമസഭയിൽ പിന്തുണയ്ക്കുമെന്നും  അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം, സിപിഐ ഓഫീസുകള്‍ വിജയ് സന്ദർശിച്ചിരുന്നു. പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാനാണ് വിജയ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചതിന് ശേഷമാണ് വിജയ് ഇടതുനേതാക്കളെ കണ്ടത്. 'ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. അതിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 6 എംഎല്‍എമാര്‍ കൂടി ആവശ്യമാണ്. ഞങ്ങള്‍ സിപിഐഎമ്മും സിപിഐയും വിസികെയും ചേര്‍ന്ന് 6 എംഎല്‍എമാരുണ്ട്. ഞങ്ങള്‍ പിന്തുണ അറിയിച്ചു കഴിഞ്ഞു. അത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണ്. ജനങ്ങള്‍ക്കൊപ്പമാണ്'- സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു.

https://www.worldm.news/national/vijay-to-take-oath-as-tamil--25597