'വികസിത് തെലങ്കാന':9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

ഹൈദരാബാദ്: 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി, കണക്റ്റിവിറ്റി ശക്തിപ്പെടുത്തൽ, ലോജിസ്റ്റിക്‌സ് കാര്യക്ഷമത മെച്ചപ്പെടുത്തുക, മികച്ച സുരക്ഷ, മികച്ച യാത്രാ സൗകര്യം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നിരവധി നൂതന പദ്ധതികൾക്ക് തുടക്കം കുറിച്ചു. തെലങ്കാനയുടെയും രാജ്യത്തിൻ്റെയും ദ്രുതഗതിയിലുള്ള വികസനത്തിന് ഇത് ഒരു പ്രധാന ശക്തികേന്ദ്രമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജനങ്ങളെ അഭിസംബേധന ചെയ്‌ത് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
"ഇന്ന് തെലങ്കാനയെ രാജ്യത്തിൻ്റെ ഒരു പ്രധാന നിർമ്മാണ ശക്തികേന്ദ്രമാക്കുന്നതിന് നിരവധി പ്രധാന പദ്ധതികൾ ആരംഭിക്കുന്നു. ഇന്ന് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്‌തതുമായ ഒന്നിലധികം പദ്ധതികളിലൂടെ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. തെലങ്കാനയുടെ കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒരേസമയം പരിഷ്‌കാരങ്ങളും അടിസ്ഥാന സൗകര്യ വികസനവും പിന്തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
റോഡുകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെ എല്ലാത്തരം കണക്റ്റിവിറ്റികളിലും വൻ നിക്ഷേപം നടന്നിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടയിൽ, തെലങ്കാനയിലെ ദേശീയപാത ശൃംഖല ഇരട്ടിയായെന്ന് ഇന്ത്യയുടെ വ്യാവസായിക പാരമ്പര്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. "മുമ്പ് ഇന്ത്യ ലോകത്തിലെ ഒരു വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ആ സമയത്ത് നമ്മുടെ തുണി വ്യവസായം ഒരു വലിയ പങ്ക് വഹിച്ചു. ഇപ്പോൾ നമ്മൾ ആ പൈതൃകത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. വാറങ്കലിലെ പിഎം മിത്ര പാർക്ക് രാജ്യത്തെ തുണി വിപ്ലവത്തെ ത്വരിതപ്പെടുത്തും," പ്രധാനമന്ത്രി പറഞ്ഞു.
പ്രധാന പദ്ധതികൾ
ഹൈദരാബാദ്- പനാജി സാമ്പത്തിക ഇടനാഴിയിലെ ഗുഡേബെല്ലൂർ മുതൽ മഹാബൂബ് നഗർ വരെയുള്ള ദേശീയ പാത-167 നാലുവരിയാക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ആകെ 3,175 കോടിയിലധികം പദ്ധതി ചെലവ് ഇതിൽ പ്രതീക്ഷിക്കുന്നു. ഈ പദ്ധതി സുഗമവും സുരക്ഷിതവും തടസമില്ലാത്തതുമായ ഗതാഗതം സാധ്യമാക്കും. ഇന്ധന ഉപഭോഗവും വാഹന പരിപാലന ചെലവും കുറയ്ക്കുന്നതിനൊപ്പം യാത്രാ സമയം ഏകദേശം 1 മണിക്കൂർ 30 മിനിറ്റ് കുറയ്ക്കും. തെലങ്കാനയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള ബന്ധം ഈ ഹൈവേ ശക്തിപ്പെടുത്തുകയും ഇരു സംസ്ഥാനങ്ങളിലെയും വ്യാവസായിക വികസനം സുഗമമാക്കുകയും ചെയ്യും.
ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ ഭാഗമായി ഹൈദരാബാദ്- നാഗ്‌പൂർ വ്യാവസായിക ഇടനാഴി (എച്ച്എൻഐസി) പ്രകാരം വികസിപ്പിക്കുന്ന സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ് വ്യാവസായിക മേഖലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 3,245 ഏക്കറിൽ 2,350 കോടിയിലധികം രൂപ ചെലവിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. കൂടാതെ പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്ക് തടസമില്ലാത്ത മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ഇത് നൽകുന്നു.
വ്യാവസായിക മേഖലയിൽ സുസ്ഥിരവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഓട്ടോമൊബൈൽ, ഭക്ഷ്യ സംസ്‌കരണം, യന്ത്രങ്ങൾ, ലോഹങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കും. ഈ പദ്ധതി ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പിഎം മിത്ര സ്‌കീമിന് കീഴിൽ ഏകദേശം 1,700 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്നറിയപ്പെടുന്ന വാറങ്കലിൽ പിഎം മിത്ര പാർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായി പ്രവർത്തനക്ഷമമായ പിഎം മിത്ര പാർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത് സർക്കാരിൻ്റെ 5F വിഷൻ ഫാം മുതൽ ഫൈബർ വരെ ഫാക്‌ടറി മുതൽ ഫാഷൻ വരെ വിദേശത്തേക്ക് നയിക്കുന്നു. നിർദ്ദിഷ്‌ട നാഗ്‌പൂർ- വിജയവാഡ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ (എൻഎച്ച്-163ജി), എൻഎച്ച്-163 എന്നിവയ്ക്ക് സമീപം തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക്, റെയിൽ ശൃംഖലകളിലേക്കും തുറമുഖങ്ങളിലേക്കും ശക്തമായ മൾട്ടിമോഡൽ കണക്റ്റിവിറ്റി വാഗ്‌ധാനം ചെയ്യുന്നു.
സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിരവധി പദ്ധതികൾ ഇതിനകം ആരംഭിച്ചുക്കഴിഞ്ഞു. സംയോജിത അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വികസിത് ഭാരതത്തിനായുള്ള 'വികസിത് തെലങ്കാന' എന്ന പ്രധാനമന്ത്രിയുടെ ദർശനത്തെ പുതിയ പദ്ധതികൾ പ്രതിഫലിപ്പിക്കും .