കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം ; തമിഴ്‌നാട്ടിൽ 'നാടകം' തുടരുന്നു...

ന്യുഡൽഹി കേരളത്തിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡൽഹിയിൽ തുടരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെ ചർച്ച രണ്ടാംഘട്ടത്തിലേക്ക് കടന്നു.മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ്യർഥന മാനിച്ചാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. വിഡി സതീശന് കേരള ഹൗസിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. ജാമിയ മിലിയ, ഡൽഹി സർവകലാശാല വിദ്യാർഥികൾ ഇന്നലെ 11.30യ്ക്കും അവരുടെ നായകനെ കാത്തുനിന്നു.
വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകിയേക്കും
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന നാടകീയ രാഷ്ട്രീയ നീക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ശനിയാഴ്ച രാവിലെ 11ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണക്കത്ത് നൽകാൻ വൈകിയതാണ് പുതിയ ട്വിസ്റ്റിന് വഴിതെളിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച വിജയ് 116 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള ഒപ്പുകൾ സമർപ്പിച്ചിരുന്നു. എന്നാൽ 234 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 തികയ്ക്കാൻ രണ്ടുപേരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല.
https://www.worldm.news/national/vijays-swearing-in-date--25600
അന്തിമ തീരുമാനമെടുക്കാതെ വിസികെ
ടിവികെയെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വിസികെ, സിപിഐ, സിപിഎം എന്നീ ജീവൽ പ്രധാന പാർട്ടികളുടെ നേതൃത്വത്തിൽ നിർണായക യോഗങ്ങൾ പുരോഗമിക്കുകയാണ്. ഈ പാർട്ടികൾ സംയുക്തമായി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടായിരിക്കും തമിഴ്നാട്ടിൽ അടുത്ത സർക്കാർ ആരുടേത് എന്ന് വിധി നിർണയിക്കുക.സർക്കാർ രൂപീകരണം അകാരണമായി വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉടലെടുത്തിട്ടുണ്ട്. ഗവർണർ അടിയന്തരമായി ഇടപെട്ട് സർക്കാർ രൂപീകരണ നടപടികൾ നിയമപരമായി വേഗത്തിലാക്കണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. വിസികെയും ഇടതുപാർട്ടികളും വരുന്ന മണിക്കൂറുകളിൽ സ്വീകരിക്കുന്ന തീരുമാനങ്ങൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി ഗവർണർക്ക് മുൻപിൽ പൂർണ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസാനവട്ട അണിയറ നീക്കങ്ങളിലാണ് വിജയ് ക്യാമ്പ്. പാർട്ടികൾ തമ്മിലുള്ള സമവായ ചർച്ചകൾ നീളുന്നതും അന്തിമ തീരുമാനം വൈകുന്നതും വിജയ്‌യുടെ സത്യപ്രതിജ്ഞ എപ്പോൾ നടക്കുമെന്ന കാര്യത്തിലുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തമിഴകത്തെ അധികാരക്കസേരയിലേക്കുള്ള അന്തിമ ചിത്രം വ്യക്തമാകാൻ ഇനിയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നൽകുന്ന സൂചന.
ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും
പശ്ചിമബംഗാളിൽ പുതിയ ചരിത്രം രചിച്ച് ബിജെപി അധികാരത്തിലേക്ക്. സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരിൻ്റെ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തുന്നത്. ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവായി സുവേന്ദു അധികാരി ഇതോടെ മാറി.വളരെക്കാലമായി പശ്ചിമബംഗാളിൽ ഭരണത്തിലിരുന്ന സർക്കാരിനെതിരെ ജനങ്ങളിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നു. ഇതെല്ലാം മറികടന്നാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയത്. കൊൽക്കത്തയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരിക്കും പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിച്ച ജനങ്ങളുടെ തീരുമാനമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.