"നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ പുറത്താക്കും"

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സ്ഥാനം ഒഴിയാൻ തയ്യാറാകാത്ത മമത ബാനർജിക്കെതിരെ ബിജെപി. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാകാതെ വന്നാൽ മമതയെ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമതക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.'മമത രാജിവെക്കുന്നില്ലെങ്കിൽ അവരെ പുറത്താക്കും. രാജ്യം അവരുടെ ഇഷ്ടത്തിനനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ഗവർണർ നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ ഗവർണർ അവരെ പുറത്താക്കും' ബിശ്വ ശര്‍മ പറഞ്ഞു. ഒട്ടേറെ വീഴ്ചകളും തെറ്റുകളും ഉണ്ടായിട്ടും ബംഗാൾ അവരെ ഇത്രയും കാലം സഹിച്ചു. ഇനി തുടരാൻ അവർക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ, ബംഗാളിലെ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടു എന്നും ഇതിന് പിന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പങ്കാളികളാണെന്നും മമത ബാനര്‍ജി ആരോപണം ഉന്നയിച്ചിരുന്നു.
'തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞു. മമതയുടെ പാർട്ടിയുടെ 100 സീറ്റുകൾ തട്ടിയെടുത്തു എന്നാണോ നിങ്ങൾ പറയുന്നത്? എങ്കിൽ കോൺഗ്രസ് നേടിയ 19 സീറ്റുകൾ എന്നിൽ നിന്ന് തട്ടിയെടുത്തതാണെന്ന് എനിക്കും പറയാം. എനിക്ക് 126 സീറ്റുകൾ ലഭിക്കേണ്ടതായിരുന്നു" ബിശ്വ ശര്‍മ വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന പറയുന്നത്
ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് ഫലങ്ങളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. എന്നാല്‍ സഭയുടെ കാലാവധി അവസാനിക്കുന്നതുമായി അതിന് ബന്ധമില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്താല്‍ പോലും അത് പിന്നീട് മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, ഒരു മുഖ്യമന്ത്രിക്ക് ഔദ്യോഗിക പദവിയില്‍ തുടരാന്‍ നിയമസഭയുടെ ഭൂരിപക്ഷം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനാപരമായ കീഴ് വഴക്കം. സ്വമേധയാ രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം ഗവര്‍ണര്‍ക്ക് ഇടപെടാം