"പരീക്ഷകളിലെ വ്യാപകമായ അഴിമതി രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കുന്നു" : പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: 2026 ലെ നീറ്റ്-യുജിയിലെ ക്രമക്കേടുകളിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളോട് ഉത്തരവാദിത്തമുള്ളവനാണെന്നും അവരുടെ ഭാവി നശിപ്പിക്കുന്നത് എത്രകാലം തുടരുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു."നീറ്റ് യുജി പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി ഭരണത്തിൻ കീഴിൽ നടന്ന പരീക്ഷകളിലെ വ്യാപകമായ അഴിമതി രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കുകയാണ്. ഇത്തവണയും ഏകദേശം 23 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയിൽ കൃത്രിമം കാണിച്ചിട്ടുണ്ട്.
നീറ്റ് പോലുള്ള പരീക്ഷകൾക്കായി കുട്ടികൾ തങ്ങളുടെ എല്ലാ സമയവും ഉപയോഗിച്ച് അധ്വാനിക്കുന്നു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾ തങ്ങൾക്കുള്ളതെല്ലാം ത്യജിക്കുന്നു. എന്നാൽ ഓരോ പരീക്ഷയും അഴിമതിക്ക് ഇരയാകുന്നു. അഴിമതി തുടർന്നുകൊണ്ടിരുന്നാൽ, പേപ്പർ ചോർച്ചയ്‌ക്കെതിരെ പാർലമെൻ്റിൽ കൊണ്ടുവന്ന കർശനമായ നിയമംകൊണ്ട് എന്ത് പ്രയോജനം? പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് ഉത്തരവാദിത്തമുള്ളവനാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കുന്നത് എത്രകാലം തുടരും?" പ്രിയങ്ക ഗാന്ധി ആരോപിച്ചു.അതേസമയം പൂർണ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നീറ്റ്-യുജി 2026 പരീക്ഷ നടത്തിയതെന്നും, രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണ ഏജൻസികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മെയ് മൂന്നിന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടത്തിയിരുന്നു. ഇതിനിടെയാണ് ക്രമക്കേടുകള്‍ നടന്നത്. സവിശേഷവും കണ്ടെത്താനാകുന്നതുമായ വാട്ടർമാർക്ക് ഐഡൻ്റിഫയറുകൾ വഹിക്കുന്ന ജിപിഎസ്-ട്രാക്ക് ചെയ്‌ത വാഹനങ്ങളിലാണ് ചോദ്യപേപ്പറുകൾ എത്തിച്ചതെന്നും, എഐ സഹായത്തോടെ സിസിടിവി നിരീക്ഷണം വഴി പരീക്ഷാ കേന്ദ്രങ്ങൾ നിരീക്ഷിച്ചുവെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി പറഞ്ഞു.എല്ലാ ഉദ്യോഗാർത്ഥികളുടെയും ബയോമെട്രിക് പരിശോധന നടത്തിയതായും പരീക്ഷയുടെ പവിത്രത ഉറപ്പാക്കാൻ കേന്ദ്രങ്ങളിൽ 5ജി ജാമറുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി. ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം ശക്തമാണെന്നും എൻഐഎ കൂട്ടിച്ചേർത്തു. പരീക്ഷ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, മെയ് ഏഴിന് വൈകുന്നേരമാണ് ചോദ്യപ്പേപ്പർ വിവാദം പുറത്ത് വന്നത്. മെയ് എട്ടിന് രാവിലെ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിക്കുകയായിരുന്നു.