ബലാത്സംഗക്കേസ്: അപ്പീൽ തള്ളി; മൊറോക്കൻ താരം അഷ്റഫ് ഹക്കിമി വിചാരണ നേരിടണം

ബലാത്സംഗക്കേസ്: അപ്പീൽ തള്ളി; മൊറോക്കൻ താരം അഷ്റഫ് ഹക്കിമി വിചാരണ നേരിടണം

ലൈംഗിക പീഡനക്കേസിൽ വിചാരണ നടപടികൾ ഒഴിവാക്കണമെന്ന അവസാന അപ്പീലും ഫ്രഞ്ച് കോടതി തള്ളിയതിന് പിന്നാലെ കടുത്ത പ്രതികരണവുമായി മൊറോക്കൻ ഫുട്ബോൾ താരം അഷ്റഫ് ഹക്കിമി രംഗത്ത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഹക്കിമി, തന്‍റെ പ്രശസ്‌തിയാണ് തന്നെ ഈ കെണിയിൽ വീഴ്ത്തിയതെന്ന് ആരോപിച്ചു. "താൻ പ്രശസ്‌തല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഇവിടെ ഉണ്ടാകുമായിരുന്നില്ലായെന്നും, താനിപ്പോൾ ഒരു എളുപ്പമുള്ള ഇരയായി മാറിയിരിക്കുകയാണെന്നും താരം തുറന്നടിച്ചു.

2023 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിക്ക് ടാക്‌സി അയച്ച് തന്‍റെ പാരീസിലെ വീട്ടിലേക്ക് വരുത്തുകയും, തുടർന്ന് അവിടെവെച്ച് സമ്മതമില്ലാതെ ബലാത്സംഗം ചെയ്യുകയും ചെയ്‌തുവെന്നാണ് പരാതി. 2023 ഫെബ്രുവരിയിലാണ് യുവതി പാരീസ് പൊലീസിൽ പരാതി നൽകിയത്.ദീർഘമായ അന്വേഷണത്തിനൊടുവിൽ ഹക്കിമിയെ വിചാരണ ചെയ്യണമെന്ന് 2025ൽ ഫ്രഞ്ച് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ കോടതി ഈ ആവശ്യം അംഗീകരിക്കുകയും ചെയ്‌തു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹക്കിമിയുടെ നിയമവിഭാഗം നൽകിയ ഹർജി അപ്പീൽ കോടതി ഇപ്പോൾ പൂർണ്ണമായും തള്ളിയതോടെ, വരും മാസങ്ങളിൽ താരം നേരിട്ട് വിചാരണ നേരിടേണ്ടി വരും.

'സത്യം പുറത്തുവരും, സംസാരിക്കാൻ സമയമായി': ഹക്കിമി

കോടതി വിധി വന്നതിന് പിന്നാലെ എക്‌സിലൂടെയാണ് ഹക്കിമി തന്‍റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം മുതൽ താൻ ഈ വിചാരണയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് താരം കുറിച്ചു."നീതി എന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു; 'നിങ്ങൾ പ്രശസ്‌ത നല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഇവിടെ ഉണ്ടാകുമായിരുന്നില്ല'. ഇത്രയും കാലം ഞാൻ നിശ്ശബ്ദത പാലിച്ചു. അന്തസ്സ് കാത്തുസൂക്ഷിക്കുന്നതും ക്ഷമയോടെയിരിക്കുന്നതും നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതും ശരിയായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന് ഞാൻ കരുതിയെന്ന് താരം പറഞ്ഞു.

ലോകകപ്പ് വേദിയിലെ സമ്മർദ്ദം

നിലവിൽ 2026 ഫിഫ ലോകകപ്പിൽ മൊറോക്കോ ദേശീയ ടീമിനായി കളിച്ചുകൊണ്ടിരിക്കുകയാണ് അഷ്റഫ് ഹക്കിമി. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ കനത്ത നിയമ തിരിച്ചടി താരത്തിനും മൊറോക്കൻ ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പിന് ശേഷം നടക്കുന്ന വിചാരണ ഹക്കിമിയുടെ അന്താരാഷ്ട്ര കരിയറിനെയും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോൾ ഉറ്റുനോക്കുന്നത്.