110 ദിവസം, 66 കലകാരന്മാരുടെ സൃഷ്‌ടികൾ: കൊച്ചി ബിനാലെ ജന്മമെടുക്കുന്നത് മുംബൈയിൽ നിന്ന്
എറണാകുളം: ലോകോത്തര കലാകാരന്മാരുടെ കാഴ്‌ചപാടുകൾ കാണാനുള്ള സാഹചര്യമാണ് ബിനാലയിലുള്ളതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡൻ്റും ആധുനിക ഇന്ത്യൻ ചിത്രകാരൻന്മാരിൽ പ്രമുഖനുമായ ബോസ് കൃഷ്‌ണമാചാരി. ഇത്തവണ പത്ത് ലക്ഷം പേർ ബിനാലെ സന്ദർശിക്കുമെന്നും അദേഹം പറഞ്ഞു. ജീവിതമിപ്പോൾ ബിനാലെയ്ക്ക് വേണ്ടിയുള്ള പ്രവർത്തനമാണ്. ഒരു ബിനാലെ കഴിയുമ്പോൾ അടുത്ത ബിനാലെയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണെന്നും ബോസ് വിശദീകരിച്ചു.
ആശയം മുംബൈയിൽ നിന്ന്
മുംബൈയിൽ 2005 ൽ മലയാളി കലാകാരന്മാരെ പങ്കെടുപ്പിച്ച് ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇതൊരു സഞ്ചരിക്കുന്ന പ്രദർശനമായിരുന്നു. ഈ പ്രദർനം ഡൽഹിയിലും ബെംഗളൂരുവിലും കൊച്ചിയിലും വന്നിരുന്നു. ഈ സമയത്താണ് കേരളത്തിൽ ഇത്തരം കലാകാരന്മാരുണ്ടെന്ന് അറിയുന്നത്. അതിനു ശേഷം അന്ന് മന്ത്രിയായിരുന്ന എം.എ ബേബി മുബൈയിൽ വരികയും കേരളത്തിന് വേണ്ടി മലയാളി കലാകാരൻമാരായ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അന്വേഷിക്കുകയും ചെയ്‌തു. ഇതിന് ഉത്തരമായാണ് ബിനാലെയെന്ന ആശയം അവതരിപ്പിച്ചത് എന്ന് ബോസ് പറയുന്നു.
എല്ലാ തരത്തിലുള്ള കലാ വസ്‌തുക്കളും പങ്കെടുക്കുന്ന ഒരു പ്രവർത്തന രീതിയാണ് ബിനാലയുടെ പ്രത്യേകത. സയൻസ്, മ്യൂസിക് തുടങ്ങി കലയ്ക്ക് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന കാഴ്‌ചപ്പാടുകളാണ് ബിനാലയ്ക്കുള്ളത്. വാട്ടർ കളർ ചെയ്യുന്ന ഒരാൾക്ക് അത് മാത്രമേ ചെയ്യാവൂ എന്ന നിബന്ധന ബിനാലയ്ക്കില്ല. എല്ലാ തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനവും നടത്താനുള്ള വേദിയാണ് ബിനാലെ.സ്‌റ്റുഡൻസ് ബിനാലെ, മലായാളി കലാകാരന്മാർക്ക് വേണ്ടിയുള്ള ഇടം, കുട്ടികൾക്ക് വേണ്ടിയുള്ള എബിസി തുടങ്ങി നാല് കിലോമീറ്ററിനുള്ളിൽ നടന്ന് കാണാൻ പറ്റുന്ന രീതിയിലാണ് ഇത്തവണ വേദികളെല്ലാം സജ്ജീകരിച്ചത്. പ്രധാനപ്പെട്ട 22 വേദികളിലാണ് ബിനാലെ പ്രദർശനം തുടരുന്നത്. സമാന്തരമായി എട്ടു വേദികളിലും ബിനാലെ പ്രദർശിപ്പിക്കുന്നു. നഥാലെ കിങ്, തശ്‌നി മേത്തൽ തുടങ്ങിയവരാണ് സമാന്തര പ്രദർശനങ്ങൾ തെരെഞ്ഞെടുത്ത്.ലോകോത്തര കലാകാരന്മാരുടെ കാഴ്‌ചപാടുകൾ കാണാനുള്ള സാഹചര്യമാണ് ബിനാലയിലുള്ളത്. ഇതാണ് ബിനാലെയുടെ ഏറ്റവും വലിയ മേന്മയെന്നും ബിനാലെ പ്രസിഡൻ്റ് ബോസ് കൃഷ്‌ണമാചാരി പറഞ്ഞു. ഒരോ ബിനാലെയും ക്യുറേറ്റ് ചെയ്യുന്നത് ഒരോ കലാകാരന്മാരാണ്. അത് കൊണ്ട് തന്നെ അവരുടെ കാഴ്‌ചപ്പാടുകൾ വളരെയധികം വ്യത്യസ്‌തമാകാനാണ് സാധ്യത.സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്നതാണ് ഇത്തവണത്തെ പ്രദർശനം. ഒരോ ദിവസവും മന്യഷ്യ ശരീരത്തെ ഉപയോഗിച്ചുളള കലാപ്രകടനങ്ങൾ അരങ്ങേറും. ഇത്തരത്തിൽ 110 കലാ പ്രദർശനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ബിനാലെയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം ഒന്നര പതിറ്റാണ്ടായി മുടങ്ങാതെ തുടരുകയാണ്. ഒരു ബിനാലെ കഴിയുമ്പോൾതന്നെ അടുത്ത ബിനാലെയ്ക്ക് വേണ്ടിയുള മുന്നൊരുക്കങ്ങൾ തുടങ്ങുകയാണ്. ഒരു ബിനാലെയ്ക്ക് രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾ പോരെന്നാണ് ബോസ് കൃഷ്‌ണമാചാരി പറയുന്നത്.ഈ ബിനാലെ കഴിയുമ്പോൾ തന്നെ അടുത്ത ബിനാലെയുടെ ക്യുറേറ്ററെ തെരെഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. ഇതിനായി അഞ്ചുപേരെ നിയമിക്കുന്നു. ഇതിൽ രണ്ടു പേർ കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നുള്ളവരായിരിക്കും. ഇത്തവണ താനും ജിതീഷ് കല്ലാട്ടും പുറത്തു നിന്നുള്ള പ്രമുഖരായ മൂന്നുപേരും ചേർന്നാണ് ക്യുറേറ്ററെ കണ്ടെത്തിയത്. തൻ്റെ കാഴ്‌ചപ്പാട് യുറോപ്യൻ ഫുട്ബോൾ പോലെയാണ്, കളിക്കാനറിയുന്നവരെ വാങ്ങുക, അവരെ നമ്മുടെ പ്രദേശത്തെ കലാകാരന്മാർക്ക് പരിചയപ്പെടുത്തുക എന്നതാണ്.
രണ്ടു വർഷത്തിൽ നടക്കുന്നത് എന്ന് സൂചിപ്പിക്കുന്ന ഇറ്റാലിയൻ പദമാണ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ സമകാലീന കലയുടെ താത്‌കാലികമായ പ്രദർശനമാണന്നും ബോസ് കൃഷ്‌ണമാചാരി പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കൊച്ചിയിൽ തുടക്കമായത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാ പ്രദർശനമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം നൂറ്റി പത്ത് ദിവസമാണ് നീണ്ടു നിൽക്കുക. ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 66 കലകാരന്മാരുടെ സുഷ്‌ടികളാണ് ഇത്തവണ പ്രധാനമായും കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



