പശ്ചിമ മേഖല പതിനാലാം മലയാളോത്സവം സമാപിച്ചു

മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിനാലാം മലയാളോത്സവം സമാപനം ബോറിവലി ഈസ്റ്റ് സിദ്ധാര്‍ത്ഥ നഗറിലെ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. മേഖലയിലെ വിവിധ സംഘടനകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടി കളോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. പശ്ചിമ മേഖല പ്രസിഡന്റ് ഡോ.ഗ്രേസി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍.ഡി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഗിരിജാവല്ലഭന്‍ മൊമെന്റോ നല്‍കി മുഖ്യാതിഥിയെ ആദരിച്ചു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രാരംഭത്തെക്കുറിച്ചും ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹരികുമാര്‍ തന്റെ ഉഘാടന പ്രസംഗത്തില്‍ വിവരിച്ചു. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ശ്ലാഘനീയമായ പങ്കു വഹിച്ച പശ്ചിമ മേഖലയെ അദ്ദേഹം അഭിനന്ദിച്ചതിനോടൊപ്പം ആദ്യകാല പ്രവര്‍ത്തകരെ അനുസ്മരിച്ചു. നമ്മുടെ കുഞ്ഞുങ്ങളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കാനുള്ള നല്ലൊരു വേദിയാണ് മലയാളോത്സവങ്ങളെന്നും മലയാളം മിഷന്‍ പഠിതാക്കളാണ് ഈ വേദികളുടെ മുഖ്യ ഗുണഭോക്താക്കള്‍ എന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റീന സന്തോഷ്, മേഖല മലയാളോത്സവം സംഘാടകസമിതി കണ്‍വീനര്‍ ബാബു കൃഷ്ണന്‍, മേഖല കണ്‍വീനര്‍ പ്രദീപ്കുമാര്‍ തുടങ്ങിയവരും വേദി പങ്കിട്ടു. തുടര്‍ന്ന് പതിനാലാം മേഖല മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ടീം ചാമ്പ്യന്‍ ഷിപ്പ് നേടിയ ബോറിവലി മലയാളി സമാജം പ്രതിനിധികളും ടീം അംഗങ്ങളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. സഹാര്‍ മലയാളി സമാജം ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ ഷിപ്പ് ഏറ്റുവാങ്ങി.
പ്രദീപ്‌കുമാർ നന്ദി പറഞ്ഞു. ശീതള്‍ ശ്രീരാമന്‍ പരിപാടികള്‍ നിയന്ത്രിച്ചു.
