പതിനാലാം മലയാളോത്സവ സമാപനം മാര്‍ച്ച് 15 ന് : മുഖ്യാതിഥി - നടൻ കിഷോര്‍ എന്‍.കെ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവ സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ വച്ച് നടക്കും . പ്രശസ്ത സീരിയല്‍-സിനിമാ നടനും, അവതാരകനും, പ്രഭാഷകനും, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ കിഷോര്‍ എന്‍.കെ മുഖ്യാതിഥിയായിരിക്കും. സമാപനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

ഡിസംബര്‍ 14 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടന്ന കേന്ദ്ര കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരങ്ങൾ സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും.ഫെബ്രുവരി 1 ന് നടത്തിയ നാടകോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ഇതോടൊപ്പം വിതരണം ചെയ്യുമെന്ന് സന്ദീപ് വര്‍മ്മ (പ്രസിഡന്റ്), റീന സന്തോഷ് (ജനറല്‍ സെക്രട്ടറി) എന്നിവരറിയിച്ചു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിന്‍റെ വിശേഷാല്‍പതിപ്പിൻ്റെ പ്രകാശനം ചടങ്ങിൽ വെച്ച് നടക്കും.തുടര്‍ന്ന്, പതിനാലാം മലയാളോത്സവത്തില്‍ കേന്ദ്ര തലത്തില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.
പതിനാല് വർഷം പിന്നിടുന്ന മുംബൈ മലയാളികളുടെ ജനകീയോത്സവം
2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. മലയാളനാടിന്റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്ക്കൂള്‍ - കോളേജ് യുവജനോത്സവങ്ങള്‍ക്ക് സദൃശമായി മുംബൈയിൽ നടക്കുന്ന മലയാളോത്സവത്തെ മുംബൈ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചു കഴിഞ്ഞുവെന്നാണ് കഴിഞ്ഞ പതിനാല് വര്‍ഷങ്ങളിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനുള്ളത്. പ്രത്യേകിച്ചും യുവതലമുറയുടെ സക്രിയ സാന്നിദ്ധ്യം വളരെ പ്രോത്സാഹജനകവും ശുഭോദര്‍ക്കവുമാണ്. മേഖലകളുടെയും കേന്ദ്ര കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളില്‍ മുംബൈ മലയാളികളുടെ യുവതലമുറ ആവേശപൂര്‍വ്വം ഭാഗഭാക്കാകുന്നുണ്ടെന്ന കാര്യം പ്രസ്താവയോഗ്യമാണ്. മലയാളോത്സവത്തിന്റെ പതിനാല് പതിപ്പുകളിലും ആവേശകരമായ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഭിന്ന ശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇത്തവണ കേന്ദ്ര കലോത്സവത്തില്‍ ചില ഇനങ്ങളില്‍ നേരിട്ട് മത്സരിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കിയിരുന്നു.