"അയോധ്യയിൽ നിന്ന് രാമേശ്വരത്തേക്ക് , നാസിക്ക്- കൊങ്കൺ- തിരുവനന്തപുരം വഴി ഒരു പുതിയ തീർത്ഥാടന ട്രെയിൻ സർവീസ് ആരംഭിക്കണം" : നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ

നാസിക് /തിരുവനന്തപുരം: അയോധ്യയിൽ നിന്ന് നാസിക് - കൊങ്കൺ - തിരുവനന്തപുരം- വഴി രാമേശ്വരത്തേക്ക് ഒരു പുതിയ ട്രെയിൻ സർവീസ് (ശ്രീരാമ സർക്ക്യൂട്ട് ട്രെയിൻ) ആരംഭിക്കുന്നതിനുളള നിർദ്ദേശം ചർച്ച ചെയ്യാനായി നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതിനിധികൾ തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കൂടിക്കാഴ്ച നടത്തി.നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ ,ജോയിന്റ് സെക്രട്ടറി കെ സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് മേയറുമായി ചർച്ച നടത്തിയത് .മേയർ വി.വി. രാജേഷ് ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും തുടർ നടപടികളിൽ നിർണായക പങ്ക് വഹിക്കാൻ സമ്മതിക്കുകയും ചെയ്‌തതായി പ്രതിനിധികൾ അറിയിച്ചു.
പ്രധാനപ്പെട്ട ക്ഷേത്ര നഗരങ്ങളായ രാമേശ്വരവും അയോദ്ധ്യയും അടുത്ത വർഷം മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഈ പദ്ധതി ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും തുടർ നടപടികളെക്കുറിച്ച് അറിയിക്കാമെന്നും ഈ പദ്ധതി വിജയിപ്പിക്കുന്നതിനായി നാസിക്ക് NMCA ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മേയർ ഉറപ്പ് നൽകിയതായും പ്രതിനിധി സംഘം മാധ്യമങ്ങളെ അറിയിച്ചു.
ഈ ട്രെയിൻ അനുവദിച്ച് കിട്ടുന്നതിനായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,ബി ജെ പി കേരള സംസ്ഥാന ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അനുപ് പുഷ്പാംഗതൻ, കെ.പി.എസ്. നായർ (ജോ.സെക്രട്ടറി &ചീഫ് കോർഡിനേറ്റർഎൻ.എം.സി.എ. റെയിൽവേ ആക്ഷൻ കമ്മിറ്റി) എന്നിവർ അറിയിച്ചു.