"കെട്ടിട നിർമ്മാണത്തിൽ അഴിമതി " : തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് ഒരു വിഭാഗം KSD അംഗങ്ങൾ

മുംബൈ:  അംഗസംഖ്യകൊണ്ട്  ഏഷ്യയിലെതന്നെ  ഏറ്റവും വലിയ മലയാളി കൂട്ടായ്‌മ(പ്ളാറ്റിനം ജൂബിലി ആഘോഷിച്ചുകഴിഞ്ഞ)യായ  കേരളീയസമാജം ഡോംബിവ്‌ലിയിലെ, ഒരു വിഭാഗംഅംഗങ്ങൾ  ഭരണസമിതിക്കെതിരെ സമരമുഖത്തേക്ക്.  വികലവും ദീർഘ വീക്ഷണവുമില്ലാത്ത  നയങ്ങൾ സമാജത്തിന് വൻ സാമ്പത്തികനഷ്ട്ടം വരുത്തുന്നുഎന്നും സമാജത്തിൻ്റെ  കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ നിലനിൽപ്പിനെ തന്നെ  അത് ബാധിക്കുന്നുവെന്നുമാണ്  ഇവരുടെ ആരോപണം. വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച്കൊണ്ട്  സമരങ്ങളിലേയ്ക്കും നിയമ നടപടിയിലേക്കും പോകാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമുണ്ടായി .

വിദ്യഭ്യാസ- പാഠ്യേതര വിഷയങ്ങളിൽ  സംസ്ഥാനത്ത്  മികച്ചമുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന  വിദ്യാലയങ്ങളാണ് (മോഡൽ ഇംഗ്ലീഷ് സ്‌കൂൾ ,മോഡൽ കോളേജ് )കേരളീയ സമാജത്തിന്റേതായിട്ടുള്ളത്. ഈ സഥാപനങ്ങളുടെ നിർമ്മാണഘട്ടങ്ങളിലൊക്കെ നിരവധി   ഭ്യന്തര വിവാദങ്ങൾ മുമ്പ്  ഉണ്ടായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം ക്ലാസ്സ് മുറികൾ കൂട്ടുന്നതിനായി അധിക നിലകൾ പണിയുന്നതിനായുള്ള സ്‌കൂൾ കെട്ടിട നിർമ്മാണത്തിനിടെയാണ്  ഇപ്പോൾ പുതിയ  വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഡോംബിവ്‌ലി വെസ്റ്റ് കുംബർഖാൻപാഡ യിലുള്ള  മോഡൽ ഇംഗ്ലീഷ് സ്‌കൂൾ കെട്ടിടത്തിൻ്റെ  രണ്ടുനില ഉയർത്തിയശേഷം അതിൻ്റെ തുടർ പ്രവർത്തനങ്ങൾ ഇതോടെ പൂർത്തീകരിക്കാൻ കഴിയാത്ത  സാഹചര്യത്തിലേക്കും  വഴിവെച്ചിരിക്കയാണ്.

  നിർമ്മാണത്തിൽ  ഭരണസമിതി വൻ അഴിമതിയും അംഗങ്ങളോട്  അനീതിയും കാണിച്ചുവെന്നും സംഘടനയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായി ജനറൽബോഡിയുടെ അനുമതിയില്ലാതെ  ഭരണസമിതി ഫണ്ട് ദുർവിനിയോഗം ചെയ്‌തുവെന്നും കെഡിഎംസി (നഗരസഭ )യിൽനിന്ന്  നിർമ്മാണത്തിനുള്ള അനുമതിനേടിയത് തെറ്റായ വിവരങ്ങൾ നൽകിയാണെന്നും  സമാജത്തിലെ പ്രതിപക്ഷമായ 'ഹൃദയപക്ഷം' ആരോപിക്കുന്നു .ഇത് സ്‌കൂളിൻ്റെയും വിദ്യാർത്ഥികളുടെയും അധ്യാപക  -അനധ്യാപകരുടെയും  സുരക്ഷയെബാധിക്കുന്ന     ഗൗരവമായ വിഷയമായതുകൊണ്ടുതന്നെ പദ്ധതിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളും മറ്റു സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറയുന്നു.

ജനറൽബോഡിയുടെ അനുമതിയില്ലാതെ പത്തുലക്ഷംരൂപയിൽ  കൂടുതൽ ഫണ്ട് ചെലവഴിക്കാൻ ഭരണസമിതിക്ക് അനുമതിയില്ലാ എന്ന്  നിയമാവലി നിലനിൽക്കെ  അതിനുവിരുദ്ധമായി തന്നിഷ്ടപ്രകാരം  ഭരണസമിതി, ലക്ഷങ്ങൾ ദുർവ്യയം ചെയ്‌തുവെന്ന്‌ കഴിഞ്ഞദിവസം ഡോംബിവിലി വെസ്റ്റിലെ ജോന്ഥലെ സ്കൂളിൽ നടന്ന വാർത്താസമ്മേളനത്തിലും തുടർന്ന്   സംഘടിപ്പിച്ച  പ്രതിഷേധ സംഗമത്തിലും, ജനകീയ വിചാരണ യോഗത്തിലും   പ്രതിപക്ഷം ഉന്നയിച്ചു . 

ജനറൽബോഡി അംഗീകാരം നൽകിയ 2.07കോടിയും മറികടന്ന് 2.85 കോടി രൂപചെലവഴിച്ചത് ഭരണഘടനാ ലംഘനമാണെന്നും  നിലവിലുള്ള ഭരണസമിതി ഉടൻ രാജിവെക്കണമെന്നും  നിരുത്തരവാദ പരവും  സുതാര്യവുമല്ലാത്ത നടപടികളിലൂടെ സമാജത്തിന് നഷ്ട്ടപ്പെട്ട 2.85കോടിരൂപ ഭരണസമിതിയിൽ നിന്ന്തന്നെ  തിരിച്ചുപിടിക്കണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.  കൂടാതെ ഈ പദ്ധതിയുമായി  ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഓഡിറ്റുചെയ്യണമെന്നുംപ്രതിപക്ഷം  ആവശ്യപ്പെട്ടു.

കെ ഡി എം സി യുടെ അനുമതിക്കായി ഭരണസമിതി സമർപ്പിച്ചത് വ്യാജരേഖകളാണെന്ന് പരിശോധനയിൽ തെളിഞ്ഞപ്പോഴാണ്‌  ഫയർ അനുമതി അധികാരികൾ റദ്ദാക്കി, നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടതെന്ന് സമാജം മുൻ ചെയർമാൻ ഒ.പ്രദീപ് പറഞ്ഞു. 

"കഴിഞ്ഞവർഷം ഏപ്രിൽ 28ന് വിളിച്ചുചേർത്ത വിശേഷാൽ പൊതുയോഗത്തിൽ നിർമ്മാണപദ്ധതിക്ക് അത്യാവശ്യമായ 7 അനുമതിപത്രങ്ങൾ ലഭിച്ചിരുന്നതായും ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും സമാജം ചെയർമാൻ പറഞ്ഞിരുന്നു. ആർക്കിടെക്റ്റ് പറഞ്ഞതുപ്രകാരം 7വർഷത്തെ ഗ്യാരന്റിമാത്രമേ  രണ്ട് നില കൂടുതൽ പണിഞ്ഞാൽ കിട്ടുകയുള്ളൂ എങ്കിൽ പദ്ധതി ഉപേക്ഷിച്ച് പുതിയ ഒരു സ്‌കൂൾ നിർമ്മിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കണം എന്ന അഭിപ്രായം ഞങ്ങൾ മുന്നോട്ടുവെച്ചു .  സ്‌കൂളിന്റെയും വിദ്യർത്ഥികളുടെയും മറ്റ് സ്റ്റാഫുകളുടേയും സുരക്ഷിതത്വ൦ മുന്നിൽക്കണ്ട് ഞങ്ങൾ പറഞ്ഞ ആ അഭിപ്രായത്തെ അവഗണിക്കുകയാണ് ഭരണ സമിതി ചെയ്‌തത്‌ .സ്‌കൂളിന് മുന്നിൽ അഞ്ചുമീറ്ററിൽ കുറഞ്ഞ വീതിയുള്ള ഒരു റോഡാണ് .ഇത് 15മീറ്റർ എന്നുകാണിച്ചുകൊണ്ട് അനുമതിവാങ്ങാനാണ് ഭരണസമിതി ശ്രമിച്ചത്.സ്‌കൂളിൻ്റെയോ ഭാവിതലമുറയുടെയോ സുരക്ഷിതത്വത്തെ കുറിച്ച് ആലോചിക്കാതെ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് . നമ്മുടെ വിദ്യാലയങ്ങൾ  നമുക്ക് നഷ്ട്ടപെടരുത്. ഏഴുവർഷത്തിൽ കൂടുതൽ ഗ്യാരന്റിയില്ലാത്ത നാലഞ്ച് ക്ലാസ്സ്മുറികൾക്ക് വേണ്ടി ചെലവഴിച്ചത് കോടികൾ ! ഇതിൽ കൃത്യമായ അഴിമതി നടന്നിട്ടുണ്ട്. എല്ലാരീതിയിലുമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു. വേണമെങ്കിൽ ഹൈക്കോടതിയെവരെ ഞങ്ങൾ സമീപിക്കും.അധികാരത്തിനുവേണ്ടിയല്ല, നമ്മുടെ വിദ്യാലയങ്ങൾ  നമുക്ക് നഷ്ട്ടപെടാൻപാടില്ല ,സമാജവും നിലനിൽക്കണം.വരുന്ന ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന് സമാജത്തെയും അനുബന്ധമായി നമ്മുടെ വിദ്യാലയങ്ങളെയും   വീണ്ടെടുക്കാനുള്ള ശ്രമം മാത്രമാണിത്  " - ഒ.പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. 

സമാജത്തിലെ മുൻ ഭരണ സമിതി അംഗങ്ങൾ ,വനിതാ യുവജന അംഗങ്ങൾ.. തുടങ്ങിയവർ   പങ്കെടുത്ത 'ജനകീയ വിചാരണ'യിൽ  നിലവിലെ ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ച്‌  ഭരണസമിതിയുമായി ഒരു കാര്യത്തിലും സഹകരിക്കാതിരിക്കാനും  നിലവിലെ ഭരണസമിതിയുടെ രാജി ആവശ്യം മുൻനിറുത്തി വരുന്ന തിരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തീരുമാനമുണ്ടായി. നെല്ലൻ ജോയ്, ദാമോദരൻ ,ജോബി, ലക്ഷ്മിക്കുറുപ്പ്,ജയരാജ്‌ നായർ , അശോക് നായർ,.അഭിലാഷ് കെ.സി, അജിത് ശങ്കരൻ,അഡ്വ.മുരളീധരൻ,വിദ്യാ സുരേഷ്  തുടങ്ങിയവർ  സംസാരിച്ചു.

ആരോപണങ്ങളെ നിഷേധിച്ച് ഭരണസമിതി 

എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും സമാജം ഭരണസമിതി നിഷേധിച്ചു .ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് വിശേഷാൽ പൊതുയോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം നേടി  കല്യാൺ-ഡോംബിവ്‌ലി  നഗരസഭയുടെ അനുമതിലഭിച്ചതിനുശേഷം  മാത്രമാണെന്നും പദ്ധതി വൈകുന്നത് ഒരുവിഭാഗത്തിന്റെ ശത്രുതാ മനോഭാവത്തോടെയുള്ള അനാവശ്യഇടപെടലുകൾ കൊണ്ടാണെന്നും സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ  'വേൾഡ് എംന്യുസി'നോട്‌പറഞ്ഞു.  കുംഭർഖാൻപാടയിലെ സ്‌കൂളിൽ രണ്ടുനില കൂടി  നിർമ്മിക്കും എന്നത് , ഇന്ന് അതിനെ എതിർക്കുന്നവർ  നടപ്പാക്കും എന്ന് മുമ്പ്  പ്രഖ്യാപിച്ചകാര്യമാണെന്നും അവർക്ക്   സാധിക്കാതെപോയ കാര്യം നിലവിലുള്ള ഭരണസമിതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ആത്മരോഷവും ഈഗോയും മാത്രമാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങൾക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത് ദയനീയ പരാജയം താങ്ങാനുള്ള കരുത്തില്ലാത്തതു കൊണ്ടായിരിക്കാം എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.