നടി ബീന ആർ ചന്ദ്രൻ 'ഒറ്റ ഞാവൽ മര'വുമായി മുംബൈയിലേയ്ക്ക് : അരങ്ങൊരുക്കുന്നത് ഇപ്റ്റ

മുംബൈ: 2023-ൽ ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള സംസ്‌ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ ബീന ആർ ചന്ദ്രൻ തൻ്റെ പ്രശസ്‌തമായ ഏകപാത്ര നാടകം 'ഒറ്റ ഞാവൽ മര'വുമായി മുംബൈയിലെത്തുന്നു. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി അവതരണങ്ങൾ നടത്തി, ബീനയുടെ അഭിനയത്തിലൂടെ ആഗോള ശ്രദ്ധനേടിയ നാടകമാണ് 'ഒറ്റ ഞാവൽ മരം'. ഫെബ്രുവരി 21 ന് വൈകിട്ട് 6.59 ന് നവി മുംബൈയിലെ നെരൂൾ സമാജത്തിലെ മൂന്നാം നിലയിലെ ഹാളിൽ നാടകം വീണ്ടും അരങ്ങേറുകയാണ്. നാടകത്തിൻ്റെ മുംബൈയിലെ ആദ്യ അവതരണം സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരള- മുംബൈ ചാപ്റ്ററാണ് . ബീന ആർ. ചന്ദ്രൻ ഇതാദ്യമായാണ് മുംബൈയിൽ ഒരു നാടകവുമായി എത്തുന്നത്.
ഒറ്റപ്പെടലിൻ്റെയും സ്നേഹത്തിൻ്റെയും സങ്കടത്തിൻ്റെയും ഗ്രാമീണതയുടേയും പ്രതീകമായ ഒരു മുത്തശ്ശി കേന്ദ്രകഥാപാത്രമാകുന്ന മാധവിക്കുട്ടിയുടെ 'വേനലിൻ്റെഒഴിവ് ' എന്ന ചെറുകഥയ്‌ക്ക് നാടക ഭാഷ്യം നൽകിയിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം നിർവഹിച്ചിരിക്കുന്നത് സി.എം. നാരായണനും ആണ്.കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.ചെറുപ്പം മുതൽ വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനാണ് ഏറ്റവും മികച്ചനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ബീന ആർ ചന്ദ്രന് ലഭിക്കുന്നത് . ബീനയുടെ ആദ്യ സിനിമ കൂടിയാണ് ഈ ചിത്രം .ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോകുന്ന സ്ത്രീ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് പുരസ്‌കാരം നൽകിയതെന്ന് ജൂറി വ്യക്തമാക്കിയിരുന്നു. പട്ടാമ്പി 'പരൂതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് -മലയാളം അധ്യാപികയാണ് ബീന ആർ ചന്ദ്രൻ.
നാടകാവതരണത്തിനെ തുടർന്ന് നടിയുമായി മുഖാമുഖവും അരങ്ങേറുമെന്ന് ഇപ്റ്റ ഭാരവാഹികൾ അറിയിച്ചു.

കെ വി വിജേഷിന് ആദരാഞ്ജലി
"നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലി അർപ്പിക്കും.