ബോംബെ കേരളീയ സമാജത്തിൽ അക്ഷരശ്ലോക സദസ്സും മത്സരവും നടന്നു

 മുംബൈ :ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിവർഷ മത്സര പരിപാടിയായ  അക്ഷരശ്ലോക സദസ്സും മത്സരവും മാട്ടുംഗയിലെ  'കേരള ഭവന'ത്തിൽ നടന്നു. രാജ്യസഭാ എം.പിയും എഴുത്തുകാരനും സൈദ്ധാന്തികനുമായ സി. സദാനന്ദൻ മാസ്റ്റർ  ഭദ്രദീപം കൊളുത്തി  പരിപാടി ഉദ്ഘാടനം ചെയ്തു. ശരണ്യ കൃഷ്ണകുമാറിൻ്റെ ശിക്ഷണത്തിൽ അക്ഷരശ്ലോകം അഭ്യസിക്കുന്ന പത്ത് കുട്ടികളും ഇത്തവണത്തെ  പരിപാടിയിൽ പങ്കെടുത്തു . മുതിർന്നവരും കുട്ടികളുമടക്കമുള്ള മത്സരാർത്ഥികളെയും ശ്രോതാക്കളെയും സദാനന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞു. അക്ഷരങ്ങളോടുള്ള സ്നേഹം അറിവിൻ്റെ ഉറവിടമാണെന്നും അതു കൊണ്ട് അമ്മാനമാടുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ധൈഷണിക പ്രതിഭകൾ  മറുനാട്ടിലും മലയാളത്തിൻ്റെ പ്രതിഭാ വിലാസങ്ങളെ അടയാളപ്പെടുത്തുകയും അതിന് കളമൊരുക്കുന്ന ബോംബെ കേരളീയ സമാജം ഇക്കാര്യത്തിൽ മാതൃകാപരമായ നടത്തുന്ന പ്രവർത്തനങ്ങൾ  അഭിനന്ദ നാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

ഏകാക്ഷര  മത്സരത്തിൽ ഡോ.പി സുരേന്ദ്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ജലി കേശവൻ,ഷീല എസ്സ് മേനോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.മുംബൈയിലെ തല മുതിർന്ന അക്ഷരശ്ലോകാചാര്യൻ നാരായണൻ കുട്ടി വാര്യരെ സദാനന്ദൻ മാസ്റ്റർ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കഴിഞ്ഞ വർഷത്തെ വിജയിയും അക്ഷരശ്ലോകരംഗത്തെ പ്രഗൽഭയുമായിരുന്ന ദിവംഗതയായ സുമാ രാമചന്ദ്രൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത് 

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും പങ്കെടുത്തവർക്കെല്ലാം ഫലകങ്ങളും വിതരണം ചെയ്തു. മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ സ്വാഗതവും മുൻ ട്രഷററും ഇപ്പോഴത്തെ ഭരണസമിതി അംഗവുമായ പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. സെക്രട്ടറി എ. ആർ. ദേവദാസ് സംസാരിച്ചു. വനിതാ വിഭാഗം അംഗം ജ്യോതിർമയി സംബന്ധിച്ചു. മത്സരാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.