'അമ്മ' എത്തിനിക് ഫെസ്റ്റ് 2026: കേരളം-മഹാരാഷ്ട്ര സാംസ്കാരിക സംഗമത്തിന് നാളെതുടക്കം, മുഖ്യാതിഥികളായി സ്‌പീക്കർ രാഹുൽ നർവേക്കർ,മുൻ മുഖ്യമന്ത്രിപൃഥ്വിരാജ് ചവാൻ

'അമ്മ' എത്തിനിക് ഫെസ്റ്റ്  2026:  കേരളം-മഹാരാഷ്ട്ര സാംസ്കാരിക സംഗമത്തിന് നാളെതുടക്കം,   മുഖ്യാതിഥികളായി സ്‌പീക്കർ രാഹുൽ നർവേക്കർ,മുൻ മുഖ്യമന്ത്രിപൃഥ്വിരാജ് ചവാൻ

​മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തനത് കലകളും സാംസ്കാരിക പൈതൃകവും കോർത്തിണക്കി സംഘടിപ്പിക്കുന്ന 'മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്' ഏഴാം സീസണിന് നാളെ  വർളിയിലെ നെഹ്‌റു സയൻസ് സെന്ററിൽ തുടക്കമാകും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു സയൻസ് സെന്ററും മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ 'അമ്മ'  (ഓൾ മുംബൈ മലയാളി അസോസിയേഷൻ)യും സംയുക്തമായാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന  സാംസ്കാരിക സംഗമം  സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ പ്രമുഖർ അതിഥികളായി പങ്കെടുക്കും 

ഫെബ്രുവരി 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലും, 22-ലെ സമാപന സമ്മേളനത്തിലും മഹാരാഷ്ട്ര രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗവാൻ, മുംബൈ സർവകലാശാല വൈസ് ചാൻസലർ ഡോ. രവീന്ദ്ര കുൽക്കർണി തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ മുഖ്യാതിഥികളാകും. നെഹ്‌റു സയൻസ് സെന്റർ ഡയറക്ടർ ഉമേഷ് കുമാർ റുസ്തഗി, 'അമ്മ' പ്രസിഡന്റും ഫെസ്റ്റിവൽ ഡയറക്ടറുമായ ജോജോ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

രണ്ട് സാംസ്‌കാരിക തനിമകളുടെ സമന്വയം 

"മുംബൈ നഗരത്തിന്റെ ബഹുസ്വരതയെയും കേരളം-മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ഈ ഫെസ്റ്റിവൽ. ജാതി, മത, അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന ഒരു സാംസ്കാരിക പാലമായി ഈ വേദി മാറുകയാണ്. പുതുതലമുറയ്ക്ക് നമ്മുടെ കലകളെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്നതിലുപരി, ദേശീയോദ്ഗ്രഥനത്തിന്റെ വലിയൊരു സന്ദേശമാണ് ഇതിലൂടെ ഞങ്ങൾ നൽകുന്നത്, മുംബെയിലെ അറിയപ്പെടുന്ന  സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടർ ജോജോ തോമസ് പറഞ്ഞു.

​മൂന്ന് ദിനങ്ങൾ, വൈവിധ്യമാർന്ന കലാവിരുന്നുകൾ

വിദ്യാർത്ഥികൾക്കും കലാസ്വാദകർക്കുമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്:​നാളെ മുതൽ സ്കൂൾതല മത്സരങ്ങൾ: വെള്ളിയാഴ്ച (ഫെബ്രുവരി 20) രാവിലെ 11 മുതൽ കുട്ടികൾക്കായുള്ള ചിത്രരചന, രംഗോളി മത്സരങ്ങൾ നടക്കും. ശനിയാഴ്ച പ്രസംഗം, സംഗീത മത്സരങ്ങളും ഞായറാഴ്ച വിവിധ നൃത്തമത്സരങ്ങളും അരങ്ങേറും.

മെഗാപരിപാടികൾ 

​ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ കൾച്ചറൽ ഇവന്റുകൾ നടക്കും. മഹാരാഷ്ട്രയുടെ തനത് കലകളായ ലാവണി, കോലി ഡാൻസ്, ഗോന്ധൽ എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ തനത് കലകളായ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയവയും വേദിയിലെത്തും.

​സാഹിത്യ സമ്മേളനം:

ഫെബ്രുവരി 21-ന് വൈകുന്നേരം 4:30 മുതൽ പ്രമുഖ സാഹിത്യകാരന്മാരും കവികളും പങ്കെടുക്കുന്ന പ്രത്യേക കാവ്യസന്ധ്യ (കവി സമ്മേളൻ) ഉണ്ടായിരിക്കും.

എല്ലാ പരിപാടികളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം (First-come, first-served) എന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ക്രമീകരിക്കുക എന്ന് സംഘാടകർ അറിയിച്ചു. 

വിവരങ്ങൾക്ക്: 9920442272. /  98215 89956