അന്ധേരി മലയാളി സമാജം സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ നേത്രരോഗ ചികിത്സാ കേന്ദ്രമായ ഡോക്ടർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യയിലെ ഏറ്റവും മികച്ച പരമ്പരാഗത കേരളീയ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവയുടെ സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

അന്ധേരി ഈസ്റ്റ് എം.എൽ.എ മുർജി പട്ടേൽ (കാക്ക) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കോർപ്പറേറ്റർ പ്രകാശ് മുസ്ലെ, ഡോക്ടർ ഐ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സുമർ ഡോക്ടർ എന്നിവർ മുഖ്യാതിഥികളായിരുന്നു.അധ്യക്ഷ പ്രസംഗത്തിൽ സമാജം പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണൻ സമാജത്തിൻ്റെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ജനറൽ ആയുർവേദ കൺസൾട്ടേഷൻ, നേത്രപരിശോധന എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടന്നു. 12 നേത്രരോഗ വിദഗ്ധരും അഞ്ച് ആയുർവേദ ഡോക്ടർമാരും അടങ്ങുന്ന മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
മുർജി പട്ടേൽ, ഡോ. സുമർ ഡോക്ടർ എന്നിവർ സംസാരിച്ചു. സമാജം ട്രഷറർ കെ.പി. മുകുന്ദൻ നന്ദി പറഞ്ഞു . ശ്രീജു മേനോൻ പരിപാടികൾ നിയന്ത്രിച്ചു.
മുംബൈയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലും പ്രദേശത്തെ സാധാരണക്കാർക്കിടയിലും മികച്ച ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാജം ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


