പിന്നണി ഗാനരംഗത്തുനിന്ന് വിടവാങ്ങുന്നതായി അരിജിത്ത് സിങ് !, ഞെട്ടലോടെ ആരാധകർ
മുംബൈ: ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകൻ അരിജിത്ത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിടവാങ്ങുന്നു. ഇതുവരെ തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡിൽ ഏറ്റവും അധികം തിളങ്ങിനിൽക്കുന്ന സമയത്താണ് അദ്ദേഹം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന വലിയൊരു തീരുമാനമാണ് അരിജിത്ത് സിങ് സ്വീകരിച്ചിരിക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പിന്മാറ്റം എന്നതിന് കൃത്യമായ കാരണം അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താൻ പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്ന വിവരം അദ്ദേഹം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ശ്രോതാക്കൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയുന്നതായും ഇനിമുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിഞാൻ അത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. അതോടൊപ്പം ദൈവം എന്നോട് വളരെ ദയ കാണിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്. താൻ സംഗീതത്തിൻ്റെ വലിയ ആരാധകനാണെന്നും ആ ആരാധന എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രമായി സംഗീത ലോകത്ത് തുടരുമെങ്കിലും ഒരു പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യൻ സംഗീത ലോകത്ത് ഒരു പതിറ്റാണ്ടിലധികമായി അനിഷേധ്യമായ സാന്നിധ്യമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു പിന്മാറ്റം എന്നത് ബോളിവുഡ് സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമാണ്. 2005ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിൽ പരാജയപ്പെട്ട മത്സരാർഥിയായി തുടങ്ങി പിന്നീട് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായകനായി വളർന്ന അരിജിത്തിൻ്റെ വിജയഗാഥ അനേകർക്ക് പ്രചോദനമാണ്. ഷാരൂഖ് ഖാൻ മുതൽ രൺബീർ കപൂർ വരെയുള്ള സൂപ്പർതാരങ്ങളുടെ ശബ്ദമായി മാറിയ അരിജിത്ത് പ്രണയവും വിരഹവും ഒരുപോലെ ഫലിപ്പിക്കാൻ കഴിവുള്ള അപൂർവ പ്രതിഭയാണ്.ആഷിഖി 2വിലെ 'തും ഹി ഹോ' എന്ന ഗാനമൊക്കെ ഇപ്പോഴും ആളുകൾ കേട്ടുകൊണ്ടിരിക്കുകയും വിദേശത്ത് പോലും വലിയ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. 'ചന്ന മേരയാ', 'കേസരിയ', 'ഹവായേ' തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം സിനിമകളുടെ വിജയത്തിന് തന്നെ നിർണായക പങ്കുവഹിച്ചിരുന്നു. വമ്പൻ ബജറ്റ് ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ ശബ്ദം ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. നിർമാതാക്കളും സംഗീത സംവിധായകരും ഇനി പകരക്കാരെ കണ്ടെത്താൻ പാടുപെടും.
പിന്നണി ഗാനരംഗത്തെ കടുത്ത മത്സരങ്ങളും സംഗീത സംവിധായകരും നിർമാണ കമ്പനികളും തമ്മിലുള്ള തർക്കങ്ങളും റീമിക്സുകളുടെ അതിപ്രസരവും പല ഗായകരെയും മടുപ്പിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ അരിജിത്തിനെപ്പോലെ ഉന്നതങ്ങളിൽ നിൽക്കുന്ന ഒരാൾ ഇത്തരം കാര്യങ്ങളാൽ ബാധിക്കപ്പെടുമോ എന്നത് ചർച്ചാവിഷയമാണ്. നേരത്തെ തന്നെ ഓട്ടോ-ട്യൂൺ ഉപയോഗിക്കുന്നതിനെതിരെയും പഴയ ഗാനങ്ങൾ അശാസ്ത്രീയമായി റീമിക്സ് ചെയ്യുന്നതിനെതിരെയും അദ്ദേഹം തൻ്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിലെ പാട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും ഗായകൻ്റെ വ്യക്തിപരമായ സംതൃപ്തിക്ക് ഉതകുന്നില്ലെന്ന തോന്നലാകാം ഒരുപക്ഷേ സ്വതന്ത്ര സംഗീതത്തിലേക്ക് തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സ്വന്തം സംഗീത സ്കൂളായ 'ഓറിയോൺ' വഴിയും മറ്റും പുതിയ പ്രതിഭകളെ വളർത്താനും സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്താനും അദ്ദേഹം കൂടുതൽ സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നുണ്ടാകാം. സ്വതന്ത്ര സംഗീതജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ രണ്ടാം ഇന്നിംഗ്സിനായി സംഗീതലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യൂട്യൂബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമാ സന്ദർഭങ്ങളുടെ കെട്ടുപാടുകളില്ലാതെ തനതായ ശൈലിയിൽ ഗാനങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. അന്താരാഷ്ട്ര തലത്തിൽ കച്ചേരികൾ അവതരിപ്പിക്കുന്നതിലും ലൈവ് ഷോകളിലും അദ്ദേഹം ഇനി കൂടുതൽ സജീവമായേക്കും. പിന്നണി ഗാനരംഗം വിടുന്നു എന്ന് പറയുമ്പോഴും സംഗീതത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നില്ല എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ മാത്രമാണ് ആരാധകർക്ക് ഏക ആശ്വാസം. ഒരു യുഗത്തിൻ്റെ അവസാനമായാണ് സംഗീത നിരൂപകർ ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്.
.

