ആത്മഹിതം(കവിത)

ആത്മഹിതം(കവിത)

പിതൃക്കൾ  വരം തന്നെ ഭൂമിയിൽ നിന്നും 

 ഉയിർക്കുന്നതീയൽ  ചിറകാർന്നുനമ്മൾ 

അകം ചുട്ടഭൂവിൻ നെരിപ്പോട് നെഞ്ചിൽ 

തണൽതേടി മോളിൽ പറക്കുന്ന നേരം 


കനക്കുന്ന മേഘതണുപ്പിൽ  വിറയ്ക്കും 

അതിലോലമാമീ ചിറകിൻ്റെ  കമ്പം 

അറിയുന്നതില്ലാരുമെന്നാലിനിക്കോ 

കൊടുംപറ ചെണ്ടതൻ അത്യുഗ്രഘോഷം 


മനസ്സിൽ നിരർത്ഥക ചിന്തയ്ക്കതീതം 

ഇഹ നീതിബോധമീ വാഴ്വിൻ നിയോഗം 

നിനച്ചതിൽ ഓരോ ശരിതെറ്റുതേടി 

തലയ്ക്കകം കത്തി പ്രചണ്ഡാർത്ത പീഡ !


തമസ്സിൽ തരം പാർത്തു നിൽക്കുന്നു സ്വന്തം 

നിഴൽ പുറ്റിനുള്ളിൽ അഹംബോധ ദ്വന്ദം 

ചതിച്ചും ചിരിച്ചത്ര സ്നേഹം നടിച്ചും 

സ്വയം കൃതാ കൂപേ ഉഴന്നു മണ്ഡൂകം!


നിനച്ചതിൽ എല്ലാം നിരർത്ഥക ചിന്ത-

യ്ക്കനുസൃതം മെല്ലെ തുഴഞ്ഞാഴ്ന്നിടുമ്പോൾ 

എനിക്കിത്ര വിസ്‌തൃതം ,വർത്തുള ലോകം 

അലച്ചാർത്തും ആഴക്കടലിൻ സമാനം 


ഉടൽകൂടിൽ നിന്നും പുറപ്പെട്ടലയാൻ

തുടിക്കുന്നതാൽമൻ ജ്വാലാമുഖി പോലെ 

 പരന്നാർത്ഥമാമീ ഉടൽ നീഡമോരോ

പരിതാപയാത്രയ്ക്കുതീർത്തപാഥേയം 


നിതാന്താശ,നൈരാശ്യ ബോധാതിബോധം

തകർക്കുന്നതുള്ളിൽ  മലർപൊടി സ്വപ്‌നം 

ഒരിക്കൽ നാമെല്ലാം തിരിക്കേണ്ട ദേശം

വിളിക്കുന്നു മുന്നിൽ നിതാന്താർത്ഥ  സത്യം...!