"സ്ത്രീകൾ തത്ത ചിറകടിച്ച് കൂട് തകർത്തുയരുന്നത് പോലെ സ്വയം സ്വാതന്ത്ര്യം കണ്ടെത്തണം ": നടി ബീന ആർ ചന്ദ്രൻ

"സ്ത്രീകൾ തത്ത ചിറകടിച്ച് കൂട് തകർത്തുയരുന്നത് പോലെ സ്വയം സ്വാതന്ത്ര്യം കണ്ടെത്തണം ":  നടി ബീന ആർ ചന്ദ്രൻ

മുംബൈ: തത്ത എങ്ങിനെയാണോ  ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ. 'ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്റെ മുംബൈയിലെ വിജയകരമായ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു  മികച്ചനടിക്കുള്ള സംസ്ഥാന ചലച്ചിത്ര  പുരസ്‌ക്കാര ജേതാവുകൂടിയായ   ബീന ആർ. ചന്ദ്രൻ. പുത്തൻ തലമുറയിലേക്ക് നാടകത്തിൻ്റെ സ്നേഹ ഭാഷ പകരാൻ ഉള്ള ശ്രമമാവും തൻ്റെ ഭാവി ജീവിതമെന്നും ബീന ആർ ചന്ദ്രൻ കൂട്ടിചേർത്തു .

നാടകത്തിലൂടെ സ്വയം ആവിഷ്കരിക്കാൻ തയാറായി കുട്ടികൾ വരുന്നു എന്നതും അവരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾ ഉണ്ട് എന്നതും, അന്യഥാ കലുഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആശാവഹമാണെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ബീന ചന്ദ്രൻ അഭിപ്രായപ്പെട്ടു.ജാതി മത ചട്ടക്കൂടുകൾ സൃഷ്ടിക്കുന്ന ഭീഷണി യാഥാർത്ഥ്യമായിരിക്കെത്തന്നെ ഈ വശം പ്രതീക്ഷ നൽകുന്നുവെന്നും നാടകം തൻ്റെ ജീവിതമാണെന്നും സിനിമയെ അംഗീകാരത്തിനുള്ള അവസരം എന്ന നിലയ്ക്കാണ് കാണുന്നതെന്നും അവർ വിശദീകരിച്ചു.

ഇപ്റ്റ കേരള -മുംബൈ ചാപ്റ്റർ , നെരൂളിലെ സമാജം ഹാളിൽ സംഘടിപ്പിച്ച  നാടകാവതരണത്തിനെ തുടർന്നു നടന്ന, നടിയുമായുള്ള  മുഖാമുഖം  കവയിത്രി സുനിത ഏഴുമാവിൽ നയിച്ചു. 


'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ' , 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് നാടകരാവ് തുടങ്ങിയത്. അനഘ അശോക്, അഥിൻ ഹരീന്ദ്രനാഥ് എന്നീ യുവ നാടക പ്രവർത്തകർ  വിജേഷിൻ്റെ ഓർമ്മകൾ പാടിയുണർത്തി.

ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രസിഡണ്ട് ബിജു കോമത്, സ്മിത അനീഷ് കുമാർ, ഡിംപിൾ ഗിരീഷ്, രുഗ്മിണി സാഗർ എന്നിവർ അവതാരകരായി.മുതിർന്ന നാടക പ്രവർത്തകയായ സുമ മുകുന്ദൻ, കെ ടി നായർ, സുമലത മധു, സുധ അരുൺ, അനിൽ പ്രകാശ് എന്നിവർ കലാപാഠശാല സംഘത്തേയും യുവ നാടക പ്രവർത്തകരേയും അനുമോദിച്ചു.ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രവർത്തകരായ ജി വിശ്വനാഥൻ സ്വാഗതവും ഷാബു ഭാർഗ്ഗവൻ  നന്ദിയും പറഞ്ഞു.ബീന ആർ ചന്ദ്രൻ പാടിയും മറുമൊഴി പറഞ്ഞുമാണ് നാടകരാവിന് തിരശ്ശീല വീണത്.

 നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും അവതരണം കലാപാഠശാല ആറങ്ങോട്ടുകരയുമാണ് .