പി .പി. പ്രദീപിന്റെ ചിത്രപ്രദർശനം ജഹാംഗീറിൽ ഒക്ടോബർ 13ന്
മുംബൈ: മുംബൈ മലയാളിയായ പി .പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ഒക്ടോബർ 13ന് ആരംഭിക്കും. പ്രശസ്ത ചിത്രകാരൻ റ്റി.വി സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന ചിത്രപ്രദർശനം ഒക്ടോബർ 19 വരെനീണ്ടുനിൽക്കും. . "ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ് ലിറ്റിൽ ഡ്രീംസ്(Between Infinity and Little Dreams) എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്രപ്രദർശനത്തിൽ ഓയിൽ പെയിന്റ്, വാട്ടർ കളർ, അക്രിലിക് കളർ എന്നിവ ഉപയോഗിച്ച് ചെയ്ത ചിത്രങ്ങളാണ് ഉള്ളത്. രണ്ട് വ്യത്യസ്ത സീരീസിലുള്ള ചെറുതും വലുതുമായ 40 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത് .വിവിധ കാലഘട്ടങ്ങളിൽ സാമൂഹികവും സാംസ്കാരികവുമായ വന്നിട്ടുള്ള മാറ്റങ്ങളും അവ മനുഷ്യജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തി ലോക്ക് ഡൗൺ കാലഘട്ടത്തിനു മുൻപ് ചെയ്ത ചിത്രങ്ങളും ലിറ്റിൽ ഡ്രീംസ് എന്ന പേരിൽ അതിനു ശേഷം ചെയ്ത ചിത്രങ്ങളും ആണ് പ്രദർശനത്തിനുള്ളത്. ലോക്ക്ഡൗൺ കാലഘട്ടത്തിലെ പരിമിതമായ സ്വാതന്ത്ര്യത്തോടെ കൂടുതൽ സമയവും ഒരു വീട്ടിൽ അല്ലെങ്കിൽ മുറിയുടെ ഉള്ളിൽ അടഞ്ഞിരിക്കേണ്ടി വരുന്ന സാഹചര്യം, ഏകാന്ത ,ഭയം, അസുഖം ,അതിജീവനം എന്നിവയോടൊപ്പം ചെറിയ സന്തോഷങ്ങളും പ്രത്യാശകളും പ്രതിഫലിക്കുന്നവയാണ് "ലിറ്റിൽ ഡ്രീംസ്" സീരീസിലെ ചിത്രങ്ങൾ.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കൂവപ്പടി ആണ് പ്രദീപിന്റെ ജന്മസ്ഥലം. കൂവപ്പടിയിലെ ഗണപതി വിലാസം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പാവൂരിലെ ചിത്രാലയ സ്കൂൾ ഓഫ് ആർട്ട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ. കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യിൽ നിന്ന് ബി .എഫ് .എ ഒന്നാം റാങ്കോടുകൂടി പാസ്സായി. തുടർന്ന് മുംബൈയിലെ പ്രശസ്തമായ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് എം. എഫ് .എ പൂർത്തീകരിച്ചു. ആ വർഷം തന്നെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചു.
ഈ കഴിഞ്ഞ മാർച്ചിൽ ആംസ്റ്റർഡാമിലെ സൗത്ത് ഏഷ്യൻ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ "മാപ്പിംഗ് ദി ഇൻവിസിബിൾ" എന്ന് നാമകരണം ചെയ്ത ഏകാംഗപ്രദർശനം ചെയ്തു.ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചർ റിലേഷൻ ഡാർജിലിങ്ങിൽ വച്ച് നടത്തിയ ഇന്ത്യ - ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ റസിഡൻസി പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കൊച്ചി മുസ്സിരീസ് ബിനാലെ ഫൗണ്ടേഷനോടൊപ്പം പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത "ലോകമേ തറവാട്" എന്ന എക്സിബിഷനിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി എക്സിബിഷനുകളിൽ പി.പി. പ്രദീപ് പങ്കെടുത്തിട്ടുണ്ട്. കൂവപ്പടി പുതിയേടത്ത് വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.ഇപ്പോൾ മുംബൈയിലെ വീരാറിൽ താമസം. ഭാര്യ: ദിവ്യ. മകൻ: പാർത്ഥൻ.

