ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്ത ബിനാലെ : 20 ദിവസത്തിലെത്തിയത് 1.6 ലക്ഷം സന്ദർശകർ!
എറണാകുളം :ഡിസംബർ 12 ന് തുടക്കം കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനെ കലാസ്നേഹികൾ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത് . സന്ദർശകരുടെ എണ്ണത്തിൽ ഇത്തവണ സർവകാല റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. തുടങ്ങിയ ആദ്യ ഇരുപത് ദിവസങ്ങൾക്കുള്ളിൽ തന്നെ 1.6 ലക്ഷം ആളുകളാണ് ബിനാലെ നഗരിയിലേക്ക് ഒഴുകിയെത്തിയത്.

ഡിസംബർ 12നും 31നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇത്രയധികം ആളുകൾ ബിനാലെ സന്ദർശിച്ചത്. ഇത്തവണ പത്ത് ലക്ഷത്തിലധികം ആളുകൾ ബിനാലെ സന്ദർശിക്കുമെന്നാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റ് ബോസ് കൃഷ്ണമാചാരി പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെയും സാംസ്കാരികമായ വളർച്ചയുടെയും തെളിവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള കലാപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമേ തദ്ദേശീയരായ ജനങ്ങളും വലിയ തോതിൽ ബിനാലെ കാണാൻ എത്തുന്നുണ്ട്.
നിർമിതബുദ്ധി അധിഷ്ഠിത ഡാറ്റ ഉപകരണങ്ങൾ വഴിയുള്ള വിശകലനത്തിലൂടെ സന്ദർശകരുടെ എണ്ണത്തിലെ പരിഷ്കരിച്ച കണക്കുകൾ വരും ആഴ്ചകളിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സന്ദർശകരുടെ വരവ്, തിരക്ക് കൂടുതലുള്ള സമയങ്ങൾ, കൂടുതൽ സന്ദർശകർ എത്തുന്ന വേദികൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാൻ എഐ സംവിധാനം സഹായിക്കും. ആസൂത്രണം, സന്ദർശകരുടെ എണ്ണം, തിരക്ക് നിയന്ത്രിക്കൽ എന്നിവ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.
കൂടുതൽ സ്ഥലങ്ങളിലേക്കും വേദികളിലേക്കുമുള്ള വ്യാപനമാണ് ബിനാലെയുടെ ഈ പതിപ്പിൻ്റെ സവിശേഷതയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി അറിയിച്ചു. പ്രധാന കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിനിന്ന മുൻ പതിപ്പുകളിൽ നിന്ന് മാറി ഇത്തവണ കൊച്ചിയിലെ വ്യത്യസ്തവും വിശാലവുമായ സ്ഥലങ്ങൾ, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, വെയർഹൗസുകൾ, പൊതു ഇടങ്ങൾ, ഇതര വേദികൾ എന്നിവിടങ്ങളിലേക്ക് ബിനാലെ വികസിച്ചിട്ടുണ്ട്. പുതിയ ഇൻസ്റ്റലേഷനുകളും തത്സമയ കലാപരിപാടികളും ആളുകളെ വീണ്ടും വരാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏവരേയും ആകർഷിക്കുന്ന സൗജന്യവേദികൾ:
ആകെയുള്ള 29 വേദികളിൽ ആറെണ്ണത്തിൽ മാത്രമേ ടിക്കറ്റ് ആവശ്യമുള്ളൂവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് പറഞ്ഞു. ആർട്ട് ബൈ ചിൽഡ്രൻ, സ്റ്റുഡൻ്റ്സ് ബിനാലെ തുടങ്ങിയ ടിക്കറ്റ് ആവശ്യമില്ലാത്ത നിരവധി വേദികളുണ്ട്. ഇവിടങ്ങളിലേക്കെല്ലാം ധാരാളം സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ അവിടെ എത്തുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ നിലവിൽ സാധിക്കുന്നില്ല. എഐ അധിഷ്ഠിത സംവിധാനങ്ങൾ നടപ്പിലാക്കുന്നതോടെ കൂടുതൽ കൃത്യമായ കണക്ക് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കലാ-സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടവർക്ക് പുറമേ വിദ്യാർഥികൾ, പണ്ഡിതർ, കലാകാരന്മാർ, വിനോദസഞ്ചാരികൾ, കുടുംബങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സന്ദർശകരാണ് ബിനാലെയിൽ എത്തുന്നത്. ഇത് ബിനാലെയുടെ വർധിച്ചുവരുന്ന സ്വീകാര്യതയെയാണ് തെളിയിക്കുന്നത്. മാർച്ച് അവസാനം വരെ ബിനാലെ നീണ്ടുനിൽക്കുന്നതിനാൽ സ്കൂൾ അവധി ദിവസങ്ങൾ, വിനോദസഞ്ചാരികളുടെ വരവ്, മൗത്ത് പബ്ലിസിറ്റി എന്നിവയിലൂടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത.ഒരു കലാപ്രദർശനം എന്നതിലുപരി കൊച്ചി നഗരത്തിൻ്റെ സ്വത്വത്തെയും സമ്പദ്‌വ്യവസ്ഥയെയും രൂപപ്പെടുത്തുന്ന പ്രധാന പൊതു സാംസ്കാരിക പ്രസ്ഥാനമെന്ന നിലയിലുള്ള പങ്കിനെ ബിനാലെ അടിവരയിടുന്നു. നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 31 വരെ പ്രദർശനങ്ങൾ നീണ്ടുനിൽക്കും.


