മാട്ടുംഗ ബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു
മുംബൈ: ബോംബെ കേരളീയ സമാജം (മാട്ടുംഗ)കേരള ഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു. നൂറിലധികം വനിതകൾ പങ്കെടുത്ത ചടങ്ങിൽ മുംബൈ ഇൻകം ടാക്സ് കമ്മീഷണർ സ്മിത വി. നായർ മുഖ്യാതിഥിയായി പങ്കെടുത്തു.സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം ആശംസിച്ചു. ട്രഷറർ എം.വി. രവി, വനിതാ വിഭാഗം ഇൻചാർജ് ജ്യോതിർമയി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജോ. സെക്രട്ടറി ടി.എ. ശശി നന്ദി പറഞ്ഞു .
മുഖ്യാതിഥി സ്മിത വി.നായർ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രസക്തിയും പെൺകുട്ടികൾ വളർത്തിയെടുക്കേണ്ട സ്വയംപര്യാപ്തതയുടെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി .സമാജം നടത്തിവരുന്ന നൃത്ത, യോഗ, കഥക് ക്ലാസുകളുടെ അധ്യാപികമാരായ സ്വപ്ന കൽവികട്ടെ, ശ്രീമതി വർഷ മണിയാർ, രൂപാലി ദേശായി എന്നിവരെയും, ലക്നൗവിൽ നടന്ന 4-ാമത് മർദാനി നാഷണൽ ചാമ്പ്യൻഷിപ്പിൽ 7–9 വയസ് വിഭാഗത്തിൽ വാൾപയറ്റിൽ സ്വർണവും ലാത്തിയിൽ വെള്ളിയും നേടിയ കുമാരി ശ്രേയ പ്രസാദ് നായരെയും പൊന്നാടയും ഫലകവും സമ്മാനവും നൽകി ചടങ്ങിൽ ആദരിച്ചു.
യോഗ ക്ലാസ് അംഗങ്ങൾ നൃത്താവിഷ്കാരവും ഭരതനാട്യം നൃത്തവും അവതരിപ്പിച്ചു. വിദ്യ പണിക്കർ, സ്നിഗ്ധ ദേവദാസ്, സിദ്ധിജ, ആശ, സുനിത എന്നിവരുടെ ഗാനങ്ങളും അരങ്ങേറി.പരിപാടിയുടെ അവതാരകരായി സമാജം വനിതാ വിഭാഗം മെമ്പർ ഇൻചാർജ് ജ്യോതിർമയിയും മുൻ മെമ്പർ ഇൻചാർജ് ബിന്ദു പ്രിയനും പരിപാടികൾ നിയന്ത്രിച്ചു. സമാജം ഭരണസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.


