ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ ഓണാഘോഷം നിറഞ്ഞ സദസ്സിൽ നടന്നു

മുംബൈ: ഡോംബിവ്‌ലി നായർ ഫെൽഫെയർ അസോസിയേഷൻ്റെ  മുപ്പത്തിഏഴാമത്‌ വാർഷികവും ഓണാഘോഷവും  ഭോപ്പർ റോഡിലുള്ള  ശ്രീവരദ്  സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ  വിവിധ കലാപരിപാടികളോടെ പ്രൗഢ ഗംഭീരമായി   നടന്നു.  സാംസ്‌കാരിക സമ്മേളനത്തിൽ  പ്രമുഖ സാമൂഹ്യപ്രവർത്തക അഡ്വ.പ്രേമാമേനോൻ മുഖ്യാതിഥിയായിരുന്നു,   മുൻ മന്ത്രിയും എംഎൽഎയുമായ രവീന്ദ്രചവാൻ , പ്രമുഖ പ്രഭാഷകനും  ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.ടി. പി.ശശികുമാർ,   എംഎൽഎ രാജേഷ് മോറെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .

  പ്രസിഡൻ്റ് കൊണ്ടോത്ത് വേണുഗോപാൽ, ജന:സെക്രട്ടറി മധു ബാലകൃഷ്ണൻ മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർ ഭദ്രദീപം കൊളുത്തിപരിപാടികളുടെ   ഉദ്ഘാടനം  നിർവ്വഹിച്ചു.   കേരളത്തിൻ്റെ പരാമ്പരാഗതമായ  കൈകൊട്ടിക്കളിയും മറ്റ് നൃത്യ നൃത്തങ്ങളും  നാടൻ പാട്ടും സിനിമാ ഗാനങ്ങളും അവതരിപ്പിച്ചുകൊണ്ട് സമാജം കലാകാരൻമാർ വേദിയിൽ നിറഞ്ഞാടി.  നിറഞ്ഞ കൈയടികളോടെയായിരുന്നു  നിറഞ്ഞ സദസ്സിൻ്റെ പ്രോത്സാഹനം .

സ്വാഗത പ്രസംഗത്തിൽ പ്രസിഡൻ്റ് കൊണ്ടോത്ത് വേണുഗോപാൽ  സംഘടനയുടെ ചിരകാല അഭിലാഷമായ  കമ്മ്യൂണിറ്റി ഹാളിനെക്കുറിച്ച് സംസാരിക്കുകയും വേദിയിലിരുന്ന ജനപ്രതിനിധികളോട് അതിന് വേണ്ട സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.  രണ്ട് എംഎൽഎ മാരും മറുപടി പ്രസംഗത്തിൽ സർക്കാർ തലത്തിലുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.പാരമ്പര്യങ്ങളെ വിസ്മരിക്കാതെ അവയെ അനാചാരമെന്ന് പറഞ്ഞ് തള്ളാതെ അവയെ ചേർത്ത് പിടിച്ച് ജീവിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി  അഡ്വ. പ്രേമാമേനോൻ സംസാരിച്ചു .

ഡോ. ടി.പി. ശശികുമാർ, കർമ്മത്തിലും വിശ്വാസത്തിലും ഐതിഹ്യങ്ങളിലും ഊന്നിയ നമ്മുടെ ദൈനംദിന ജീവിതത്തെ നർമ്മരസത്തോടെ നിർവചിച്ച് സദസ്സിന് അറിവും വെളിച്ചവും പകർന്നു. പ്രേക്ഷകർക്ക് ചോദ്യങ്ങൾ ചോദിക്കുവാനും സംശയ ദൂരികരണത്തിനും അദ്ദേഹം സമയം നൽകി.  സാംസ്കാരിക സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും, വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.  അസോസിയേഷൻ  മുഖ  പ്രസിദ്ധീകരണമായ "നിത്യചൈതന്യം" ആഘോഷ വേദിയിൽ വച്ച് പ്രകാശനം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ നന്ദി പറഞ്ഞു.