ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം എ .എൻ .ഷംസീർ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമ്മാനിച്ചു

ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം എ .എൻ .ഷംസീർ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമ്മാനിച്ചു

കണ്ണൂർ : കണ്ണൂർ വേവ്സ് സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ഏട്ടാമത് ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം   കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നന്ന  ചടങ്ങിൽവെച്ച്  കേരള നിയമ സഭാ സ്പീക്കർ എ .എൻ .ഷംസീർ നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകനുമായ  പ്രേമൻ ഇല്ലത്തിനു സമ്മാനിച്ചു . 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ്   പുരസ്‌കാരം.  കണ്ണൂർ കോർപറേഷൻ മേയർ  ഇന്ദിര.പി, കൈരളി  ചാനൽ ഗൾഫ് റിപ്പോർട്ടർ ഇ.എം. അഷറഫ് ,രാജൻ അഴീക്കോടൻ, എം രത്നകുമാർ ,സുധീർ പൂച്ചാലി , സജീവൻ ചെല്ലൂർ, ശ്യാം നാരായണൻ   തുടങ്ങി സാമൂഹ്യ സാഹിത്യ സംസ്‌കാരികരംഗത്തെ  പ്രമുഖർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. വേവ്സ്  ട്രസ്റ്റ് പ്രസിഡന്റ്‌ കെ. പി .ശ്രീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തൻ്റെ എഴുത്തിൻ്റെ വഴികളെക്കുറിച്ചും  പുരസ്‌കാരത്തിന് അർഹമാക്കിയ ' നഗരത്തിൻ്റെ മാനിഫെസ്റ്റോ ' എന്ന പുസ്തകത്തെക്കുറിച്ചും വിശദമായി   സംസാരിച്ച പ്രേമൻ ഇല്ലത്ത് ,  തന്നെ ഒരു എഴുത്തുകാരനാക്കിയത് മുംബൈ ആണെന്നും  വ്യക്തമാക്കി.കേരളത്തിലെ പ്രമുഖരായ എഴുത്തുകാർക്ക് മാത്രം പുരസ്‌ക്കാരം നൽകി വന്നിരുന്ന  വേവ്സ് സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റ്‌ , പ്രവാസി എഴുത്തുകാരുടെ രചനകളെയും അവാർഡിനായി തെരഞ്ഞെടുത്തു  എന്നത് നല്ലൊരു തുടക്കമാണ് എന്ന്‌  ഇ.എം. അഷറഫ് പറഞ്ഞു. പ്രേമൻ ഇല്ലത്തിൻ്റെ രചനകളുടെ മികവും സവിശേഷതയും എടുത്തുപറഞ്ഞ അദ്ധേഹം അർഹതയ്ക്കുള്ള അംഗീകാരമാണ് 'ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം' നേടിയതിലൂടെ പ്രേമൻ ഇല്ലത്തിന് ലഭിച്ചതെന്നും ആശംസ പ്രസംഗത്തിൽ പറഞ്ഞു.

നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് ,മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.ഡോക്ടർ ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി സാഹിത്യ പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രേമൻ ഇല്ലത്തിൻ്റെ   പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

അവാർഡ് ദാന ചടങ്ങിനുശേഷം  നീലാംബരി വേവ്സ് മ്യൂസിക് ക്ലബിന്റെ ഗാനമേളയും അരങ്ങേറി.