'ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം' , ഇന്ന് പ്രേമൻ ഇല്ലത്തിന് സമ്മാനിക്കും

കണ്ണൂർ : കണ്ണൂർ വേവ്സ് സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ഏട്ടാമത് ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള നിയമ സഭാ സ്പീക്കർ എ .എൻ .ഷംസീർ നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്തിനു സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിര.പി എന്നിവർ സംബന്ധിക്കും.
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാർഡിനർഹമാക്കിയതെന്നു അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
ഡോക്ടർ ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി സാഹിത്യ പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രേമൻ ഇല്ലത്തിൻ്റെ പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.കെ. ജയകുമാർ ഐ എ എസ്, ശ്രീകുമാരൻ തമ്പി, പുനത്തിൽ കുഞ്ഞബ്ദുള്ള, എം .മുകുന്ദൻ, സി. രാധാകൃഷ്ണൻ,ടി പദ്മനാഭൻ എന്നീ സാഹിത്യ പ്രതിഭകൾക്ക് മുൻവർഷങ്ങളിൽ കണ്ണൂർ വേവ്സിൻ്റെ സുകുമാർ അഴീക്കോട് പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. പി .ശ്രീശൻ പറഞ്ഞു. ഭാരവാഹികളായ എം.സി. സുരേഷ് കുമാർ, ഒ. എൻ. രമേശൻ, എ എം ആർ അഷ്‌റഫ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.ശ്രീകുമാരൻ തമ്പി, ഡോ.കെ ജയകുമാർ, എം മുകുന്ദൻ എന്നിവരാണ് കണ്ണൂർ വേവ്സ് ൻ്റെ നിലവിലുള്ള രക്ഷാധികാരികൾ.