മലയാളികളും മറുഭാഷക്കാരും ദേശക്കാരും നെഞ്ചേറ്റിയ സ്വരം; അര്‍ജിത്ത് സിംഗ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

മലയാളികളും  മറുഭാഷക്കാരും ദേശക്കാരും  നെഞ്ചേറ്റിയ സ്വരം; അര്‍ജിത്ത് സിംഗ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

മുംബൈ: ഇനി പിന്നണി ഗാനരംഗത്തേക്ക് ഇല്ലെന്ന അര്‍ജിത്ത് സിംഗിന്‍റെ തീരുമാനം ഇന്ത്യന്‍ സംഗീത ലോകത്തേയും ആരാധകരേയും ഒരുപോലെയാണ് ഞെട്ടിച്ചത്. ചൊവ്വാഴ്‌ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിരമിക്കല്‍ വാര്‍ത്ത പങ്കുവച്ചത്.കരിയറിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് താന്‍ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുകയാണെന്ന് ഗായകന്‍ പ്രഖ്യാപനം നടത്തിയത്. ഈ വാര്‍ത്ത അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും ഹൃദയം നുറുങ്ങുന്ന വേദനയാണുണ്ടാക്കിയത്.ഈ തീരുമാനത്തില്‍ നിന്ന് പിന്മാരാന്‍ അര്‍ജിത്തിനോട് ആരാധകര്‍ ഒന്നടങ്കം അഭ്യര്‍ഥിക്കുകയാണ്. വിരമിക്കല്‍ തീരുമാനം നേരത്തെയായിപ്പോയെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാര്‍ത്ത കേട്ടയുടനെ അര്‍ജിത്തിന്‍റെ മാന്ത്രിക ശബ്‌ദത്തിലുള്ള, ഹൃദയം തൊടുന്ന പാട്ടുകള്‍ ഓര്‍മിപ്പിച്ചാണ് പല ആരാധകരും പ്രഖ്യാപനത്തോട് പ്രതികരിച്ചത്.പിന്നണി ഗായകനായി ഇനി പുതിയ ജോലികള്‍ഏറ്റെടുക്കുന്നില്ലെന്നായിരുന്നു അര്‍ജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.നൂറ്റാണ്ടിന്‍റെ പ്രതിഭ എന്നായിരുന്നു അര്‍ജിത്തിന്‍റെ പ്രഖ്യാപനം അറിഞ്ഞ റാപ്പര്‍ ബാദ്‌ഷായുടെ പ്രതികരണം.

ഇത് കേട്ടപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും തനിക്ക് ഇത് മനസിലാവുന്നില്ലെങ്കിലും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഗായകനും സംഗീത സംവിധായകനുമായ അമാല്‍ മാലിക് കുറിച്ചു. താന്‍ അര്‍ജിത്ത് സിംഗിന്‍റെ ആരാധകനായിരിക്കുന്നുവെന്നും അര്‍ജിത്ത് ഇല്ലെങ്കില്‍ ചലച്ചിത്ര സംഗീത ലോകം ഒരിക്കലും പഴയപോലെ ആകില്ലെന്നും അര്‍ജിത്തിന്‍റെ കാലഘട്ടത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നും അമാല്‍ മാലിക് കുറിച്ചു.ഒരു പതിറ്റാണ്ടിലേറെയായി മലയാളികളടക്കം ഹൃദയത്തിലേറ്റിയ ഗായകനാണ് അര്‍ജിത്ത് സിംഗ്. അത്രയേറെ മനോഹരമായ ഗാനങ്ങളാണ് അര്‍ജിത്ത് സിംഗ് സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് അര്‍ജിത്ത് സിംഗിന്‍റെ ജനനം. സംഗീത പ്രേമികയായ അര്‍ജിത്തിന്‍റെ അമ്മ മകനെ മൂന്ന് വയസു മുതല്‍ സംഗീതം പഠിപ്പിക്കാനയച്ചിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ അര്‍ജിത്ത് ശ്രദ്ധിക്കപ്പെട്ടു. 18 വയസുള്ളപ്പോഴായിരുന്നു അത്.പിന്നീടാണ് പിന്നണി ഗാനരംഗത്തേക്ക് താരം എത്തുന്നത്. ബംഗാളി ചലച്ചിത്ര മേഖലയിലാണ് ആദ്യം ജോലി ചെയ്‌തു തുടങ്ങിയത്. ആ സമയത്ത് ഒരു ആല്‍ബം റെക്കോര്‍ഡ് ചെയ്യാനായി കുമാര്‍ തൗറാനി അദ്ദേഹത്തെ മുംബൈയിലേക്ക് വിളിപ്പിച്ചു. ഒരു വര്‍ഷമെടുത്താണ് റെകോര്‍ഡിങും മിക്സിങും മാസ്റ്ററിങ്ങുമെല്ലാം കഴിയുമ്പോള്‍ പക്ഷേ ആ ആല്‍ബം പുറത്തിറങ്ങിയില്ല. ഇതിന്‍റെ നിരാശയില്‍ 2010 ല്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കുമ്പോഴാണ് സംഗീത സംവിധായകന്‍ പ്രീതം അര്‍ജിത്ത് സിങ്ങിനെ വിളിക്കുന്നത്. ആ കോളാണ് അര്‍ജിത്തിന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്.ബോളിവുഡില്‍ സംവിധായകര്‍ പുതിയ കഥകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അന്ന്. സംഗീത മേഖലയിലും ഈ മാറ്റമുണ്ടായിരുന്നു. പ്രീതിനൊപ്പം ചേര്‍ന്ന് പ്രൊഗ്രാമിങ് ചെയ്തു. പിന്നീട് പ്രീതിനൊപ്പം ചേര്‍ന്നും അല്ലാതെയും അര്‍ജിത്ത് ഗാനങ്ങള്‍ ചെയ്‌തു.ഫിര്‍ മൊഹബ്ബത്ത് എന്ന ചിത്രത്തിലൂടെയാണ് അര്‍ജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മര്‍ഡര്‍ 2 എന്ന ചിത്രത്തിലും ഗാനങ്ങള്‍ ആലപിച്ചു. 2011 ലായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം പ്രീതിനൊപ്പം നാല് ചിത്രങ്ങള്‍ ചെയ്‌തു. എന്നാല്‍ 2013 ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തില്‍ തും ഹി ഹോ എന്ന ഗാനം പുറത്തിറങ്ങിയതോടെ അര്‍ജിത്ത് സിംഗിന്‍റെ തലവര തന്നെ മാറി. ഈ ഗാനത്തിന് നിരവധി അവാര്‍ഡുകളും അവസരങ്ങളും തേടിയെത്തി.പിന്നീടങ്ങോട്ട് അര്‍ജിത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉയരങ്ങളിലൂടെയുള്ള യാത്രയായിരുന്നു അത്. അപ്പോഴാണ് പൊടുന്നനെ വിരമിക്കല്‍ വാര്‍ത്തയും എത്തുന്നത്.

ഇതുവരെ സിനിമകളിലും അല്ലാതെയുമായി 800 ല്‍ അധികം ഗാനങ്ങള്‍ അര്‍ജിത്ത് ആലപിച്ചിട്ടുണ്ട്. സാനിയ മൽഹോത്ര അഭിനയിച്ച 'പാഗ്‌ലൈറ്റ്' പോലുള്ള സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തിന് അകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകള്‍.ഗാനരംഗത്തേക്ക് എത്തി 15 വര്‍ഷം പിന്നിടുമ്പോള്‍ അര്‍ജിത്തിന്‍റെ മാന്ത്രിക ശബ്‌ദം കേള്‍ക്കാത്ത ഒരു ദിവസം പോലും നമുക്കിടയില്‍ ഉണ്ടാവില്ല. അര്‍ജിത്ത് സിംഗ് എന്ന ഗായകനും അദ്ദേഹത്തിന്‍റെ മനോഹര ശബ്‌ദവും അത്രമേല്‍ ഓരോ സംഗീത പ്രേമി യുടെയും മനസ്സിൽ  പതിഞ്ഞിട്ടുണ്ട്