രാഗസുധ രമേഷിന് വിട !
മുംബൈ: തൃശൂർ പൂരത്തിന് 'മുംബൈ പൂരം' എന്ന നഗരപതിപ്പുണ്ടാക്കി ലോകമലയാളികൾക്കിടയിൽ ശ്രദ്ധേയനായി മാറിയ രമേഷ് അയ്യർ(67) സ്വദേശമായ പാലക്കാട് ഇന്ന് അന്തരിച്ചു. ഏറെ വർഷക്കാലം മുംബൈയിലെ (ഡോംബിവ്‌ലി )യിലെ കലാസാംസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം പിന്നീട് ജന്മദേശത്ത് താമസം മാറുകയും അവിടെ 'ടേസ്റ്റ് ഓഫ് കൽപാത്തി 'എന്നപേരിൽ ഹോട്ടൽ നടത്തിവരികയുമായിരുന്നു .ഇന്നലെ രാത്രി ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപവാസികൾ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

മികച്ച ഒരു കലാസ്വാദകനായിരുന്ന രമേഷ് അയ്യർ, കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ ആസൂത്രണമികവും സംഘടനാ പാടവുമുള്ള വ്യക്തിയായിരുന്നു. സഹൃദയത്വവും എളിമയും ജീവിതത്തിലെ ലാളിത്യവും കൊണ്ട് വലിയൊരു സൗഹൃദവലയം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അവരെ കൂടെനിർത്തിയായിരുന്നു മുംബൈ മലയാളികളേയും മറുഭാഷക്കാരെയും വിസ്‍മയിപ്പിച്ച 'മുംബൈ പൂരം ' പോലുള്ള മെഗാ പരിപാടികൾ അദ്ദേഹം മഹാനഗരത്തിൽ ഒരുക്കിയിരുന്നത് .

'രാഗസുധ രമേഷ് 'എന്ന പേരിലൂടെ മുംബൈയിൽ ആർക്കും തിരിച്ചറിയാവുന്ന തലത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ഡോംബിവ്‌ലി -കല്യാൺ പ്രദേശത്തെ സൗഹൃദകൂട്ടായ്മായിലൂടെ രൂപം കൊണ്ട 'രാഗസുധ' എന്ന സംഘടനയിലൂടെയാണ് .യേശുദാസ് ,ജയചന്ദ്രൻ ,എംജിശ്രീകുമാർ ,കെഎസ് .ചിത്ര തുടങ്ങിയ പ്രശസ്‌ത ഗായകരേയും മറ്റു പ്രമുഖ ചലച്ചിത്ര നടന്മാരെയും മുംബൈ അരങ്ങിലെത്തിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികൾ രാഗസുധയുടെ ആഭിമുഖ്യത്തിൽ നടന്നു .
2012 ൽ മുംബൈ പൂരത്തിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 2,639 വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച 'മെഗാ കൈകൊട്ടിക്കളി' ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. സംഗീത കുലപതി വി.ദക്ഷിണാമൂർത്തിയെ മുംബൈയിലേക്ക് ആനയിച്ച് മുംബൈ പൂര വേദിയിൽ വെച്ച് 'പാദപൂജ 'നടത്തിയതിന് പിന്നിലും രമേഷ് അയ്യരായിരുന്നു.പൂരത്തിൻ്റെ ദൃശ്യശബ്‌ദവാദ്യ പൊലിമകളോടൊപ്പം സംഗീതവും നൃത്തവും ചിത്രകലയും ആദരിക്കൽ ചടങ്ങുകളൊക്കെ സമന്വയിച്ച മുംബൈ അതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഘോഷമായിരുന്നു മൂന്നുദിവസം നീണ്ടുനിന്ന മുംബൈ പൂരം. അദ്ദേഹത്തിൻ്റെ ചിന്തയിൽ നിന്നും രൂപം കൊണ്ടതാണ് മുംബൈയിലെ ആദ്യത്തെ മൾട്ടി കളർ മലയാളം ടാബ്ലോയിഡ് പത്രമായ വൈറ്റ് ലൈൻ ' വാർത്ത'യും 'ആംചി മുംബൈ 'ചാനലും. അന്തരിച്ച നടൻ കലാഭവൻ മണി അവസാനമായി ഒരു മെഗാഷോ യുമായി മുംബൈയിൽ വരുന്നത് 'വാർത്ത' യുടെ ബാനറിൽ രമേഷ് അയ്യർ സംഘടിപ്പിച്ച പരിപാടിയിലാണ് .കേരളത്തനിമയുടെ പശ്ചാത്തലമൊരുക്കി ഒരു ഓപ്പൺ സ്റ്റേജിൽ കലാഭവൻ മണി ആടിപ്പാടിയതും പ്രേക്ഷകർ നാടൻ രുചിയോടെ അത് ആസ്വദിച്ചതും രമേഷ് അയ്യരുടെ സംഘാടന പാടവത്തിനുള്ള ഉദാഹരണങ്ങളാണ്.
അതിനുശേഷമാണ് ഇംഗ്ലീഷ് കൈയക്ഷരം നന്നാക്കാനുള്ള സേവന പദ്ധതിയുമായി അദ്ദേഹം വരുന്നത് .മഹാരാഷ്ട്രയിലും മറ്റുസംസ്ഥാനങ്ങളിലും വിദേശത്തും നിരവധി വിദ്യർത്ഥികളെ നല്ല കൈയക്ഷരത്തിന് ഉടമകളാക്കാൻ അദ്ദേഹത്തിൻ്റെ പാഠ്യപദ്ധതിയിലൂടെ സാധിച്ചതായി സ്‌കൂൾ അധികാരികൾ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒരു മികച്ച മെഗാഷോ ഒരുക്കാനായി രമേഷ് അയ്യർ വീണ്ടും എന്നെങ്കിലും മുംബൈയിലേയ്ക്ക് വരുമെന്ന പ്രതീക്ഷ കൈവിടാതിരിക്കുമ്പോഴാണ് ആകസ്മികമായ അദ്ദേഹത്തിൻ്റെ മരണവാർത്ത ഇന്നറിയുന്നത് .
ആദരാഞ്ജലികളോടെ ,
വേൾഡ് എം ന്യുസ്


