FIFA WORLDCUP 2026: പരാഗ്വേയോട് 1-0 ന് തോറ്റതിന് ശേഷം തുർക്കി പുറത്ത്

FIFA WORLDCUP 2026:   പരാഗ്വേയോട് 1-0 ന് തോറ്റതിന് ശേഷം തുർക്കി പുറത്ത്

സാൻ ഫ്രാൻസിസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് 'ഡി' പോരാട്ടത്തിൽ തുർക്കിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പരഗ്വെ ശക്തമായി തിരിച്ചെത്തി. ആവേശകരമായ മത്സരത്തിൽ, കളി തുടങ്ങി കൃത്യം 65-ാം സെക്കൻഡിൽ മത്യാസ് ഗലാർസ നേടിയ ഗോളാണ് മത്സരത്തിന്‍റെ ഫലം നിർണ്ണയിച്ചത്. പകുതിയിലധികം സമയവും പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും കടുത്ത പ്രതിരോധ കോട്ട തീർത്താണ് പരഗ്വെ തുർക്കിയെ തളച്ചത്. ഈ തോൽവിയോടെ തുർക്കി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടം കാണാതെ പുറത്താവുകയും ചെയ്‌തു.

ആദ്യ മത്സരത്തിൽ യു.എസ്.എ യോട് 4-1 ന് കനത്ത തോൽവി ഏറ്റുവാങ്ങിയ പരഗ്വെ ടീമിൽ പരിശീലകൻ ഗുസ്‌താവോ അൽഫാരോ വരുത്തിയ മാറ്റങ്ങളാണ് നിർണ്ണായകമായത്. ആദ്യ മത്സരത്തിൽ ടീമിലില്ലാതിരുന്ന 24 കാരനായ മത്യാസ് ഗലാർസയെ ഇത്തവണ ആദ്യ ഇലവനിൽ തന്നെ പരിശീലകൻ ഉൾപ്പെടുത്തി. കോച്ചിന്‍റെ ആത്മവിശ്വാസത്തിന് ഗലാർസ നൽകിയ മറുപടി ലോകകപ്പ് ചരിത്രത്തിന്‍റെ താളുകളിലാണ് ഇടംപിടിച്ചത്കളിയുടെ രണ്ടാമത്തെ മിനിറ്റിൽ പരഗ്വെ നടത്തിയ ആദ്യ മുന്നേറ്റത്തിൽ നിന്നും 25 യാർഡ് അകലെ വെച്ച് പന്ത് സ്വീകരിച്ച ഗലാർസ, തുർക്കി പ്രതിരോധത്തെ കാഴ്ചക്കാരാക്കി തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ട് നേരെ തുർക്കിയുടെ ഗോൾവലയുടെ താഴത്തെ മൂലയിലേക്ക് തുളച്ചുകയറി. വെറും 65 സെക്കൻഡുകൾ മാത്രമാണ് അപ്പോൾ കളി പിന്നിട്ടിരുന്നത്. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന റെക്കോർഡ് ഗലാർസ സ്വന്തമാക്കി. സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിൽ 70-ാം സെക്കൻഡിൽ ഗോൾ നേടിയ മൊറോക്കോ താരം ഇസ്‌മയില്‍ സൈബാരി ഏതാനും മണിക്കൂറുകൾക്ക് മുൻപ് സ്ഥാപിച്ച റെക്കോർഡാണ് ആറ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഗലാർസ തിരുത്തിക്കുറിച്ചത്. ഗോൾ അടിച്ചതിന് തൊട്ടുപിന്നാലെ കടുത്ത ഫൗൾ ചെയ്‌തതിന് ഗലാർസയ്ക്ക് റഫറി മഞ്ഞക്കാർഡും നൽകിയിരുന്നു.

പുതിയ നിയമവും അൽമിറോണിന്‍റെ ചുവപ്പ് കാർഡും

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ നാടകീയമായ സംഭവങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. കളിക്കാർ തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ പരസ്‌പരം വായ മൂടിപ്പിടിച്ച് സംസാരിക്കരുതെന്ന ഫിഫയുടെ പുതിയ കടുത്ത നിയമം ലംഘിച്ചതിന് പരഗ്വെയുടെ സൂപ്പർ താരം മിഗ്വൽ അൽമിറോണിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഇതോടെ മത്സരത്തിന്‍റെ ശേഷിച്ച പകുതിയിലധികം സമയവും പത്തുപേരുമായി കളിക്കേണ്ട കടുത്ത സമ്മർദ്ദത്തിലായി പരഗ്വെ.രണ്ടാം പകുതിയിൽ സമനില ഗോളിനായി തുർക്കി താരങ്ങൾ നിരന്തരം പരഗ്വെ ബോക്സിലേക്ക് ആക്രമിച്ചു കയറിയെങ്കിലും പരഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്‍റെ അവിശ്വസനീയമായ സേവുകളാണ് ടീമിന്‍റെ ലീഡ് കാത്തുസൂക്ഷിച്ചത്.

ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞു; തുർക്കി പുറത്തേക്ക്

പരഗ്വെയുടെ ജയത്തോടെ ഗ്രൂപ്പ് ഡി-യിലെ ചിത്രങ്ങൾ വ്യക്തമായി. തുടർച്ചയായ രണ്ടാം തോൽവിയോടെ തുർക്കി പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് 2-0 ന് തുർക്കി പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ രണ്ട് വിജയങ്ങളുള്ള അമേരിക്ക (യു.എസ്.എ) ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.അടുത്ത വ്യാഴാഴ്‌ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പരഗ്വെ ഓസ്‌ട്രേലിയയെ നേരിടും. രണ്ട് ടീമുകൾക്കും മൂന്ന് പോയിന്‍റുകള്‍ വീതമുള്ളതിനാൽ, ഈ മത്സരത്തിൽ വിജയിക്കുന്നവർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറും.