സ്കേറ്റിങ് ഷൂവണിഞ്ഞ് നാല് മണിക്കൂര്‍ ഭരതനാട്യം :രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ലോകറെക്കോര്‍ഡ്

മംഗളുരു :സ്കേറ്റിങിനുപയോഗിക്കുന്ന ഷൂവണിഞ്ഞ് നാല് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ലോകറെക്കോര്‍ഡിലേക്ക്.കര്‍ണാടകയിലെ മംഗളുരുവിലുള്ള സെന്‍റ് ആഗ്നസ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി സുശ്രവ്യയാണ് അപൂര്‍വ നൃത്താവതരണവുമായി കാണികളെ അമ്പരപ്പിച്ചത്.
ഡിസംബര്‍ പന്ത്രണ്ടിന് രാവിലെ എട്ട് മണിക്കാണ് പെണ്‍കുട്ടിയുടെ നൃത്താവതരണ തുടങ്ങിയത്. പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്യാനാണ് ഇവള്‍ ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ നൃത്തത്തിനിടെ ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ഇത് പാതിയില്‍ അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കാന്‍ ഇവള്‍ക്കായി.മുന്‍കാല റെക്കോര്‍ഡ് തകര്‍ത്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായും സുശ്രവ്യ പറഞ്ഞു. ഈ നേട്ടത്തിനായി താന്‍ ഒരുപാട് കഷ്‌ടപ്പെട്ടെന്നും അവള്‍ വ്യക്തമാക്കി.പല്ലുഗുപ്‌തയുടെ 90 മിനിറ്റ് റെക്കോര്‍ഡാണ് സുശ്രവ്യ തകര്‍ത്തത്. 240 മിനിറ്റാണ് ഇവള്‍ സ്കേറ്റിന് മുകളില്‍ നിന്ന് നൃത്തം ചെയ്‌തത്.
ഒരു മണിക്കൂര്‍ പോലും ഇത്തരത്തില്‍ നൃത്തം ചെയ്യുന്നത് ദുഷ്‌കരമാണെന്ന് ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്‍റെ ഏഷ്യന്‍ മേധാവി ഡോ. മനീഷ് വൈഷ്‌ണോയി പറയുന്നു. പെണ്‍കുട്ടിയെ മെഡല്‍ നല്‍കി അദ്ദേഹം ആദരിച്ചു.പതിനാല് വര്‍ഷമായി ഈ നേട്ടത്തിനായി സുശ്രവ്യ പരിശ്രമിക്കുകയാണ്. സുമന്‍ ശ്രീകാന്ത് എന്ന ഗുരുവിന് കീഴിലാണ് സുശ്രവ്യ സ്‌കേറ്റിങ് പഠിക്കുന്നത്. ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്തത്തില്‍ ജൂനിയര്‍ സീനിയര്‍ പരീക്ഷകള്‍ സുശ്രവ്യ പാസായിട്ടുണ്ട്.ഒന്നാം ക്ലാസുമുതല്‍ സ്കേറ്റിങും അഭ്യസിക്കുന്നുണ്ടെന്ന് അമ്മ ശശിരേഖ പറഞ്ഞു. അത് കൊണ്ടാണ് ഇത്തരത്തില്‍ ഭരതനാട്യം അവതരിപ്പിക്കണമെന്ന താത്പര്യം അവളില്‍ ഉണ്ടായത്. ഏതായാലും ഈ നേട്ടം ഏറെ അഭിമാനകരമാണെന്നും ശശിരേഖ പറഞ്ഞു.