നാടകാവതരണത്തിലൂടെ ആവശ കലാകാരന്മാർക്ക് ധനസമാഹരണം : ആലോചനാ യോഗം ഇന്ന്
മുംബൈ : അവശത അനുഭവിക്കുന്ന പഴയകാല നാടകപ്രവർത്തകരെ ആദരിക്കുന്നതിനും അർഹമായ ചികിത്സാസഹായം ലഭ്യമാക്കി അവർക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യവും മുൻനിർത്തി കേരളീയ കേന്ദ്ര സംഘടന ഡോംബിവ്‌ലി കേരളീയ സമാജത്തിൻ്റെ സഹകരണത്തോടെ നാടകാവതരണം സംഘടിപ്പിക്കുന്നു. പ്രശസ്ത നാടക സമിതിയായ മലപ്പുറം ലിറ്റിൽ എർത്ത് അവതരിപ്പിക്കുന്ന, "കുഹൂ" എന്ന ഏറ്റവും പുതിയ നാടകം മാർച്ച് 28, ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് കല്യാൺ വെസ്‌റ്റിലുള്ള കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിൽ അരങ്ങേറും.ഈ ജീവകാരുണ്യ സംരംഭം വൻവിജയമാക്കി തീർക്കുന്നതിനായി കല്യാൺ-ഡോംബിവലി മേഖലയിലെ സാംസ്ക്കാരിക-സാമൂഹ്യ പ്രവർത്തകരുടെ ഒരു പ്രത്യേക ആലോചനാ യോഗം ഇന്ന് വൈകുന്നേരം 6 മണിക്ക് ഡോംബിവ്‌ലിയിൽ ചേരും.
സ്ഥലം: ഡോംബിവലി കേരള സമാജം (ഈസ്റ്റ്) ഓഫീസ്ഹാൾ , ശുഭം കരോട്ടി ബിൽഡിംഗ്, (ഡോംബിവ്‌ലി ഈസ്റ്റ് )
കൂടുതൽ വിവരങ്ങൾക്ക് :മാത്യു തോമസ് - 91674 49349,സുരേന്ദ്ര ബാബു - 98200 63617, പി.ഡി ജയപ്രകാശ് - 98330 74099
ചരിത്രപാളങ്ങളിലൂടെ കൂകിപ്പാഞ്ഞുപോകുന്ന ‘കുഹു’
സ്വാതന്ത്ര്യപൂർവകാലംമുതൽ ഇന്ത്യയുടെ ചരിത്രത്തിന് നെടുകെയും കുറുകെയും പായുന്ന ട്രെയിനാണ് ‘കുഹു’ എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രം. ഒരുഡസനോളം അഭിനേതാക്കളും അവർ കൈയിലും തലയിലും പേറുന്ന തകരപ്പെട്ടികളുമാണ് ട്രെയിനും പ്ലാറ്റ്‌ഫോമും പാളങ്ങളുമായി മാറുന്നത്. സംഗീതോപകരണങ്ങളും ഗാന്ധിയുടെ ചർക്കയും ചവറ്റുകൊട്ടയും ശവമഞ്ചവുമൊക്കെയായി തകരപ്പെട്ടികൾ രൂപാന്തരപ്പെടുന്നു.ദക്ഷിണാഫ്രിക്കയിൽ ഗാന്ധിയുടെ ഒന്നാംക്ലാസ് ട്രെയിൻ യാത്രയിലെ ദുരനുഭവംമുതൽ ഇന്ത്യ–പാക് വിഭജനത്തിന്റെമുറിവിലൂടെയുള്ള പലായനവും ഗോധ്രയുംവരെ രക്തപങ്കിലമായ ചരിത്രത്തിലൂടെ 'കുഹൂ' നാടകാസ്വാദകരെ കൊണ്ടുപോകുന്നു. കർഷകസമരത്തിന്റെ ചരിത്രംപേറുന്ന പൊഡനുർ റെയിൽവേ സ്‌റ്റേഷൻ, വാഗൺട്രാജഡിക്ക് സാക്ഷിയായ തിരൂർ, പ്രേതഭീതിയിൽ 42 വർഷം ഉപേക്ഷിച്ചിട്ട ബംഗാളിലെ ബേഗൺകോഡൂർ തുടങ്ങിയ സ്‌റ്റേഷനുകളുടെ ചരിത്രവും' കൂഹൂ 'വിൻ്റെ ചൂളം വിളിയിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു.പ്രണയവും വിരഹവും കാത്തിരിപ്പുമൊക്കെ റെയിൽ അനുഭവങ്ങളായിത്തന്നെ നാടകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. മുംബൈയിലെ നാടകപ്രേമികൾക്ക് സുപരിചിതനായ അരുൺലാലാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .

