കാളകെട്ടിയിലെ ഗുസ്തിക്കാർ(കഥ)

കാളകെട്ടിയിലെ ഗുസ്തിക്കാർ(കഥ)

പച്ചകുന്നുകളും പ്രകൃതി ഭംഗി നിറഞ്ഞ താഴ്വരയും ചേർന്ന ശാന്തമായ ഒരു മലയോര ഗ്രാമമായിരുന്നു കാളകെട്ടി. രാവിലെ തുഷാര ബിന്ദുക്കൾ താഴ്വരയിലെ ചെടികളിൽ വീണ് പറ്റിപ്പിടിച്ചുറങ്ങുന്നുണ്ടാവും. ക്ഷേത്രത്തിലെ മണിനാദം കേട്ടാണ് ദിവസവും ഗ്രാമം ഉണരുന്നത്. അവിടെ രണ്ടു പേർ, രണ്ടു മല്ലൻമാർ, ജഗനും വീരനും, ഉണ്ടായിരുന്നു. അവരെ വെല്ലാൻ ആരും തന്നെ സമീപ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നില്ല. അവർ വളർന്നു വന്നതും കായികാഭ്യാസം പഠിച്ചതും ഒന്നിച്ചായിരുന്നു. അവർ വളർന്നു വലുതായത് ഒരു ആത്മാവും രണ്ടു ശരീരവും എന്നപോലെയാണ്. ഒന്നിച്ചു മാത്രമേ പുഴയിൽ കുളിക്കാൻ പോകൂ. മിക്കപ്പോഴും ഭക്ഷണം ഒരേ ഇലയിൽ നിന്നു തന്നെ കഴിക്കും.

രക്തബന്ധത്തിലും വലിയ കൂട്ടു കെട്ട്. ഒരിക്കൽ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ പെട്ട വീരനെ ജഗൻ അതിസാഹസിക മായാണ് രക്ഷിച്ചത്. മലമ്പനി പിടിപെട്ടു മരിക്കുമെന്നായപ്പോൾ വീരനാണ് ചുമന്നുകൊണ്ട് ആശു പത്രിയിൽ കൊണ്ടുപോയത്. അവർ വെറും ഗുസ്തിക്കാരല്ല, സഹോദരതുല്യരായിരുന്നു.വളർന്നതനുസരിച്ച് അവരുടെ ഖ്യാതിയും വർദ്ധിച്ചു. അടുത്ത നഗരത്തിൽ നിന്നുമൊക്കെ അവരെതേടി ഗുസ്തി മത്സരം നടത്തുന്ന ക്ലബ്ബുകാർ  കാളകെട്ടി യിൽ എത്തിയിരുന്നു. അങ്ങനെ  അവരുടെ പ്രതാപവും സമ്പത്തും കൂടി. ജഗൻ ഒരിടത്താണെങ്കിൽ മറ്റൊരിടത്ത് വീരൻ ആകും എതിരാളികളെ നേരിടുന്നത്. ഒരിക്കലും അവർ പരസ്പരം ഏറ്റുമുട്ടാറില്ല. അത് കുട്ടി ക്കാലത്ത് ശിവക്ഷേത്രത്തിന്റെ മുന്നിലെ ആഞ്ഞിലി മരത്തിന്റെ തറയിൽ വെച്ച് നടത്തിയ പ്രതിജ്ഞയായിരുന്നു.

"ലോകം എങ്ങനെ തന്നെ മാറിയാലും നമ്മൾ ഒരിക്കൽ പോലും ഈ ബന്ധം മറന്ന് പരസ്പരം പൊരുതുകയില്ല." ഇരുവരും ചേർന്ന് അനനടുത്ത ശപഥം ഒരിക്കലും ഒരു തമാശ യായിട്ടുപോലും തെറ്റിച്ചിട്ടില്ല.ഇതിനിടയിൽ കിട്ടിയ പ്രശസ്തി അവരിൽ അത്യാഗ്രഹമുണ്ടാക്കി യതായി നാട്ടുകാർ പറഞ്ഞു നടന്നു.  അത് മുതലാക്കി ഇടനിലക്കാർ തരം കിട്ടുമ്പോ ഴെക്കെ അവരുടെ ഉള്ളിൽ  വിഷം കുത്തിവെച്ച് മുതലെടുക്കാൻ ശ്രമിച്ചു. ജഗന്റെ ഗാട്ടാ ഗുസ്തി വളരെ അധികം കാണികളെ ആകർഷിച്ചു. ഫോൾക്ക് ഗുസ്തി യിലായിരുന്നു വീരന് കൂടുതൽ താല്പര്യം.  കുബുദ്ധിയായ ഒരു ഇടനില ക്കാരൻ അമിത ലാഭം പ്രതീക്ഷിച്ച് അവരെ അകറ്റാനുള്ള ശ്രമം തുടങ്ങി. രണ്ടു പേരിലും മറ്റയാളെ പറ്റിയുള്ള കള്ളങ്ങൾ പറഞ്ഞു പ്രചരിപ്പിച്ചു. ജഗനെ കണ്ടപ്പോൾ പറഞ്ഞത് വീരൻ പുറത്ത് വെല്ലു വിളിക്കുന്നുണ്ട്. അയാളുടെ ശക്തിയിലാണ് ജഗൻ പേടിക്കുന്ന തെന്ന് കഴിഞ്ഞ മത്സരത്തിനു ശേഷം പറഞ്ഞതായും കൂട്ടി ചേർത്തു.വീരനെ കാണാൻ മറ്റൊരു സംഘത്തെയും അയച്ചു. 

"ജഗനുമായെന്താ പ്രശ്നം. അയാൾ നിങ്ങൾക്കെതിരെ അപവാദങ്ങൾ പറയുന്നല്ലോ? ധൈര്യമില്ലാത്തതിനാലാണ് ഗോദയിൽ നേരിടാൻ വരാത്തത്." അവർ വീരനെ പുകഴ്തുന്നതിനിട യിൽ പറഞ്ഞു.ഒടുവിൽ നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഗോദയിൽ അവർ തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയൊരുക്കി. വലിയ വാർത്താ പ്രാധാന്യം മത്സരത്തിനുണ്ടായി.ജഗനും വീരനും ഈ മത്സരത്തിൽ എന്തോ പന്തികേട് തോന്നി. രണ്ടു പേർക്കും ഉണ്ടായ വേദന  അവൻ എന്തുകൊണ്ട് ഇങ്ങനെ ഒരു  ഏറ്റുമുട്ടലിന് സമ്മതിച്ചു എന്നതാണ്. അന്നു രാത്രി ഇരുവർക്കും  ഉറക്കം വന്നില്ല.  പരസ്പരമുള്ള ബഹുമാനംമൂലം ഈ വിഷയം തമ്മിൽ ചോദിച്ചു പിണങ്ങുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചു.  ഗുസ്തിക്കായി അവർ  നഗരത്തിലേക്ക്  പുറപ്പെട്ടതും  ഒന്നിച്ചല്ലായിരുന്നു.

"എന്തുകൊണ്ടാകും വീരന് എന്നോടിത്ര ദേഷ്യം.. നമ്മളെടുത്ത ശപഥം അവൻ മറന്നതെന്തേ?"

യാത്രയിൽ ജഗൻ അവനോടു തന്നെ ചോദിച്ചു.നഗരത്തിലെത്തിയ വീരൻ വിശ്രമമുറിയിൽ കയറി കതകടച്ചു. ഉള്ളിൽ നിന്നു വന്ന സങ്കടം. കരച്ചിലായി. കുറച്ചുനേരം കരഞ്ഞു. എങ്കിലും ജഗനെന്നെ എങ്ങനെ ചതിക്കാൻ തോന്നുന്നു. സങ്കടം സഹിക്കവയ്യാതെ വീരൻ മുഖം കഴുകി പുറത്തിറങ്ങി നടന്നു.അന്നായിരുന്നു മത്സരം. കാണികളെ കൊണ്ട് മത്സരരംഗം നിറഞ്ഞു. അതുവരെ കാണാത്തത്ര കാഴ്ചക്കാർ. ആയിരങ്ങളുടെ ആരവം. ഗോദയിലേക്കുള്ള വെളിച്ചം കൂടുതൽ പ്രകാശിച്ചു. രണ്ടു പേരുടേയും പേരുകൾ വിളിച്ചു പറഞ്ഞ് ഗുസ്തിയുടെ വിവിധ രീതികൾ നടത്തിപ്പുകാർ വിവരിച്ചു കൊണ്ടിരുന്നു. കാണികളുടെ ജയ് വിളികളിൽ ജഗനും വീരനും ഗോദയിലേക്ക്  ഇരുവശങ്ങളിലൂടെ  കടന്നുവന്നു.രണ്ടു പേരും  ഏറ്റുമുട്ടുന്നത് കാണാൻ കാണികൾ ആകാംക്ഷാഭരിതരായി.  ജഗനും വീരനും ഒന്നും മിണ്ടാതെ നിന്നു. ഒരു ദേഷ്യവും പ്രകടിപ്പിച്ചില്ല. മത്സരത്തിന് സമയമായി. അവർ ആദ്യമായി ശത്രുക്കളെ പോലെ കണ്ണു കോർത്ത് അടുത്തു. അവരുടെ മുഖത്ത് വേദനയുടെ ഭാവം ആയിരുന്നു.

റഫറി കൈ ഉയർത്തി. " തുടങ്ങൂ " 

രണ്ടു പേരുടേയും ഇടയിൽ വന്നു ദ്വന്തഗുസ്തിക്ക് ആഖ്യാനം ചെയ്തു പിന്നിലേക്ക് മാറി.രണ്ടുപേരും അനങ്ങിയില്ല.

വീരാ പറയെടാ.. സത്യം പറ. നിനക്ക് എന്നോട് മത്സരിക്കാൻ സമ്മതമാണോ?

കാണികളുടെ കോലാഹലങ്ങൾ ക്കിടയിൽ മൗനം മുറിച്ച് ജഗന്റെ ശബ്ദം വീരനു മുന്നിൽ മുഴങ്ങി.

ഇല്ലടാ.. അപ്പോൾ ജഗാ.. നീ അല്ലേ ഈ വെല്ലുവിളിയുമായി ഇറങ്ങിയത്. വീരന്റെ ചുണ്ടുകൾ വിറച്ചു.

അല്ലെടാ.' എനിക്കെങ്ങനെ അതിനു കഴിയും! ജഗൻമുന്നോട്ട് വന്ന് വീരന്റെ തോളിൽ കൈ വെച്ചു.

ആരെക്കെയോ ചേർന്ന് നെയ്തു തുടങ്ങിയ ചിലന്തിവല പൊട്ടി തകർന്നു വീണു. സത്യത്തിന്റെ കിരണങ്ങൾ അവർക്കിടയിൽ കാർമേഘങ്ങൾ മുറിച്ച് എത്തുന്ന സൂര്യവെളിച്ചം പോലെ പടർന്നു.ഗുസ്തി കാണാൻ വന്ന കാണികളുടെ ക്ഷമ നശിക്കാൻ തുടങ്ങി. അവർ ഇതിനോടകം കളിക്കെടാ.. നോക്കി നില്ക്കാതെ.. എന്നൊക്കെ ശബ്ദങ്ങൾ ഉണ്ടാക്കുകയും വിസിൽ 'അടിക്കുകയും ഒക്കെ ചെയ്തു തുടങ്ങി.എല്ലാവരുടേയും പ്രതീക്ഷക്ക് വിരുദ്ധമായി ജഗനും വീരനും ഹസ്തദാനം നല്കി കെട്ടിപിടിച്ചു.. രണ്ടുപേരും കണ്ണുകൾ നിറഞ്ഞു. അവർ രണ്ടു പേരും കൂടി  മത്സരം സംഘടിപ്പിച്ച സംഘാടകനെ ഗോദയിലേക്ക് വിളിച്ചു.  ഓരോകൈ കൊണ്ട് അയാളെ ഉയർത്തി. അവർ ഒന്നിച്ച് .. അയാളെ ഗോദക്ക് പുറത്തേക്ക് ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.അതു കണ്ടതും കാണികൾ കോരിത്തരിച്ചു. കൈയ്യടികൾ തുടങ്ങി. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു കൊണ്ടിരുന്നു. കാഴ്ചക്കാരായി വന്നവർക്ക് ഗുസ്തി മത്സരം കാണുന്നതിലും സന്തോഷം ഉണ്ടായി. പലരുടെയും കണ്ണിൽ വെള്ളം നിറഞ്ഞു.എല്ലാവർക്കും അവിടെ നടന്നത് സ്നേഹത്തിന്റെ ഗുസ്തിയായി തോന്നി.അന്ന് രാത്രി കാളകെട്ടിയിലെ  ജനങ്ങൾ അവരെ അഭിനന്ദിച്ചു കൊണ്ട് ക്ഷേത്രത്തിനു ചുറ്റും ദീപങ്ങൾ തെളിച്ചു.ആ സൗഹൃദത്തെ പ്രകീർത്തി ച്ചവർ രണ്ടു പേർക്കും ജയ് വിളിച്ച്  പടക്കം പൊട്ടിച്ചു.ജഗനും വീരനും കാളകെട്ടിയിലെ മല്ലന്മാരായി തന്നെ തുടർന്നും ജീവിച്ചു. അവരുടെ കഥ ഓരോ ഗ്രാമത്തിലും പാട്ടായി. അസൂയ കൊണ്ട് പൊരുതാതെ, ഒന്നിച്ചു നിന്ന് ഒരു നുണ പൊളിച്ച രണ്ടു ഗുസ്തിക്കാർ.