അപരിചിതർ (കഥ)

അപരിചിതർ (കഥ)

നിത്യവും തൊഴിലിടത്തേക്കുള്ള തിരക്കിട്ട യാത്രക്കിടയിൽ നാനാത്വത്തിൽ ഏകത്വം എന്നപോലെ ആൾക്കൂട്ടത്തിലെ ഒരേ ഛായ തോന്നിക്കുന്ന നിരവധി ആൺ പെൺ മുഖങ്ങൾ കണ്ടുമുട്ടാറുണ്ടെങ്കിലും ഇടക്കുള്ള വഴിയോരത്തെ ഗുൽമോഹർചോട്ടിൽ വെച്ചാണ് ആൾക്കൂട്ടത്തിന്റേതിൽനിന്നും തികച്ചും വ്യത്യസ്ത മുഖച്ഛായയുള്ള അവളും ഞാനും കണ്ടുമുട്ടാറ്.

ഗുൽമൊഹർപ്പൂക്കൾ വിരിച്ച ചോപ്പുപരവതാനിയിൽ പാദങ്ങളൂന്നി ഒരു രാജഹംസത്തെപ്പോലെ   നടന്നുവന്ന് ഇടത്തോട്ടുള്ള കൈവഴിയിലേക്ക് അവളും വലത്തോട്ടുള്ള വഴിയിലേക്ക് ഞാനും പിരിഞ്ഞുപോകാറാണ് പതിവ്. അനർഘമെന്നു പറയാവുന്ന ആ അർദ്ധനിമിഷത്തിനിടയിൽ ഞങ്ങളുടെ കൃഷ്ണമണിച്ചില്ലുകൾ പരസ്പരം കൂട്ടിമുട്ടി ചിതറിത്തെറിക്കാറുണ്ട്......  അങ്ങനെ ഒരനുഷ്ടാനം പോലെ എത്രയോ നാളുകൾ!  

അപ്പോഴും ആരാദ്യം തുടങ്ങും എന്ന ഭാവത്തിന് ഒരു മാറ്റമുണ്ടായില്ല. എന്തിനേറെ, മന്ദസ്മിതത്തിന്റെ ഒരു പൂച്ചെണ്ട് പോലും കൈമാറിയില്ല. എങ്കിലും ആ മൗനസമാഗമങ്ങളുടെ നിത്യതയിൽ ഹൃദയംകൊണ്ട് ഒരായിരം പൂക്കൂടകൾതന്നെ കൈമാറാൻ മറന്നില്ല....

അങ്ങനെ അതുവരെ വിരസവും ഏകാന്തവുമായിരുന്ന തൊഴിലിടത്തേക്കുള്ള എന്റെ യാത്രകൾക്ക് പുതിയൊരു അനുഭൂതിയുടെ ഊർജ്ജവും ഉന്മേഷവും ആവേശവും കൈവന്നത് ഞാൻതന്നെ അറിഞ്ഞില്ല.  

'Excuse me....'

 ഒടുവിലൊരുദിവസം ഗുൽമോഹർച്ചോട്ടിലെ തണലിൽ വെച്ച് എന്റെ മൗനം കടിഞ്ഞാൺ പൊട്ടിക്കുകതന്നെ ചെയ്തു.  

  'Yes....?'

 വിസ്മയ കുതൂഹലങ്ങളോടെ രാജഹംസം ഒരു നിമിഷം നിന്നു.

 'May I know Your name please ...?'

എന്റെ ഉള്ളിൽനിന്ന് ആരോ ചോദിച്ചു.  

'Why.....?

എന്നെ നടുക്കന്നതായിരുന്നു ആ പ്രതികരണം.  

'I....L...i...k...e ....Y...o...u...as a friend......  

 അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.  

 'But I don't......I never make friendship with strangers.'

 'നിത്യവും കണ്ടുമുട്ടാറുള്ള നമ്മളിപ്പോൾ അപരിചിതരല്ലല്ലോ....'എന്ന് അവളെ ബോധ്യപ്പെടുത്താൻ തുനിയുമ്പോഴേക്കും ഗുൽമൊഹർച്ചോട്ടിൽനിന്നും അവൾ വലത്തോട്ട് തിരിഞ്ഞു കഴിഞ്ഞിരുന്നു.പിറ്റേന്നുമുതൽ തൊഴിലിടത്തേക്കുള്ള ആ യാത്രാവഴി ഞാൻ എന്നെന്നേക്കുമായി മാറ്റി.

 ഒരുപക്ഷേ, ആ ഗുൽമൊഹർച്ചോട്ടിലെത്തുമ്പോൾ  അവളുടെ കണ്ണുകൾ ഇന്നും എന്നെ തിരയുന്നുണ്ടാകും......