അന്താരാഷ്ട്ര പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ കെ.വേലായുധനെ ഉൾവെ കേരളസമാജം ആദരിച്ചു

മുംബൈ: തുർക്കി -ഇസ്താംബൂളിൽ നടന്ന 'ഏഷ്യൻ ഓപ്പൺ ആൻഡ് മാസ്റ്റേഴ്‌സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് - 2025' മാസ്‌റ്റേഴ്‌സിൽ 59കിലോ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് സ്വർണമെഡൽ നേടിയ പാലക്കാട് സ്വദേശിയും കേരള സമാജം ഉൾവെ നോഡ് അംഗം രശ്‌മി രജീഷിൻ്റെ പിതാവുമായ കെ.വേലായുധനെസമാജത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽവെച്ച് പൊന്നാടയണിയിച്ച് മൊമെന്റോ നൽകി ഭാരവാഹികൾ ആദരിച്ചു.
1980-കളിൽ കേരളത്തിലെ ആദ്യകാല ഭാരദ്വഹന മത്സരവേദികളിൽസജീവസാന്നിധ്യമായിരുന്ന വേലായുധൻ നാല്പത് വർഷങ്ങൾക്ക് ശേഷമാണ് എഴുപത്തിയൊന്നാമത്തെ വയസ്സിൽ ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് രാജ്യത്തിൻ്റെയും ജന്മനാടിൻ്റെ യും അഭിമാനമായി മാറുന്നത്. സർക്കാർ സ്ഥാപനമായ 'കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ഇന്ത്യ'യിൽ ദീർഘകാലം ജോലി ചെയ്ത് വിരമിച്ച അദ്ദേഹം, ഇപ്പോൾ മുട്ടിക്കുളങ്ങരയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം മുട്ടിക്കുളങ്ങരയിലെ F1 ജിമ്മിൽ -ൽ വീണ്ടും പരിശീലനത്തിനായി എത്തുന്നത്.ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ ദേശീയ റെക്കോർഡ് തകർത്ത അദ്ദേഹം നാഷണൽ ബെഞ്ച്‌പ്രസ് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയിട്ടുണ്ട്.
എല്ലാ കാലത്തും തനിക്ക് കരുത്തുനൽകിയ ഭാര്യ ഇന്ദിര, മുൻ ദേശീയതാരമായ മകൾ പ്രിയ അടക്കമുള്ള മക്കളും പേരക്കിടാങ്ങളുമായി വലിയൊരു നിരതന്നെ എന്നും പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും തൻ്റെ കൂടെനിന്നിരുന്നുവെന്ന് ആദരവ് ഏറ്റുവാങ്ങിയശേഷം വേലായുധൻ പറഞ്ഞു.
ഉൾവെ കേരള സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സമാജം വൈസ് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഭരണസമിതി അംഗങ്ങൾ, വനിതാ വിഭാഗം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.