വാർഷികo-ക്രിസ്മസ് - ന്യൂ ഇയർ എന്നിവ ആഘോഷിച്ച് കേരളീയ സമാജം നാഗ്‌പൂർ

നാഗ്‌പൂർ : കേരളീയ സമാജം നാഗ്‌പൂരിൻ്റെ എഴുപതാം വാർഷികവും ക്രിസ്മസ് - ന്യൂ ഇയർ ആഘോഷവും സമാജം ഹാളിൽ നടന്നു. പരിപാടികളുടെ ഉദ്ഘാടനം മുഖ്യാതിഥി സ്ഥലം എംഎൽഎ വികാസ് ജി താക്കറെ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സമാജം പ്രസിഡണ്ട് മനോജ് പി വി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി രാജഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സമാജം കുടുംബാംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടിളും നടന്നു. സമാജത്തിന്റെ പ്രസിഡണ്ട് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്ന മുൻ സാരഥികളെ ചടങ്ങിൽ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
സമാജത്തിന്റെ ആദ്യകാല പ്രസിഡണ്ടായ ഉദയഭാസ്കർ, നവതിയുടെനിറവിലെത്തി നിൽക്കുന്ന കെ.ജെ. ജോർജ്, ബിസി കെ നായർ, രാജകുമാര്‍ നായർ, മുൻ സെക്രട്ടറിയും പ്രസിഡണ്ടും കൂടിയായ ജയകൃഷ്ണൻ, മുൻ പ്രസിഡണ്ട് ശിവശങ്കർ പ്രസാദ്, മുൻ ജനറൽ സെക്രട്ടറിയും, മുൻ പ്രസിഡണ്ടും, നിലവിലെ പ്രസിഡണ്ടും കൂടിയായ മനോജ് പി വി, എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ കേരളീയ സമാജത്തിനെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിന് വേണ്ടി കഠിനപ്രയത്നം ചെയ്ത നിലവിൽ നാഗ്പൂരിൽ ഇല്ലാത്തവരുമായിട്ടുള്ള ആദ്യകാല സാരഥികളെയും ചടങ്ങിൽ സമാജം പ്രസിഡണ്ട് സ്മരിക്കുകയും അവരോട് കൃതജ്ഞത അറിയിക്കുകയും ചെയ്തു. ജെഎസ് ഗ്രൂപ്പ് ഡയറക്ടർ ലിജോ ജോസിനേയും ചടങ്ങിൽ ആദരിച്ചു. ഫെബ്രുവരി 15 ന് സമാജത്തിൻ്റെ നേതൃത്വത്തിൽ Jeyes Cricket Cup tournament നടത്തുമെന്ന് ചടങ്ങിൽ ജനറൽ സെക്രട്ടറി അറിയിച്ചു.
തുടർന്ന് സിനിമാഗാനങ്ങൾ, നാടൻ പാട്ടുകൾ നൃത്തം, നാടോടി നൃത്തം, കെ ജോൺ മ്യൂസിക് ബാൻഡ് ഓർക്കസ്ട്ര ടീം അവതരിപ്പിച്ച വാദ്യമേളം, ഹിന്ദി സിനിമ ഗാനങ്ങൾ, സമാജം ജനറൽ സെക്രട്ടറി രാജഗോപാലും സംഘവും ആക്ഷേപ ഹാസ്യ രീതിയിൽ അവതരിപ്പിച്ച ഓട്ടം തുള്ളൽ, കെ.സി.എ. ഗ്രൂപ്പിന്റെ (നാഗ്പൂർ) ക്രിസ്മസ് കരോൾ എന്നിവയും അരങ്ങേറി .
ശ്രീകൃഷ്ണ നൃത്താലയത്തിലെ നൃത്ത അധ്യാപികയായ പ്രമീള ഉണ്ണികൃഷ്ണനെ ചടങ്ങിൽ അനുമോദിച്ചു.(ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇവരുടെ ശിക്ഷണത്തിനുള്ള കുട്ടികൾക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു).
എൻജിപി. മേഖലയിലെ മികച്ച പ്രകടനം കാഴ്ചവെക്കുകയും , എടിഎല്ലിന് കീഴിലുള്ള ഒരു സയൻസ് പ്രോജക്ട് ഇന്നൊവേഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റിപ്പബ്ലിക് ദിനാചരണത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ സജീവനേയും ചടങ്ങിൽ അനുമോദിച്ചു. കേരളത്തിലേക്ക് താമസം മാറുന്ന സമാജത്തിൻ്റെ സജീവപ്രവർത്തകരായ രാജേന്ദ്രൻ പിള്ള ദമ്പതികളെ സമാജം ആദരിച്ചു .
സമാജം ഖജാൻജി സൂരജ് സ്വാമിനാഥൻ, പ്രോഗ്രാം കൺവീനർ ഷെർലി പവിത്രൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. രശ്മി ഉമേഷ് അവതാരകയായിരുന്നു .
സമാപനച്ചടങ്ങിൽ കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവരെയും സമാജം ഉപഹാരങ്ങൾ നൽകി അനുമോദിച്ചു .