എഴുത്തച്ഛൻ പുരസ്ക്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്

എഴുത്തച്ഛൻ  പുരസ്ക്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം :  കേരള  സർക്കാരിന്റെ  പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ  പുരസ്ക്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക് .  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ   സമഗ്രസംഭാവനയ്ക്കാണ് പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്.എഴുത്തച്ഛന് അപ്പുറം ഒരുകവിയില്ലെന്നും എഴുത്തച്ഛൻ പുരസ്‌ക്കാരത്തിനപ്പുറം ഒരു പുരസ്കാരമില്ലാ എന്നും പുരസ്കാരത്തിന് തെരഞ്ഞെടുത്ത വാർത്ത അറിഞ് കെജി ശങ്കരപ്പിള്ള പ്രതികരിച്ചു.ആ പുരസ്‌കാരം നേടുക എന്നത് ഏതൊരു കവിയും ആഗ്രഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

1970-കളില്‍ 'ബംഗാള്‍' എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. 1998ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനായി. 'കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍'ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2019ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു. ആധുനിക മലയാള കവിതയുടെ മുഖം എന്ന് വിശേഷിപ്പിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളവിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. എന്‍ എസ് മാധവന്‍ ചെയര്‍മാനും കെ ആര്‍ മീര, ഡോ. കെ എം അനില്‍ എന്നിവര്‍ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവായി കെ ജി ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തത്.