അബുദാബിയിൽ നിന്ന് മുംബൈയിലെത്തി വഴിതെറ്റിയ മലയാളിക്ക് രക്ഷകരായി കെഎംസിസി പ്രവർത്തകർ

അബുദാബിയിൽ നിന്ന് മുംബൈയിലെത്തി വഴിതെറ്റിയ മലയാളിക്ക് രക്ഷകരായി  കെഎംസിസി പ്രവർത്തകർ

മുംബൈ:അബുദാബിയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം നാട്ടിലേക്കു പോകാതെ വഴിതെറ്റി അലഞ്ഞുതിരയുകയായിരുന്ന  മലയാളിയെ  കണ്ടെത്തി   സുരക്ഷിതമായി താമസിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ ഒരുക്കുകയും ചെയ്ത ശേഷം ഇന്ന്   നാട്ടിലേക്ക് യാത്രയയക്കാൻ ഒരുങ്ങുകയാണ്  മുംബൈയിലെ കെഎംസിസി പ്രവർത്തകർ .  

കെഎംസിസി ഷാർജ സ്റ്റേറ്റ് സെക്രട്ടറി മുജീബ് റഹ്മാനും ഷാർജ വോളണ്ടിയർ ക്യാപ്റ്റൻ ഹകീം കരുവാടിയും, 2026 ജനുവരി 8-ന് ഉച്ചയ്ക്ക് 12.30-ഓടെ എഐ കെഎംസിസി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിനെ  ഫോൺ വഴി ബന്ധപ്പെട്ട്, നാസർ തയിൽ എന്നൊരു മലയാളി  മുംബൈയിൽ കുടുങ്ങിക്കിടക്കുന്നതായി അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ ഉടൻതന്നെ കെഎംസിസി ഗ്രൂപ്പുകളിൽ അറിയിപ്പ് നൽകുകയും, മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തു.

കഴിഞ്ഞദിവസം  മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്നും  നാസർ തയിലിനെ  കണ്ടെത്തി. എഐ കെഎംസിസി വൈസ് പ്രസിഡന്റ് മഷൂദ് മണിക്കോത്ത്, മുംബൈ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ, ഉമ്മർ പി.കെ.സി എന്നിവർ ചേർന്ന് അദ്ദേഹത്തെ മുംബൈ സെൻട്രലിലെ ആനം ഇന്റർനാഷണൽ ഹോട്ടലിലേക്ക് എത്തിക്കുകയും ഭക്ഷണവും മറ്റ് ആവശ്യമായ സഹായങ്ങളും നൽകുകയും ചെയ്തു.

ഇതിനുശേഷം എഐ കെഎംസിസി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ റസാഖിനെ ബന്ധപ്പെട്ട്, ബോംബെ കേരള മുസ്ലിം ജമാഅത്തിൽ താമസ സൗകര്യം ഒരുക്കി. നാക്പാടാ കെഎംസിസി വൈസ് പ്രസിഡന്റ് മജീദ് ഡോഗ്രി നാസർ തയിൽനൊപ്പം ജമാഅത്തിൽ എത്തിച്ച് സുരക്ഷിതമായി താമസിപ്പിച്ചു. ഇന്ന് നാട്ടിൽ നിന്നെത്തുന്ന ബന്ധുക്കൾ അദ്ദേഹത്തെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് എ ഐ കെഎംസിസി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ പി  അബ്ദുൾ ഗഫൂർ അറിയിച്ചു .

അന്വേഷണത്തിൽ, നാസർ തയിൽ കഴിഞ്ഞ ഏകദേശം 15 വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, കഴിഞ്ഞ 8 വർഷമായി വിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ലെന്നും വ്യക്തമായി. അഞ്ച് മാസം മുമ്പ് വിസ ഇല്ലാത്തതിനെ തുടർന്ന് ലേബർ അധികൃതർ പിടികൂടി ജയിലിലായിരുന്നുവെന്നും, ആറു ദിവസം മുമ്പാണ് ടിക്കറ്റ് എടുത്ത് മുംബൈയിൽ ഇറക്കിവിട്ടതെന്നും ബന്ധുക്കൾ അറിയിച്ചു. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നതിനാൽ പാസ്‌പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെടുകയും കൈവശം പണമൊന്നും ഇല്ലാതാകുകയും ചെയ്തിരുന്നു. മൂന്ന് ചെറിയ കുട്ടികളുള്ള ഭാര്യ അതീവ വിഷമത്തിലാണെന്നും അറിയിച്ചു.

അബുദാബിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ബന്ധു  മുഹമ്മദ് കുട്ടിയും, നാട്ടിലുള്ള ഭാര്യയും കെഎംസിസി പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. സമയോചിതമായ ഇടപെടലിലൂടെ നാസർ തയിൽ കണ്ടെത്തി ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സാധിച്ചതിൽ കുടുംബാംഗങ്ങൾ ആശ്വാസം പ്രകടിപ്പിച്ചു.നാസർ തയിൽ ഉൾപ്പെടുന്ന കുടുംബവും, ഷാർജ കെഎംസിസിയും മഹാരാഷ്ട്ര കെഎംസിസിയുടെ മാനുഷികവും കാര്യക്ഷമവുമായ പ്രവർത്തനത്തിന്  നന്ദി അറിയിച്ചു .