അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് 'കൂ...ഹൂ' മുംബൈയിലുമെത്തുന്നു : നാടകാവതരണം കല്യാണിലും വാഷിയിലും

അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്  'കൂ...ഹൂ' മുംബൈയിലുമെത്തുന്നു : നാടകാവതരണം കല്യാണിലും  വാഷിയിലും

 മുംബൈ: സാമൂഹ്യ പ്രസക്തിയുള്ള നിരവധി നാടകങ്ങൾ  ആസ്വാദകർക്ക്  സമ്മാനിച്ച കേരളത്തിലെ പ്രശസ്ത നാടക സംഘമായ 'ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയ്യറ്ററിൻ്റെ  ഏറ്റവും പുതിയ നാടകമായ 'കുഹൂ' മുംബൈയിൽ അവതരിപ്പിക്കുന്നു. ജീവകാരുണ്യപ്രവർത്തനത്തിൻ്റെ ഭാഗമായി ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകം  മാർച്ച് 28ന്, (ശനി) വൈകുന്നേരം 7 മണിക്ക് കല്യാൺ വെസ്‌റ്റിലുള്ള കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിലും, മാർച്ച് 29ന് ( ഞായർ)വൈകുന്നേരം 7 മണിക്ക് സിഡ്കോ എക്സിബിഷൻ സെൻ്റർ വാഷിയിലും അരങ്ങേറും. 

.ഇന്ത്യയുടെ ചരിത്രത്തിന് നെടുകെയും കുറുകെയും 'കൂ...കി' കൊണ്ട് പായുന്ന ഒരു ട്രെയിനിനെ കേന്ദ്രകഥാപാത്രമാക്കി ആവിഷ്‌ക്കരിച്ച ഈ നാടകം അതിൻ്റെ കാലികപ്രസക്തിയും അവതരണമികവുംകൊണ്ട് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.അവതരിപ്പിച്ച വേദികളിൽനിന്നെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ്‌ സംവിധായകൻ അരുൺലാലും സംഘവും മുംബൈയിലെത്തുന്നത്.

ഇൻ്റർനാഷണൽ തിയ്യറ്റർ ഫെസ്റ്റിവെൽ ഓഫ് കേരള, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി തിയേറ്റർ ഫെസ്റ്റിവൽ അടക്കം നിരവധി വേദികളിൽ അവതരിപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന കു..ഹു  നിർമ്മിച്ചത്  പ്രശസ്‌ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിൻ്റെ പ്രകാശ്‌രാജ് ഫൗണ്ടേഷൻ ആണ്.

നാടകകലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും, അതോടൊപ്പം ദുരിതമനുഭവിക്കുന്ന പഴയകാല നാടക കലാകാരന്മാർക്ക് ഒരു കൈത്താങ്ങാവാനുമാണ് ഈ അവതരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും എല്ലാ നാടകസ്നേഹികളുടെയും സഹകരണം ഇതിനാവശ്യമാണെന്നും സംഘാടകരായ 'കേരളീയ കേന്ദ്ര സംഘടന' അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ  മലയാളി കൂട്ടായ്മയായ ഡോംബിവ്‌ലി കേരളസമാജവും  ഈ ഉദ്യമത്തിൽ KKSനോടൊപ്പം സഹകരിക്കുന്നുണ്ട്.

വിവരങ്ങൾക്ക്: 9920045387/9833074099