ട്രെയിൻ യാത്രയ്ക്കിടെ മാനസിക വെല്ലുവിളി നേരിട്ട മലയാളി യുവാവിനെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കയച്ചു

ട്രെയിൻ യാത്രയ്ക്കിടെ  മാനസിക വെല്ലുവിളി നേരിട്ട മലയാളി യുവാവിനെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കയച്ചു

മുംബൈ: എറണാകുളം- ഡൽഹി  ട്രെയിനിൽ  യാത്ര ചെയ്യുന്നതിനിടെ മാനസിക പ്രശ്‌നം അനുഭപ്പെട്ടതിനെ  തുടർന്ന്  മഹാരാഷ്ട്രയിലെ  ചന്ദ്രാപ്പൂർ സിവിൽ  ഹോസ്പിറ്റലിൽ റെയിൽവേ പോലീസ്  ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി സാദിഖിനെ (33) ചന്ദ്രാപ്പൂർ കേരള സമാജം പ്രതിനിധികളുടെ സഹായത്തോടെ  സ്വദേശമായ  പൊന്നാനി-എടപ്പാളിലേക്ക് ആംബുലൻസ് മാർഗ്ഗം ഇന്ന് നാട്ടിലേക്ക്  യാത്രയാക്കി. 

 റെയിൽവേ പോലീസ്  ഉദ്യോഗസ്ഥർ  പലതവണ  ആവശ്യപ്പെട്ടിട്ടും സാദിഖിനെ  കൊണ്ടു പോകാൻ  ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ദ്രാപ്പൂർ കേരള സമാജം പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്.

സാദിഖിൻ്റെ  ഉമ്മ ഫാത്തിമയുടെ (60) നിസ്സഹായാവസ്ഥയും അപേക്ഷയും പരിഗണിച്ച് കൊങ്കൺ യാത്രാവേദി- ഹെല്പ് ഡെസ്ക്ക് കൂട്ടായ്മയുടെ  നേതൃത്വത്തിൽ  എടപ്പാളിൽ നിന്നും  ആംബുലൻസും രണ്ട് ജീവകാരുണ്യ പ്രവർത്തകരേയും വിളിച്ചു വരുത്തിയാണ് സാദിഖിനെ ഏറ്റുവാങ്ങി എടപ്പാളിലേക്ക് കൊണ്ടുപോയത്.

റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം കൊങ്കൺ യാത്രാവേദി ഗ്രൂപ്പംഗങ്ങളായ ശിവൻകുട്ടി,കൊളാബ മലയാളി സമാജം പ്രതിനിധി ഹാരീസ്, ചന്ദ്രാപ്പൂർ കേരള സമാജം പ്രസിഡന്റ് ഷാജി ജോൺ മറ്റ് പ്രവർത്തകർ  കൊങ്കൺ യാത്രാവേദിയിലെ  അംഗങ്ങൾ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടൽ  ഈ വിഷയത്തിൽ ഉണ്ടായതായി ചന്ദ്രാപ്പൂർ കേരള സമാജം ഭാരവാഹികൾ അറിയിച്ചു.