അമ്മയുടുപ്പ് (കവിത)

അമ്മയുടുപ്പ് (കവിത)

രുട്ടുപുതച്ചൊരു നെടുവീർപ്പ്

പടിയിറങ്ങിപ്പോകുമ്പോൾ

ചോദ്യത്തേറ്റകളേൽപ്പിച്ച

പൊള്ളലിനെ നിങ്ങൾക്കെങ്ങനെ

അറിയാനെന്നവൾ

വിതുമ്പുന്നു.

പകലുടുത്ത് അവളെവിടെപ്പോകാനാണ്?

കുഞ്ഞുവിരൽ ചായംപതിക്കാത്ത ചുവരുകൾക്കവളെ

അറിയാനാവുന്നുണ്ട്. 

അവരുടെ

കിനാവിലൊരു 

കാൽത്തള

കിലുങ്ങുന്നുണ്ട്,

പൂവിരലുകൾ തപ്പുകൊട്ടുന്നുണ്ട്,

കുഞ്ഞിക്കാല് പിച്ചവെക്കുന്നുണ്ട്.

അമ്മയുടുപ്പിന്

ഇനിയും പാകമാകാത്ത

പാഴുടലെന്നവൾ 

അനപത്യതയുടെ നീണ്ട

വത്സരങ്ങളെ മൊഴിമാറ്റാൻ

തുടങ്ങുന്നു.

പിറവിയെത്താത്ത 

ഭ്രൂണങ്ങളവളെ

അമ്മേയെന്ന് ലാളിക്കുന്നു

കാലം പെയ്യുന്നു...

കനവൊളിക്കുന്നു...!