നഗരസാഹിതി 2025 – സെപ്തംബര്‍ 28ന് മാട്ടുംഗയില്‍

മുംബൈ: സാഹിത്യത്തിലെ പ്രമേയ കല്‍പ്പനകളും, ആഖ്യാന കലയും ഭാഷാ ഘടനയും ഒക്കെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് , മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരും , പുതിയ തലമുറയില്‍ പ്പെട്ടവരും എഴുത്തില്‍ എങ്ങനെ സ്വയം പരിണാമ വിധേയര്‍ ആകുന്നു , എന്നു സ്വന്തം കൃതികളിലൂടെ സംവദിക്കുന്ന ഒരു അവസരം മുംബൈ സാഹിത്യ വേദിയും, ബോംബെ കേരളീയ സമാജവും ചേര്‍ന്ന് ഒരുക്കുന്നു. “ നഗരസാഹിതി -2025” എന്ന പേരില്‍ സെപ്തംബര്‍ 28 ഞായറാഴ്ച രാവിലെ മാട്ടുംഗയിലെ ബോംബെ കേരള സമാജം നവതിഹാളിൽ നടക്കുന്ന പരിപാടിയില്‍ 'വി ടി ഗോപാലകൃഷ്ണന്‍ സ്‌മാരക പുരസ്കാര' ജേതാക്കള്‍ അവരുടെ പുതിയ രചനകള്‍ അവതരിപ്പിക്കുന്നു.മുംബൈ പ്രസിദ്ധീകരണങ്ങളിലും , കേരളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലേയും ഇവരുടെ രചനകള്‍ നേരിട്ടു കേള്‍ക്കുവാന്‍ എല്ലാ സാഹിത്യപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യ വേദി കണ്‍വീനര്‍ കെ പി വിനയന്‍ അറിയിച്ചു.
മുംബൈ നഗരത്തിൽ ജനിച്ചു വളരുകയും ഇംഗ്ലീഷില്‍ രചനകൾ നടത്തുകയും ചെയ്യുന്ന പുതിയ തലമുറയില്‍പെട്ട മലയാളി പ്രതിഭകളും സ്വന്തം കൃതികള്‍ അവതരിപ്പിക്കുന്നു എന്നതാണ് “ നഗരസാഹിതി-2025’” ന്‍റെ സവിശേഷത . നമ്മുടെ പ്രതിഭകള്‍ ഇംഗ്ലീഷില്‍ മികച്ച എഴുത്തുകാരായി മാറുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പരിപാടി.മുംബൈ നഗരത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഉണ്ടായ വലിയ മാറ്റങ്ങള്‍ , ഇവിടത്തെ സാമൂഹ്യ ജീവിതത്തെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. നഗരത്തിലെ പുതിയ സാഹചര്യങ്ങളും , അനുഭവങ്ങളും സര്‍ഗ്ഗ രചനകളില്‍ നവീനമായ രീതിയില്‍ സ്വാംശീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രകടമാകുന്ന രചനകള്‍ ആസ്വദിക്കുന്നതിനുവേണ്ടിയാണ് സാഹിത്യ പ്രേമികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നത്.57 വര്‍ഷമായി മുംബൈ നഗരത്തിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു വരുന്ന മുംബൈ സാഹിത്യ വേദി , മലയാള സാഹിത്യ രംഗത്ത് നടക്കുന്ന ഏറ്റവും തുറന്ന സര്‍ഗ്ഗ വിമര്‍ശന വേദി എന്നു പരക്കെ അംഗീകരിക്കപ്പെട്ട ഇടം കൂടിയാണ് . രചനകളെ ഇഴകീറി പരിശോധിക്കുകയും വിമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന വേദി എഴുത്തുകാര്‍ക്ക് കൃതികള്‍ അവതരിപ്പിക്കുവാനും സ്വയം നവീകരിക്കുവാനുമുള്ള അവസരം നല്കുന്നു . ഔപചാരിക അംഗത്വമൊ വരിസംഖ്യയോ , എഴുതപ്പെട്ട നിയമാവലിയോ ഫണ്ടോ ഇല്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യത്തിന് ഈടുറ്റ രചനകള്‍ നല്കാന്‍ ഇവിടുത്തെ എഴുത്തുകാര്‍ക്ക് പ്രചോദനം നല്കുന്നു . രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങി ഉച്ചയ്ക്ക് ഒന്നര മണിക്ക് അവസാനിക്കുന്ന രീതിയില്‍ , സമയ ക്ലിപ്തത പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ബികെഎസ് ഭാരവാഹികളും പ്രത്യേകം അറിയിച്ചു .