നൃശംസ മീ ലോകം (കവിത)

എന്റെ മനസ്സ് ചില്ലുപാത്രത്തിലാണ്!
ഹൃദയമാണെങ്കിൽ വാൾമുനമ്പിലാണ്.
നിലാവു പെയ്യുമ്പോളും ചുട്ടുപൊള്ളുന്നകത്തളം.
പൊള്ളിച്ചു പൊള്ളിച്ചു തീകട്ടയായി,
പൂവുകൾ തല്ലിക്കൊഴിച്ചു.
പുതുനാമ്പുകൾ നുള്ളിക്കളഞ്ഞു.
പാശവും പേറി.. അട്ടഹാസം പൂണ്ടു നിൽപ്പവർ,
നായയെപ്പോലെ കുരച്ചുകൊണ്ടേ
കലികാല സന്തതികൾ.
ജീവിക്കാനാവില്ല
എന്നെനിക്കിന്ന് തോന്നി,
പോയേക്കാം,
ഉലകുവിട്ടീ ഭുവനവും
ഭവനവും വിട്ട്.
പെറ്റുനോവിൻ സുഖമറിഞ്ഞു,
കർമ്മകാണ്ഠത്തിൻ ഉരുക്കഴിച്ചാലും
അമ്മയായി ജന്മം പൂർണമായി...
ഇനി അല്പം ബാക്കിയെന്നിൽ കണ്ണുനീർ മാത്രം!
തിരിച്ചെടുക്കാനൊന്നുമില്ലവെറും-
കൈയുമായി മടക്കമെങ്കിലും
സംതൃപ്തി മാത്രം ഉള്ളിലേറെ...
ആത്മ ഹർഷത്തിന്റെ ഉന്മാദനൃത്തവും
ഉള്ളം തുറന്നുള്ള
പ്രണവമന്ത്രങ്ങളും..!
വരൂ...
ഞാനിവിടെയീകാന്ത
വീഥിയിൽ മൗനമായി നിൽക്കട്ടെ ഇത്തിരി നേരം...
കഠിനമാം ചൂടിനാലുരുകട്ടെ മെഴുക് പോൽ,
കത്തി പറക്കട്ടെ ചാരമായി ഞാനും..
ഹൃദയം വെറും ചോരയും മാംസവും,
തിന്നാം ശവം തീനി ജന്തുക്കൾക്കെറ്റം.
എന്താണ് എന്നുള്ളിലെന്താണ് കാര്യം?
കണ്ണുവേണ്ട, കാത് തീരെ വേണ്ടാ, നാക്കുവേണ്ട,
നിന്നെ അറിയ വേണ്ടാ,കാലുവേണ്ടാ,
കൈയിൽ വേല വേണ്ട,
ഇന്ന് വേണ്ടതോ?
പാരതന്ത്ര്യത്തിന്റെ വിങ്ങലറിയാത്ത
സ്വാതന്ത്ര്യ മുറവിളിയും..കുടില തന്ത്രവും
കുലടയും കൂട്ടവും കൂക്കി വിളിക്കുന്ന കാലവും..
വിപരീത ബുദ്ധിയും വിനാശ കാലവും..
സംഭവാമിയുഗേ യുഗേ..!!!!