പെണ്ണില്ലാത്ത വീട്

പെണ്ണില്ലാവീട്ടിന്നടുക്കളയിൽ
മുമ്പൊന്നുമില്ലാത്ത മൂകതാളം
ശൂന്യത, സാന്ദ്രശ്രുതിയിൽ മൂളും-
ശോകരാഗങ്ങൾതൻ മേളനമായ്.
കണ്ണാടി, കാത്തുമുഷിഞ്ഞുപോലും
തന്നെനോക്കാനെത്തും-
പെണ്ണില്ലാതെ!
പാദസരസ്വരം കേൾക്കാതെയാ
പൈക്കിടാവിൻതേങ്ങൽ പൊങ്ങിടുന്നൂ.
കോലായയയിലെ വർണ്ണങ്ങളും
കൈവളത്താളത്തെ കാതോർക്കയായ്.
ചേലയെച്ചുറ്റിക്കടന്നുപോകും-
കാറ്റിന്നു കാര്യം മനസിലായി;
നാലുനാളായിട്ടും മാറ്റമേതും-
കാണാത്തുണികളുലഞ്ഞിടുന്നൂ.
കുങ്കുമച്ചെപ്പുമാ പൊട്ടുപെട്ടീം
അന്യോന്യമോതീ പരിഭവങ്ങൾ!
കൽച്ചീളു പാകിയിരുന്ന മുറ്റം
മണ്ണുമിലയുമണിഞ്ഞഴുക്കായ്.
ചെത്തി,ചേമന്തികൾ ചത്തുവീഴ്കെ
ഇത്തിരി നീരിനായ് നാവു നീട്ടീ.
അസ്തമിയ്ക്കുംമുമ്പിലയ്ക്കു മുത്തം
നൽകാൻ വരുന്ന ചെമ്പൊന്നുവെട്ടം
തെല്ലിട മിന്നിയവിടെ നിന്നൂ
യാത്രയായൊന്നും പറഞ്ഞിടാതേ!
ജ്വാലനീട്ടാൻ വിരൽ തേടി, ദീപം
നാലിറയത്തൂടലഞ്ഞു, ദൈവം
വന്നില്ലവിടുത്തെ ലക്ഷ്മി,വീട്ടിൽ
ഉള്ളകം തേങ്ങുന്ന പല്ലവികൾ!
പെണ്ണില്ലാ വീട്ടിലെ അന്ധകാരം
മാറില്ല ദീപം തെളിച്ചീടിലും.
വീടായാൽ ശ്രീയേകാൻ പെണ്ണുവേണം
അവളില്ലാ വീടൊരു വീടാകുമോ?