എ.അയ്യപ്പന്‍ - സ്മരണാഞ്ജലി

എ.അയ്യപ്പന്‍ - സ്മരണാഞ്ജലി

"കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ

ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..

മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന

അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍

എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..

ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..

അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..

അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു

ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം…"

എ. അയ്യപ്പന്‍. വിലാസം- സ്റ്റാച്യു ജംഗ്ഷന്‍, തിരുവനന്തപുരം  ഈ വിലാസത്തിലെ ആളില്ലാതായിട്ട് ഇന്ന് പതിനഞ്ചുവർഷം .ജീവിതത്തിനു ചുറ്റും മാളമില്ലാത്ത പാമ്പു കണക്കെ ലഹരിയുടെ പക്ഷികൾ കൊത്തിത്തീർത്ത കരളുമായി, തെറ്റിയോടുന്ന സെക്കന്റ് സൂചി പോലെ നടന്ന്,അടുക്കും ചിട്ടയുമില്ലാത്ത ജീവിതം കൊണ്ട് കവിതയെഴുതിയ 'ദരിദ്രസഞ്ചാരി '!. മലയാള കാവ്യലോകത്തിന്  തികച്ചും അപരിചിതമായൊരു ജീവിതംകൊണ്ട് കാവ്യാസ്വാദകരെ കൗതുകപ്പെടുത്തിയ കവി. പൊതുവെ ഉദ്യോഗസ്ഥരും സമ്പന്നരും മാത്രം വിഹരിക്കുന്ന മലയാള കവിതാ ലോകത്ത് കവിവരേണ്യരുടെ മുഖം സദാ ചുളിപ്പിച്ചുകൊണ്ട് എഴുതി ജീവിച്ചു. 

"രണ്ടുച്ചികളുെണ്ടന്റെ ശിരസ്സില്‍

ഇരുന്നു വാഴണം

അല്ലെങ്കില്‍ ഞാന്‍ ഇരന്നുവാങ്ങണം....

ഇരുന്നു വാഴണം ജാതകത്തില്‍...." എന്നിങ്ങനെ സ്വജീവിതത്തെ ലഹരിപുരണ്ട മഷികൊണ്ട് അടയാളപ്പെടുത്തിഅയ്യപ്പൻ .ആരുടെയും പരിഗണനകളെ അദ്ദേഹം ഗൗനിച്ചില്ല.അനാഥവും അരക്ഷിതവുമായ ബാല്യത്തിലൂടെ വളർന്ന് തനിക്ക് ചുറ്റുമുള്ള ലോകത്തെ കാവ്യപ്രപഞ്ചമാക്കി . പൊതുധാരയോട് സമരസപ്പെടാതെ  കവിതകളിലൂടെ   നൈരന്തര്യമായി  കലഹിച്ചുകൊണ്ട്   അദ്ദേഹംജീവിതം ജീവിച്ചുതീർത്ത്. അർദ്ധബോധാവസ്ഥയിൽ കണ്ടലോകത്തെ അർത്ഥപൂർണ്ണമായി വരികളിലൂടെ വരച്ചുകൊണ്ടിരുന്നു.ഒടുവിൽ കവിതകൾ ബാക്കിവെച്ച്‌ കവിമാത്രം യാത്രയായി !

  ഒരിക്കലെ  തൊട്ട് കേട്ടുള്ളുവെങ്കിലും 'കരളു പങ്കിടാന്‍ വയ്യെന്റെ പ്രേമമേ..പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍..!' ..ഒരു മുഴക്കമായി  ഇപ്പോഴും കാതുകളിലുണ്ട്! !!പ്രിയകവിയ്ക്ക് സ്മരണാഞ്ജലി !

(ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. തൻറെ കവിതകളെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഒരു കവിത കുറിച്ചു: "ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു  പങ്കുവയ്ക്കുന്നു.")