വിൽക്കാനുണ്ട് വിരലുകൾ (കവിത)

വിൽക്കാനുണ്ട് വിരലുകൾ (കവിത)

 ഇടതും വലതുമായ വിശിഷ്ട വിരലുകൾ വിൽപ്പനയ്ക്ക്. 

വിനയും വിലയും കുറഞ്ഞ വിശ്വസ്ത വിരലുകൾ. 

പിയാനോയിൽ നൃത്തമാടും, 

വാദ്യസുഷിരങ്ങളിൽ ഇടയഗീതമുണർത്തും,

നാരീശരീരത്തിൽ നിന്നും നാക ശാരീരമുയർത്തും,

വിവേകത്തോടെ വികാരങ്ങളെ വിവർത്തനം ചെയ്യും,

വിപ്രലംഭകാവ്യങ്ങളെഴുതും, 

വിവിധ വർണങ്ങളാൽ വിസ്മയ ചിത്രങ്ങളെഴുതും, 

വിപ്ലവകാലത്ത് മുഷ്ടിയുയർത്തിവിജിഗീഷുവാകും.

ജന്മപാപങ്ങളും കർമ്മപാപങ്ങളും...

ആശീർവ്വാദവിലരുകളാൽ വിശുദ്ധീകരിക്കും,

ഏതവസ്ഥയിലും വിധേയരായി കൂടെ നിൽക്കും.  

ദക്ഷിണയായ് ഗുരുവിന് പെരുവിരൽ ദാനം ചെയ്യും,

ഇടതു ചൂണ്ടുവിരലിൽ സമ്മതിദാന ചാപ്പകുത്തും.

 വലതു ചൂണ്ടുവിരലാൽ ചോദ്യമെറിയും.    

 നടുവിരലാൽ നാട്യമുദ്രകൾ കാട്ടും.

 മോതിരവിരലാൽ മോഹഹൃദയങ്ങളെ മാസ്മരികതയിലാക്കും, 

ചെറുവിരൽ കൊണ്ടും ചെറുത്തു നിൽക്കും. 

എല്ലാം, പെരുവിരലഗ്രത്തിൽ നിണം പുരട്ടി, 

മുദ്ര വെച്ച് സാക്ഷ്യപ്പെടുത്തുന്നു.