"അനുഭവങ്ങൾ അക്ഷരങ്ങളായി" ; രമേശ്‌ചെന്നിത്തലയുടെ ആദ്യ നോവൽ പ്രകാശനം ചെയ്‌തു

"അനുഭവങ്ങൾ അക്ഷരങ്ങളായി" ; രമേശ്‌ചെന്നിത്തലയുടെ ആദ്യ നോവൽ  പ്രകാശനം  ചെയ്‌തു

തിരുവനന്തപുരം: മനുഷ്യർ ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും അനുഭവങ്ങളും ചേർത്തുവെച്ചാണ് 'നിയോഗം' എന്ന നോവൽ താൻ എഴുതിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ കന്നി നോവലിന്‍റെ പ്രകാശനച്ചടങ്ങിലാണ് താൻ എങ്ങനെ ഒരെഴുത്തുകാരനായി എന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചത്. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ടി. പത്മനാഭൻ സംവിധായകൻ ബ്ലെസിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.സംഘർഷങ്ങളും മാനസിക പിരിമുറുക്കങ്ങളും മനുഷ്യർ അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. എല്ലാ മനുഷ്യരും സംഘർഷങ്ങൾ നേരിടുന്നുണ്ട്; അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മാത്രം. താൻ കണ്ടുമുട്ടിയ വ്യക്തികൾ, സംഭവങ്ങൾ, നേരിടേണ്ടിവന്ന സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം എഴുത്തിനെ സ്വാധീനിച്ചു. ശക്തരായ സ്ത്രീകളുടെ വികാരവിചാരങ്ങളാണ് നോവലിന്‍റെ ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയിലെ ഷിക്കാഗോയിലും കേരളത്തിൽ ഒറ്റപ്പാലത്തുമായാണ് കഥ മുന്നോട്ടുപോകുന്നത്. രണ്ടു സംസ്കാരങ്ങളുടെ സംഗമത്തിന് കൂടി നോവൽ വഴിയൊരുക്കുന്നുണ്ട്. നോവൽ എഴുതണമെന്നത് പൊടുന്നനെയുണ്ടായ ആഗ്രഹമല്ല. കുറേ നാളുകളായി മനസ്സിൽ തളംകെട്ടിക്കിടന്ന കഥയാണിത്. ആശയത്തെ വാക്കുകളാക്കുന്നതിന് വളരെയേറെ കടമ്പകൾ കടക്കണം. എഴുതാൻ സമയം കിട്ടിയിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. കഥയായി എഴുതാനാണ് ആഗ്രഹിച്ചതെങ്കിലും എഴുതിയപ്പോൾ അത് നോവലായി മാറി. ഇത് പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കായംകുളം രാജാവിന്‍റെ കാലം മുതലുള്ള അപ്പർ കുട്ടനാടിന്‍റെയും ഓണാട്ടുകരയുടെയും ചരിത്രം പറയുന്ന നോവലെഴുതാൻ താൻ തുടക്കമിട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആശംസകൾ നേർന്ന് ടി. പത്മനാഭൻ

രമേശ് ചെന്നിത്തലയ്ക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നതായി പുസ്തക പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ടി. പത്മനാഭൻ പറഞ്ഞു. ഷിക്കാഗോയിൽ മൂന്നു മാസവും ഒറ്റപ്പാലത്ത് നാലു ദിവസവും താൻ താമസിച്ചിട്ടുണ്ട്. പണമില്ലാതെ ഭാര്യയുമൊത്ത് ഷിക്കാഗോയിൽ വിമാനമിറങ്ങിയതും, കുറച്ചകലെയുള്ള സ്ഥലത്തേക്ക് പോകേണ്ടിയിരുന്ന തങ്ങളെ സഹായിക്കാൻ ഒരു അമേരിക്കൻ പൗരൻ മുന്നോട്ടുവന്നതും പത്മനാഭൻ ഓർത്തെടുത്തു.

"പണം നൽകി തങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ഞങ്ങൾക്കായി വാഹനം അന്വേഷിച്ച് അദ്ദേഹം ഓടിനടന്നു. പല ടാക്സിക്കാരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ ഒരാൾ സമ്മതിച്ചു. കാറിലെ യാത്രയിലുടനീളം ഡ്രൈവറുമായി സംസാരിച്ചു. എവിടെനിന്നാണെന്ന് തിരക്കിയപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന് മറുപടി നൽകി.അല്പനേരത്തെ മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞത് 'ഇന്ത്യ, ഗാന്ധി' എന്നാണ്. അത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും ഈ സ്ഥലങ്ങളെ ആസ്പദമാക്കി ഒരു കഥ പോലും താൻ എഴുതിയില്ല. ഷിക്കാഗോ പ്രമേയമാക്കി നോവലെഴുതിയ രമേശ് ചെന്നിത്തലയോട് അസൂയ തോന്നുന്നെന്നും പത്മനാഭൻ പറഞ്ഞു.ചടങ്ങിനെത്തിയ സംവിധായകൻ ബ്ലെസിയെ അഭിനന്ദിക്കാനും പത്മനാഭൻ മറന്നില്ല. 'കാഴ്ച' സിനിമ തനിക്ക് നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്നും അതിലെ പല രംഗങ്ങളും ഹൃദയസ്പർശിയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായ ചടങ്ങിൽ സാഹിത്യ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.