പ്രശസ്‌ത മോഹിനിയാട്ടം നർത്തകി ഡോ.നീന പ്രസാദ് 'ദേവയാനി'യുടെ കഥയുമായി മുംബൈയിൽ

പ്രശസ്‌ത മോഹിനിയാട്ടം നർത്തകി ഡോ.നീന പ്രസാദ് 'ദേവയാനി'യുടെ കഥയുമായി മുംബൈയിൽ

മുംബൈ : ധ്വനി സ്പേസ് ഓഫ് ഡാൻസ് സ്കൂൾ - താനെ, ഇപ്റ്റ കേരള മുംബൈ ഘടകവുമായിചേർന്ന്  താനെ- ഉപവൻ ആംഫി തിയേറ്ററിൽ ഒരുക്കുന്ന വേദിയിൽ  പ്രശസ്‌ത  നര്‍ത്തകി  ഡോ. നീനപ്രസാദ്, ദേവയാനിയുടെ കഥയെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടം നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കും.

മാർച്ച് 21 ന് വൈകിട്ട് 6.59 ന് , പ്രണയവും വിരഹവും കാമനകളും കാലവും കവിതയും ഇഴയടുപ്പത്തോടെ മിഴിവാർന്ന് നിൽക്കുന്ന 'ദേവയാനി'യെന്ന പുരാണ കഥാപാത്രത്തെ പുതിയ കാലത്തിൻ്റെ ചൂരും ചൂടും ചേർത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്  നീന പ്രസാദ്.

ഒരു ബാലികയുടെ നിർമലമായ മനസ്സിൽ ആരംഭിക്കുന്ന രാജകുമാരിയുടെ ജീവിതയാത്ര, കാലത്തിന്റെ പ്രവാഹത്തിൽ വളർച്ചയുടെ ഓരോ പടിയിലും അവൾ എടുത്ത തീരുമാനങ്ങളുടെയും പിടിവാശികളുടെയും വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്നു. ചിലപ്പോൾ ആഗ്രഹങ്ങളും പിടി വാശികളും ചേർന്ന് മനുഷ്യഹൃദയം തിരഞ്ഞെടുക്കുന്ന വഴികൾ എത്രത്തോളം അനിശ്ചിതത്വത്തിലേക്കും വേദനയിലേക്കും നയിക്കാമെന്നതിന്റെ ആഴമുള്ള നേർക്കാഴ്ചയാണ് ഈ അവതരണം കലാസ്വാദകരുമായി പങ്കുവെക്കുന്നത്.


കചനോടുള്ള നിർമലമായ പ്രണയം, പിന്നീട് ശർമ്മിഷ്ഠയെ വിവാഹം കഴിക്കാനെത്തുന്ന യയാതിയെ സ്വന്തം ജീവിതത്തിലേക്ക് ചേർത്തുവെക്കാനുള്ള  ഉറച്ച മനസ്സ്, എന്നിവയൊക്കെ ചേർന്ന് ദേവയാനിയുടെ കഥ, പ്രണയവും വിരഹവും വേദനയും നഷ്ടങ്ങളും നിറഞ്ഞ ഒരു സ്ത്രീജീവിതത്തിന്റെ ഗഹനമായ കഥയായി മാറുന്നു.മോഹിനിയാട്ടത്തിന്റെ ലാളിത്യവും സുന്ദരമായ ഭാവാഭിനയവും ചേർന്നു, മനുഷ്യഹൃദയത്തിന്റെ ആഗ്രഹങ്ങളും അസ്വസ്ഥതകളും തകർച്ചകളും നിറഞ്ഞ ഈ കഥയെ നീനാ പ്രസാദ് വേദിയിൽ സജീവമാക്കുമ്പോൾ, ദേവയാനിയുടെ ജീവിതയാത്ര മുംബൈ കലാലോകത്തിന്  മുന്നിൽ ഒരു അവിസ്മരണാനുഭവമായി മാറും.പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും ജീവിതത്തിന്റെ അനിശ്ചിതത്വവും ഒത്തുചേരുന്ന  ആവിഷ്കാരത്തിലൂടെ, 'ദേവയാനി' സഹൃദയരെ സ്പർശിക്കുന്ന ഒരു കലാനുഭവമായി മാറും. മോഹിനിയാട്ടത്തിന്റെ ലാളിത്യവും ഭാവസൗന്ദര്യവും ചേർന്ന് ഈ കഥ  വേദിയിൽ നിറഞ്ഞാടുമ്പോൾ, ദേവയാനിയുടെ ജീവിതം നമുക്ക് മുന്നിൽ ചില ചോദ്യങ്ങൾ കൂടി അവശേഷിപ്പിക്കും.

ഇതാദ്യമായാണ് നീന പ്രസാദ് ദേവയാനിയെ മുംബൈയിൽ അവതരിപ്പിക്കുന്നത്. 'നീനാ മോഹനം' എന്ന നൃത്തസന്ധ്യ അരങ്ങേറുന്നത്, നിരവധി പ്രശസ്തങ്ങളായ നൃത്ത അവതരണങ്ങൾക്ക് വേദിയായ ആംഫി തിയ്യറ്ററിലാണ്. വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിന് ഉപരിയായി അവർ  കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങൾ നൽകി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +91 86523 52427


ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു സംഗീത നാടക അക്കാദമി അവാർഡ് ഡോ. നീന പ്രസാദിന് സമ്മാനിക്കുന്നു=2023