പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു

പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു

എറണാകുളം : പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ (80) അന്തരിച്ചു. എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന  അദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏലം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായ അദ്ദേഹം ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ ,  കഥാകൃത്ത്, നടന്‍,  ഗാന്ധിയന്‍   എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രസിദ്ധനാണ്. കേരളീയ സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാഹിത്യകാരനാണ് അദ്ദേഹം. 

 കണ്ണൂര്‍ സ്വദേശിയായ   അദ്ദേഹം എട്ടു വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. 1974ല്‍ ഏലം ബോര്‍ഡില്‍ (ഇപ്പോൾ സ്പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ചേര്‍ന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹത്തിൻ്റെ രചനയാണ്.

ഗാന്ധിയന്‍ സര്‍വോദയ നേതാക്കളായിരുന്ന പ്രൊഫ. എം.പി. മന്മഥൻ്റേയും പ്രൊഫ. ജി. കുമാരപിള്ളയുടെയും നേതൃത്വത്തില്‍ നടന്നിരുന്ന മദ്യവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. ‘ലഹരിക്കെതിരെ ലഹരി’ എന്ന ബോധവല്‍ക്കരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷനിലെ അംഗമായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലാ ഗാന്ധി ചെയറിൻ്റെ ആദരം ലഭിച്ചിരുന്നു. ഗാന്ധിയന്‍ ആശയപ്രചാരണ പ്രവര്‍ത്തനങ്ങളെ മാനിച്ച് കൊല്‍ക്കത്തയിലെ ‘വാക്’ എന്ന സംഘടനയുടെ പുരസ്കാരവും തേടിയെത്തി.

‘അറിയൂ ഗാന്ധിജിയെ’ എന്ന പുസ്തകം കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതാണെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകളിലൊന്നാണ്. സൈലൻ്റ് വാലി സമരകാലത്തും (1980) തുടര്‍ന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനായി പ്രകൃതിവന്ദനം, ഇലയും മരവും കാടും, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി, ഭൂമിയുടെ നാവ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവൽക്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു. ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന കവിത-കഥ ക്ലാസുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണ സ്ഥാപനത്തിൻ്റെ ഉടമ കൂടിയാണ് അദ്ദേഹം. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. നളിനിയാണ് ഭാര്യ.