സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം മുംബൈ- ജഹാംഗീർ ആർട്ട്ഗ്യാലറിയിൽ ഡിസംബർ15 മുതൽ

മുംബൈ:  ആർട്ടിസ്റ്റ് സജില പെരളശ്ശേരിയുടെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗീർ ആർട്ട്ഗ്യാലറിയിൽ ഡിസംബർ15 മുതൽ 21 വരെ നടക്കും. പ്രമുഖ സാമൂഹ്യ പ്രവർത്തകനും 'വേൾഡ്‌മലയാളി ഫെഡറേഷൻ (മഹാപ്രവാസി മലയാളിഫെഡറേഷൻ ) മഹാരാഷ്ട്രാ കൗൺസിൽ പ്രസിഡന്റും  ചാ൦സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ.റോയ്ജോൺ മാത്യു മുഖ്യാതിഥിയാകുന്ന ഉദ്‌ഘാടനച്ചടങ്ങിൽ സുരേന്ദ്രബാബു(എഡിറ്റർ -മുംബൈജാലകം )പ്രിയവർഗ്ഗീസ് (സെക്രട്ടറി- കെയർ ഫോർ മുംബൈ)  ജെയിംസ് മണലോടി(ചിത്രകാരൻ- കാർട്ടൂണിസ്റ്റ് )എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

കേരളത്തിൻ്റെ വിവിധഭാഗങ്ങളിലും  ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെയായിനിരവധി സോളോ& ഗ്രൂപ്പ് ചിത്രപ്രദർശനങ്ങളിലും, ചിത്രകലാക്യാമ്പുകളിലും പങ്കെടുത്ത  സജില പെരളശ്ശേരിആദ്യമായാണ് തൻ്റെ പെയിന്റിംഗുകളുമായി മുംബൈയിലെത്തുന്നത് .'ബിയോണ്ട് സ്റ്റിൽനെസ്സ്' (Beyond Stillnes )എന്ന് നാമകരണം ചെയ്‌തിട്ടുള്ള പ്രദർശനത്തിൽ ചെറുതും വലുതുമായ മുപ്പതോളം ചിത്രങ്ങളാണ് കലാസ്വാദകർക്കായി ഒരുക്കുന്നത് .ഇതിൽ ഭൂരിഭാഗവും ആക്രിലിക്ക് മാധ്യമം ഉപയോഗിച്ചുചെയ്‌ത നൈഫ് (Palette Knife Landscape)പെയിന്റിംഗുകളാണ്.വാട്ടർകളർ,പെൻസിൽ ,പെൻ ,ഓയിൽ പെയിൻറിംഗ് ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് .കഴിഞ്ഞകാല പ്രദർശനങ്ങളിൽ  സജിലയുടെ അമൂർത്ത (Abstract) രചനകൾ ഏറെ  ആസ്വാദക  ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

ചെറുപ്പംമുതൽ കണ്ടുവളർന്ന തൻ്റെ ഗ്രാമത്തിൻ്റെ പ്രകൃതിഭംഗിയും തെയ്യം-തിറകളിലെ തീക്ഷ്ണവർണ്ണങ്ങളും നെയ്ത്തുകാരനായ മുത്തച്ഛൻ്റെ കരവിരുതിനാൽ തീർത്ത വസ്ത്രങ്ങളിലെ നിറവിന്യാസങ്ങളുമൊക്കെ ചിത്രകലയിലേക്ക് കടന്നുവരാൻ  തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ചിരസ്ഥായിയായ സുഭഗതകൊണ്ട് കണ്ണിനും  മനസ്സിനും അവാച്യമായ അനുഭൂതി പകരുന്ന പ്രകൃതിക്കുള്ള സമർപ്പണം കൂടിയാണ് തൻ്റെ ചിത്രങ്ങളെന്നും സജില പറയുന്നു.പ്രകൃതി തൻ്റെ നിശ്ചലമായ നിറപ്പകിട്ടിലൂടെ നിശബ്ദമായി പറഞ്ഞ കാര്യങ്ങളൊക്കെ ക്യാൻവാസുകളിലൂടെ വാചാലമാക്കാൻശ്രമിക്കുകയാണ് 'ബിയോണ്ട് സ്റ്റിൽനെസ്സ്'എന്ന ചിത്രപ്രദർശനത്തിലൂടെ സജില പെരളശ്ശേരി.

ചരിത്രത്തിലും ചിത്രകലയിലും(കേരള സ്‌കൂൾഓഫ് ആർട്സ് -തലശ്ശേരി )ബിരുദമുള്ള സജില തലശ്ശേരി ,പാനൂരിലെ കുത്തുബ്ബിയ ഇംഗ്ലീഷ് മീഡിയം(സിബിഎസ്ഇ ) സ്‌കൂളിലെ ചിത്രകലാധ്യാപികയാണ് .ഭർത്താവ് മധുപള്ളിയത്ത് (കേരള ഇലക്ട്രിസിറ്റി ബോർഡ് ),മക്കൾ :ഐശ്വര്യകല്യാണി (ഗ്രാഫിക്‌ഡിസൈനർ).വിസ്‌മയ കല്യാണി (ബിരുദ വിദ്യാർഥിനി).

ബെസ്റ്റ് ആക്റ്റീവ് ടീച്ചർ അവാർഡ് (NCRT -PUNE / 2023),ബെസ്റ്റ്  ആർട്ട് ടീച്ചർ അവാർഡ് (ഇന്റർനാഷണൽ ആർട്ട് ഫൗണ്ടേഷൻ ചെന്നൈ-2024  )തുടങ്ങീ നിരവധി അംഗീകാരങ്ങളും സജില പെരളശ്ശേരിക്ക്  ലഭിച്ചിട്ടുണ്ട് .